തിരുവനന്തപുരം : നോര്‍ക്ക റൂട്ട്സ് മുന്‍ മാനേജര്‍ വിളപ്പില്‍ കാട്ടുവിള ശ്രീകൈലാസത്തില്‍ പി.ഗോപകുമാറിനെ കോടതി അഴിമതിക്കേസില്‍ രണ്ടുവര്‍ഷം തടവിനും 25000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.ബി.സ്നേഹലതയാണ് പ്രതിയെ ശിക്ഷിച്ചത്.
നോര്‍ക്ക റൂട്ട്സില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്ന വിഭാഗത്തിലെ മാനേജര്‍ ആയിരുന്നു ഗോപകുമാര്‍. ഉദ്യോഗസ്ഥരുടെ ശമ്പള ബില്ല് മാറുന്നതടക്കമുള്ള ചുമതലയും ഇദ്ദേഹത്തിനായിരുന്നു. നോര്‍ക്ക സിഇഒ. ഉദ്യോഗസ്ഥരുടെ ശമ്പളത്തിനായി എഴുതി നല്‍കിയ ചെക്കിലെ തുക ക്യാഷ് ബുക്കില്‍ മാറ്റിയെഴുതി പണം തട്ടിയെടുത്തു എന്നാണ് വിജിലന്‍സ് കേസ്.
പ്രതി ജീവനക്കാര്‍ക്കുള്ള 15,000 രൂപ തട്ടിയെടുത്തുവെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്. വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന്‍ എസ്.ചെറുന്നിയൂര്‍ ഹാജരായി.





























