കാഠ്മണ്ഡു: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബാങ്ക് കെട്ടിടത്തില്‍ നിന്നും അമ്പത് കോടിയോളം മൂല്യമുള്ള സ്വര്‍ണവും രേഖകളും ഒന്നരകോടിയോളം രൂപയും വീണ്ടെടുത്ത് നേപ്പാള്‍ പോലീസ്. ഇവ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. കാര്‍ഷിക വികസന ബാങ്കിന്റെ ത്രിശൂലി ദൂംഗേ ശാഖയില്‍ ലോക്കറില്‍ സൂക്ഷിച്ച വിലപിടിപ്പുള്ള വസ്തുക്കളാണ് നേപ്പാള്‍ പോലീസിന്റെ നേതൃത്വത്തില്‍ മാറ്റിയത്. പ്രളയത്തിൽ ബാങ്ക് കെട്ടിടം പൂർണമായും തകര്‍ന്ന നിലയിലാണ്. എട്ടു മണിക്കോറോളം പണിപ്പെട്ടാണ് പോലീസ് ലോക്കറുകളെല്ലാം പുറത്തെത്തിച്ചത്.
അതേസമയം പ്രളയത്തില്‍ വന്‍ നാശനഷ്ടമുണ്ടായ രാസുവ ജില്ലയിലടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മോര്‍ച്ചറികള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറിന് സമാനമായ കട്ടിയുള്ള ചെളിക്കുണ്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. ഞായറാഴ്ച വന്ന ഔദ്യോഗിക കണക്ക് പ്രകാരം നേപ്പാളിലും ടിബറ്റിലുമായി 804പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.































