പന്തളം : കനത്തമഴയില്‍ നെല്‍കൃഷിക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ കൃഷി ഉദ്യോഗസ്ഥരെ ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി കടയ്ക്കാട് കൃഷിഭവനില്‍ എത്തിയത്. പന്തളം നഗരസഭയിലെ മങ്ങാരം, ഇയ്യങ്കോട്, കരിങ്കുറ്റിക്കല്‍ തുടങ്ങിയ പാടശേഖരത്തിലെ കര്‍ഷകര്‍ പങ്കെടുത്തു. 60 ഏക്കറിലെ നെല്‍കൃഷി കനത്തമഴയില്‍ വെള്ളംകയറി നശിച്ചു. നിലവില്‍ പാടശേഖരത്തിലെ കെട്ടിക്കിടക്കുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച് അടിച്ചുകളഞ്ഞ് നെല്ല് സംരക്ഷിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. നഗരസഭ പരിധിയില്‍ തന്നെ ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങളാണ് പ്രകൃതിക്ഷോഭം മൂലം നശിക്കുന്നത്.
വിശാലമായ ആലപ്പുഴ പത്തനംതിട്ട ജില്ല പങ്കിടുന്ന കരിങ്ങാലി പാടശേഖരം, തുമ്പമണ്‍ പന്തളം തെക്കേക്കര പഞ്ചായത്തുകള്‍, പന്തളം നഗരസഭ പരിധിയിലെ മാവാര പുഞ്ചയിലെ നെല്‍കൃഷി എന്നിവ പൂര്‍ണമായും വെള്ളത്തിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായുണ്ടായ വെള്ളപ്പൊക്കവും ഇപ്പോള്‍ തുടര്‍ച്ചയായുണ്ടാകുന്ന വേനല്‍മഴയും കര്‍ഷകരുടെ ജീവിതംതന്നെ താളംതെറ്റിച്ചിരിക്കുകയാണ്. കടംവാങ്ങിയും മറ്റും കൃഷിയിറക്കിയ കര്‍ഷകരെയാണ് വേനല്‍മഴ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. കെ.പി ചന്ദ്രശേഖരക്കുറുപ്പ്, പി.വി ജയന്, പാടശേഖരസമിതി പ്രസിഡന്റ് ബാലകൃഷ്ണക്കുറുപ്പ് ,അന്‍സാരി എന്നിവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്കി.






























