തിരുവനന്തപുരം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ മൂന്നുദിവസമായി പ്രദേശത്ത് ഭീഷണിയുയര്‍ത്തിയ മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ വേണ്ടിയാണ് അദ്ദേഹം അവിടെ എത്തിയത്. പാമ്പിനെ പിടികൂടി ചാക്കിനുള്ളില്‍ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേല്‍ക്കുകയായിരുന്നു. വലതുകാലിലെ തുടയിലാണ് പാമ്പ് കടിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.






























