Skip to content

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : വായ്പ തിരിച്ചടച്ചാലും PMLA കേസ് ഒഴിവാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് അനധികൃതമായി വായ്പ നേടിയെന്ന് ആരോപിക്കപ്പെടുന്ന കേസിൽ തുക പൂർണമായി തിരിച്ചടച്ചാലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (PMLA) നടപടികളിൽനിന്ന് ഒഴിവാകാനാവില്ലെന്ന് കേരള ഹൈക്കോടതി. വായ്പ തിരിച്ചടച്ച സാഹചര്യത്തിൽ കേസിൽനിന്ന് ഒഴിവാക്കണമെന്നും കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് തൃശൂർ സ്വദേശി എ.ജെ. പോൾസൺ നൽകിയ ഹർജികൾ കോടതി തള്ളി. ജസ്റ്റിസ് ജി. ഗിരീഷാണ് ഹർജികൾ പരിഗണിച്ച് ഉത്തരവിട്ടത്. 2014-ലാണ് പോൾസണും ഭാര്യയും മകനും ഭാര്യാപിതാവും ഭാര്യാമാതാവും ചേർന്ന് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് ആകെ 2.5 കോടി രൂപ വായ്പയെടുത്തത്. ബാങ്ക് ഭാരവാഹികളുമായി ചേർന്ന് ചട്ടങ്ങൾ ലംഘിച്ച് തന്റെയും ബന്ധുക്കളുടെയും പേരിൽ അർഹതയില്ലാത്ത വായ്പകൾ നേടിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) ആരോപണം. ഇത്തരത്തിൽ അനുവദിച്ച വായ്പകൾ വഴി ബാങ്കിൽനിന്ന് 2.5 കോടി രൂപ വഴിതിരിച്ചുവിട്ടതായും ഈ പണം ഉപയോഗിച്ച് കർണാടകയിലെ ഗുണ്ടൽപേട്ടിൽ ഭൂമി വാങ്ങി കുറ്റകൃത്യത്തിലൂടെ ലഭിച്ച പണത്തിന്റെ ഉറവിടം മറച്ചുവെച്ചതായും ഇ.ഡി. ആരോപിച്ചിരുന്നു.

ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് പോൾസണിന്റെ സ്വത്തുക്കൾ 2023 ഒക്ടോബർ 13-ന് ഇ.ഡി. താൽക്കാലികമായി കണ്ടുകെട്ടി. 2024 മാർച്ച് 12-ന് ബന്ധപ്പെട്ട അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി കണ്ടുകെട്ടൽ നടപടി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ 2025 നവംബർ 13-ന് പോൾസണും കുടുംബാംഗങ്ങളും ചേർന്ന് അഞ്ച് വായ്പകളുടെയും കുടിശ്ശിക പൂർണമായി തിരിച്ചടച്ചു. മുതലും പലിശയും ഉൾപ്പെടെ 4,30,85,889 രൂപയാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ അടച്ചത്. ഇതോടെ വായ്പാ കുടിശ്ശിക ഈടാക്കുന്നതിനായി ബാങ്ക് ആരംഭിച്ച നടപടികൾ അവസാനിപ്പിച്ചു. വായ്പ തിരിച്ചടച്ച സാഹചര്യത്തിൽ തനിക്കെതിരായ PMLA നടപടികൾ അവസാനിപ്പിക്കണമെന്നും കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടുനൽകണമെന്നും ഇ.ഡി. പിടിച്ചെടുത്ത രേഖകൾ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് പോൾസൺ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജികൾ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

വായ്പകൾ നിയമവിരുദ്ധമായാണ് അനുവദിച്ചതെങ്കിൽ അവ കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്തുക്കളുടെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വായ്പയുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ക്രൈംബ്രാഞ്ച് പോൾസണെ പ്രതിയാക്കിയിട്ടില്ലെന്ന വാദവും PMLA നടപടികൾ അവസാനിപ്പിക്കുന്നതിന് കാരണമാകില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കാളിയായെന്ന പ്രഥമദൃഷ്ട്യാ സൂചനകൾ ലഭ്യമായ രേഖകളിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വായ്പയുടെ ബാധ്യത പിന്നീട് തീർത്തുവെന്നത് PMLA പ്രകാരമുള്ള കുറ്റത്തിന്റെ സാധുത ഇല്ലാതാക്കുന്നില്ല. വായ്പ തിരിച്ചടച്ചതിന്റെ പേരിൽ കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടുനൽകാനോ ഇ.ഡി. പിടിച്ചെടുത്ത രേഖകൾ തിരികെ നൽകാനോ ആവശ്യപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ വായ്പ തിരിച്ചടച്ചതിന്റെ അടിസ്ഥാനത്തിൽ PMLA കേസിൽനിന്ന് ഒഴിവാകാനും സ്വത്തുക്കളുടെ കണ്ടുകെട്ടൽ നീക്കാനും പോൾസൺ നൽകിയ ആവശ്യം ഹൈക്കോടതി നിരസിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ വായ്പ തിരിച്ചടവ് മാത്രം നിയമനടപടികൾ അവസാനിപ്പിക്കാനുള്ള കാരണമാകില്ലെന്ന സുപ്രധാന നിയമനിലപാടാണ് ഈ ഉത്തരവിലൂടെ ഹൈക്കോടതി വ്യക്തമാക്കിയത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : വായ്പ തിരിച്ചടച്ചാലും PMLA കേസ് ഒഴിവാകില്ലെന്ന് ഹൈക്കോടതി pathanamthittamedia.com