തിരുവനന്തപുരം: സഹോദരനെ നഷ്ടപ്പെട്ട വേദനയാണുള്ളതെന്ന് വി.വി. പ്രകാശിന്റെ വേര്‍പാടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലെ സമര്‍ഥനായ പ്രവര്‍ത്തകനായിരുന്നു. ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്ന വ്യക്തിയായിരുന്നു. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ സംബന്ധിച്ച കാര്യങ്ങള്‍ പ്രകാശുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. പ്രകാശിന്റെ വേര്‍പാട് കോണ്‍ഗ്രസിനും യു.ഡി.എഫിനും കനത്ത നഷ്ടമാണെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാവരുമായി വ്യക്തിബന്ധം സൂക്ഷിക്കുകയും കറകളഞ്ഞ ഗാന്ധിയനുമായിരുന്നു വി.വി. പ്രകാശെന്ന് കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ ടി. സിദ്ദീഖ് ഓര്‍മിച്ചു. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും ഇനി നിയമസഭയില്‍ കാണാമെന്ന് പറഞ്ഞാണ് ഫോണ്‍ സംസാരം അവസാനിപ്പിച്ചത്. അദ്ദേഹത്തിന് അനുശോചനം പറയേണ്ടി വരുമെന്ന് കരുതിയതല്ലെന്നും സിദ്ദീഖ് പറഞ്ഞു.
വി.വി.പ്രകാശിന്റെ വിയോഗം വിശ്വസിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ഒരു പരിപാടിക്ക് വിളിച്ചാല്‍ ബസ് കയറി വരുന്ന പ്രകാശേട്ടന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെല്ലാം മാതൃകയാണ്. കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകരുമായി സംസാരിച്ചപ്പോഴും നിലമ്പൂരില്‍ യു.ഡി.എഫ് വിജയം ഉറപ്പിച്ചതാണെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.