കാട്ടാന ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം നിർണായക ഘട്ടത്തിൽ
ഇടുക്കി : കാട്ടാന ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം നിർണായക ഘട്ടത്തിൽ. ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. ചക്കക്കൊമ്പൻ തുരുത്തിൽ നിന്ന് 301 കോളനി ഭാഗത്തേക്ക് നീങ്ങുകയാണ്. ആനയെ 301 കോളനി ഭാഗത്ത് എത്തിക്കാനായാൽ ദൗത്യം എളുപ്പമാകുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ മറയൂർ കുടി ഭാഗത്തേക്കാണ് ആനയുടെ നീക്കം. നടുത്തുരുത്തി തുരുത്ത് ഭാഗത്തുള്ള ആന പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് നീങ്ങുന്നത് തടയാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ബോട്ടിലും ദൗത്യസംഘത്തെ വിന്യസിച്ചു. ആവശ്യമായ എല്ലാ സജ്ജീകരണങ്ങളോടെയും സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ചക്കക്കൊമ്പൻ പന്നിയാർ ഭാഗത്തേക്ക് നീങ്ങിയാൽ ദൗത്യം കൂടുതൽ വെല്ലുവിളിയാകുമെന്ന് സിസിഎഫ് ഡി.കെ. വിനോദ് കുമാർ നേരത്തെ അറിയിച്ചിരുന്നു. ദൗത്യം വിജയിച്ചില്ലെങ്കിലും ഇന്ന് തന്നെ അവസാനിപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
ദൗത്യസംഘാംഗങ്ങൾ ക്ഷീണിതരാണെന്നും സിസിഎഫ് വ്യക്തമാക്കി. അതേസമയം ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചതുകൊണ്ട് കാര്യമില്ലെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റേണ്ടിവരുമെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു. റേഡിയോ കോളർ ഘടിപ്പിക്കാൻ പോലും കഴിയാത്തവിധം അപകടകാരിയായ ആനയാണ് ചക്കക്കൊമ്പനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനവാസമേഖലകളിലെത്തി വീടുകളും കൃഷിയും നശിപ്പിക്കുന്ന കാട്ടാനകളെ പിടിച്ചുമാറ്റുകയാണ് വേണ്ടതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. വന്യജീവി മനുഷ്യരുടെ ഉപജീവനമാർഗത്തിന് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചക്കക്കൊമ്പന്റെ ആരാധകരെന്ന് പറയുന്നവർക്കെതിരെയും എംപി രൂക്ഷവിമർശനം ഉന്നയിച്ചു. ആനയുടെ ആരാധകരായി രംഗത്തുവരുന്ന ചിലരുടെ നിലപാടുകളിൽ കാര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു. ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് വിജയിക്കുമോയെന്ന ആകാംക്ഷയിലാണ് പ്രദേശവാസികൾ. ആനയുടെ നീക്കവും ദൗത്യസംഘത്തിന്റെ തുടർനടപടികളും നിർണായകമാകും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണവും ആദരവും നല്‍കി
-
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ
-
മദ്യനയം ; യുഡിഎഫ് ഉപസമിതിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ; മുൻ എംഎൽഎ കെ. ശിവദാസൻ നായർ കൺവീനർ





