Skip to content

കൊറ്റനാട് പി.എച്ച്.സി. കെട്ടിട നിർമ്മാണത്തിൽ സാങ്കേതിക അപാകത ; നിർമ്മാണം നിർത്തിവെക്കാൻ നിർദേശിച്ച് റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു

റാന്നി : കൊറ്റനാട് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ചുവരുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ കണ്ടെത്തിയ സാങ്കേതിക അപാകത പരിഹരിക്കുന്നതുവരെ തുടർനിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു നിർദേശം നൽകി. 15-ാം ധനകാര്യ കമ്മീഷൻ ഫണ്ടിൽ ഉൾപ്പെടുത്തി ഏകദേശം 1.43 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പി.എച്ച്.സി. കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ എൻ.എച്ച്.എം. ഉദ്യോഗസ്ഥർ നടത്തിയ സ്ഥലപരിശോധനയിലാണ് അപാകത ശ്രദ്ധയിൽപ്പെട്ടത്. നിർമാണത്തിന്റെ ഏകദേശം 80 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് കെട്ടിടത്തിന്റെ മുൻവശത്തെ പ്രധാന വാതിലിന്റെയും പുറത്തേക്കുള്ള രണ്ട് വാതിലുകളുടെയും ഉയരത്തിൽ മാനദണ്ഡപ്രകാരമുള്ള കുറവ് കണ്ടെത്തിയത്. പൊതുസ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും നിർമിക്കുന്ന കെട്ടിടങ്ങളിലെ വാതിലുകൾക്ക് നിർദേശിച്ചിട്ടുള്ള 240 സെന്റീമീറ്റർ ഉയരത്തിന് പകരം 185 മുതൽ 190 സെന്റീമീറ്റർ വരെ മാത്രമാണ് നിലവിൽ ഉയരം നൽകിയിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.

അപാകത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എം.എൽ.എ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനയും പരിഗണിച്ച് വാതിലുകളുടെ ഉയരം ആവശ്യമായ മാനദണ്ഡത്തിലേക്ക് ഉയർത്തി അപാകത പൂർണമായും പരിഹരിച്ചശേഷം മാത്രമേ നിർമ്മാണം പുനരാരംഭിക്കാവൂ എന്നും നിർദേശം നൽകി. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പദ്ധതികളിൽ നിർമാണത്തിന്റെ ഗുണനിലവാരവും സാങ്കേതിക കൃത്യതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. നിർമ്മാണത്തിനിടെ കണ്ടെത്തുന്ന അപാകതകൾ സമയബന്ധിതമായി പരിഹരിച്ചശേഷം മാത്രമേ പദ്ധതി മുന്നോട്ടുകൊണ്ടുപോകാവൂ എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇടപെടലെന്ന് എം.എൽ.എ അറിയിച്ചു.

അപാകത പരിഹരിക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി നവംബർ 26ന് റാന്നി എം.എൽ.എ ഓഫീസിൽ യോഗം ചേരും. നിർമാണ ഏജൻസിയായ നിർമിതി കേന്ദ്രയുടെ പ്രതിനിധികൾ, കരാറുകാർ, കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ബന്ധപ്പെട്ട എൻജിനീയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ചശേഷം നിർമ്മാണം പുനരാരംഭിക്കുന്നതിനുള്ള തീരുമാനം യോഗത്തിൽ കൈക്കൊള്ളും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്

  4. സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം

  5. റിസോർട്ട് വിവാദത്തിൽ പരിഹാസവുമായി ജെയിൻ രാജ് ; ആരോപണങ്ങളെ തള്ളി പി. ജയരാജന്റെ മകൻ രംഗത്ത്

Share on WhatsApp

Share this story

കൊറ്റനാട് പി.എച്ച്.സി. കെട്ടിട നിർമ്മാണത്തിൽ സാങ്കേതിക അപാകത ; നിർമ്മാണം നിർത്തിവെക്കാൻ നിർദേശിച്ച് റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു pathanamthittamedia.com