തൊടുപുഴ : തൊടുപുഴയില്‍ വീട്ടമ്മയെ സഹോദരീഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തൊടുപുഴ വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമ (54) യാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് മടക്കത്താനം കൊമ്പനാപ്പറമ്പില്‍ ഷംസുദ്ദീന്‍ (62) ആണ് പ്രതി. ഷംസുദ്ദീനും ഭാര്യയും തമ്മില്‍ രണ്ടു വര്‍ഷമായി അകന്നു കഴിയുകയായിരുന്നു. ഈയിടെ ഭാര്യയെ തിരികെ വിളിക്കാന്‍ ഷംസുദ്ദീന്‍ എത്തിയപ്പോള്‍ ഹലീമ എതിര്‍ത്തു. ഇതാണ് പ്രകോപനത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.
വെങ്ങല്ലൂര്‍ ഗുരു ഐടിസിക്കു സമീപം ഇന്നലെ രാത്രി ഏഴോടെ വെങ്ങല്ലൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ നിന്ന് ഇരട്ട സഹോദരിയുടെ വീട്ടിലേക്ക് ഹലീമ തിരികെ വരുമ്പോള്‍ വഴിയില്‍ കാത്തുനിന്ന ഷംസുദ്ദീന്‍ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. തലയിലും ദേഹത്തും വെട്ടേറ്റ ഇവര്‍ തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറി. തുടര്‍ന്ന് പോലീസെത്തി ഹലീമയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.





























