സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ലാ

For full experience, Download our mobile application:
Get it on Google Play

ഇന്‍സൈറ്റ് ഫോര്‍ ഇന്നോവേഷന്‍ പ്രോജക്ട്
ഗണിതം പ്രോഗ്രാം ഒക്ടോബര്‍ 13ന്

റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന ഇന്‍സൈറ്റ് ഫോര്‍ ഇന്നോവേഷന്‍ പ്രോജക്ട് ഗണിതം പ്രോഗ്രാം ഒക്ടോബര്‍ 13ന് ഉച്ചയ്ക്ക് 12.30 ന് റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍ എന്നിവര്‍ പങ്കെടുക്കും.

സ്‌പോട്ട് അഡ്മിഷന്‍ ഇന്നും കൂടി
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ പോളിടെക്‌നിക്ക് കോളേജുകളിലെ 2022-23 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം.
25001 മുതല്‍ 50000 വരെ റാങ്ക് ഉള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. മുസ്ലിം, വിശ്വകര്‍മ്മ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം, ഈഴവ, പിന്നാക്ക ഹിന്ദു, പിന്നാക്ക ക്രിസ്ത്യന്‍, വിഎച്ച്.എസ്.സി, പട്ടികജാതി എന്നീ വിഭാഗത്തിലെ റാങ്ക് 60000 വരെയുള്ള വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.
അപേക്ഷയ്‌ക്കൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍രേഖകളും, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ലിപ്പ് എന്നിവയമായും മറ്റ് പോളിടെക്‌നിക്ക് കോളേജില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ലിപ്പ്, അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീതുമായും ഹാജരാക്കണം. രാവിലെ ഒന്‍പത് മുതല്‍ 10 വരെയാണ് രജിസ്‌ട്രേഷന്‍ സമയം.

കൃഷിക്ക് തുടക്കം കുറിച്ച്
ആറന്മുള; നിലം ഉഴുതു തുടങ്ങി
ആറന്മുളയിലെ പാടശേഖരങ്ങളില്‍ കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ കര്‍ഷകര്‍. കൃഷിക്ക് തുടക്കം കുറിച്ച് നിലം ഉഴുതു മറിക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടുത്ത ഓണത്തിന് ആറന്മുള പാര്‍ത്ഥസാരഥിക്ക് തിരുവോണത്തോണിയില്‍ സമര്‍പ്പിക്കാനുള്ള അരി ഇവിടെയാണ് വിളയിച്ചെടുക്കുന്നത്. പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടേയും പള്ളിയോട സേവാസംഘത്തിന്റെയും സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്. കഴിഞ്ഞ തവണ ഉത്തമന്‍ എന്ന കര്‍ഷകന്‍ നിരവധി വെല്ലുവിളികളെ അതിജീവിച്ച് അന്‍പത് പറ നെല്ലാണ് കൊയ്‌തെടുത്തത്.

പള്ളിയോട സേവാസംഘത്തിന്റെ കൂടി സഹകരണത്തില്‍ അടുത്ത അഷ്ടമിരോഹിണി വള്ളസദ്യക്കായി 501 പറ നെല്ല് ലക്ഷ്യമിട്ടാണ് ഇത്തവണ കര്‍ഷകര്‍ പാടത്തിറങ്ങിയിട്ടുള്ളത്. പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് അവരെ കൂടി ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷം കൃഷി ഇറക്കിയതും കൊയ്ത്തുല്‍സവം നടത്തിയതും. ഇത്തവണയും കൂടുതല്‍ വിപുലമായ രീതിയില്‍ കൃഷി നടത്താനും തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുമാണ് ആറന്മുള ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.

പ്ലാസ്റ്റിക് വിമുക്തമാക്കാന്‍
പഞ്ചായത്ത് സെക്രട്ടറിയുടെ മിന്നല്‍പരിശോധന
പ്ലാസ്റ്റിക് ഉപയോഗം തടയുന്നത് ലക്ഷ്യമിട്ട് ആറന്മുള ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. വിവിധ കടകളില്‍ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കുകയും ചെയ്തു. പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് റെയ്ഡ് നടത്തിയത്. ഇനിയും നിരോധിത പ്ലാസ്റ്റിക്കിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ലഹരി വിമുക്ത പരിപാടി
നാരങ്ങാനം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ബാലസഭ, ജി ആര്‍ സി എന്നിവ സംയുക്തമായി ലഹരി വിമുക്ത പരിപാടി സംഘടിപ്പിച്ചു. സി ഡി എസ് ചെയര്‍പേഴ്സണ്‍ ലളിത സോമന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് വാര്‍ഡ് അംഗം മായ ഹരിചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഷീജ ബീഗം പ്രോഗ്രാം വിശദീകരിച്ചു. ലഹരി വിമുക്ത റാലി, പ്രതിജ്ഞ, ആശയമരം, ഒപ്പുശേഖരണം തുടങ്ങിയവയും നടത്തി.

വസ്തു നികുതി ക്യാമ്പുകള്‍
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ വസ്തു നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വസ്തു നികുതി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ജപ്തി, പ്രോസിക്യുഷന്‍ നടപടികളില്‍ നിന്ന് ഒഴിവാക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും കെട്ടിടനികുതി താഴെ പറഞ്ഞിരിക്കുന്ന ക്യാമ്പിലും അടയ്ക്കാവുന്നതാണ്. 13ന് അഞ്ചാം വാര്‍ഡിലെ കളക്ഷന്‍ ക്യാമ്പ് തറയശ്ശേരി അങ്കണവാടിയിലും, 12ാം വാര്‍ഡിലെ സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തിലും പ്രവര്‍ത്തിക്കും.

14ന് ഏഴ്,11 വാര്‍ഡികളിലേത് എണ്ണിക്കാട് ക്‌നാനായ പള്ളിയിലും 13,14,15 വാര്‍ഡുകളിലേത് കാവുങ്കല്‍ ജംഗ്ഷന്‍ യുവ ശക്തി ലൈബ്രറിയിലും പ്രവര്‍ത്തിക്കും. 15ന് ഏഴ്, എട്ട്, ഒന്‍പത്, 10, 11 വാര്‍ഡുകള്‍ പഴയക്കാവ് മോഡല്‍ അങ്കണവാടിയിലും 16ാം വാര്‍ഡിലേത് വള്ളംകുളം പടിഞ്ഞാറ് വൈഎംഎ ലൈബ്രറിയിലും പ്രവര്‍ത്തിക്കും. 17ന് ഒന്ന്, 17 വാര്‍ഡുകളിലെ വള്ളംകുളം യുപിഎസിലും ഒന്‍പത്, പത്ത് വാര്‍ഡുകളിലെ സൊസൈറ്റിപ്പടിയിലും നടത്തും. 18ന് രണ്ട്, മൂന്ന്, നാല് ആറ് വാര്‍ഡുകളിലേത് ഇരവിപേരൂര്‍ വൈഎംസിഎയിലും 12, 14 വാര്‍ഡുകളിലേത് നന്നൂര്‍ എസ്എസ്എ ലൈബ്രറിയിലും 19ന് ആറ്, 11 വാര്‍ഡുകളിലേത് കൊച്ചാലുംമൂട്ടിലും പ്രവര്‍ത്തിക്കും. രാവിലെ 10.30 മുതല്‍ മൂന്നുവരെയാണ് പ്രസ്തുത കളക്ഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുക.

ബോധവല്‍ക്കരണ ക്ലാസ് നാളെ
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന വായ്പാ പദ്ധതികളുടെ ബോധവല്‍ക്കരണ ക്ലാസ് നാളെ രാവിലെ 10.30ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ക്ലാസ് ഉദ്ഘാടനം ചെയ്യും.

എംബിഎ സ്പോട്ട് അഡ്മിഷന്‍
യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യുഐഎം) അടൂര്‍ സെന്ററില്‍ ഒഴിവുള്ള എംബിഎ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി പാസായ ജനറല്‍ വിഭാഗത്തിനും 48 ശതമാനം മാര്‍ക്കോടെ പാസായ ഒബിസി വിഭാഗത്തിനും പാസ്മാര്‍ക്ക് നേടിയ എസ്‌സി/എസ് റ്റി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കെ മാറ്റ്, സി മാറ്റ്, ക്യാറ്റ് തുടങ്ങിയ യോഗ്യതാപരീക്ഷകള്‍ പാസാകാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അഡ്മിഷന്‍ നേടുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യുഐഎം അടൂര്‍ സെന്ററില്‍ ഈ മാസം 13,14 തീയതികളില്‍ ഹാജരാകണം. ഫോണ്‍: 9746 998 700, 9946 514 088, 9400 300 217.

കൗണ്‍സിലിംഗ്: അപേക്ഷ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ കീഴിലുളള വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റല്‍, കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിന് 2022-23 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് (പുരുഷന്‍). യോഗ്യത- എം.എ /എം.എസ്.സി സൈക്കോളജി/ എം.എസ് ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സില്‍ പരിശീലനം നേടിയവര്‍ ആയിരിക്കണം). കേരളത്തിന് പുറത്ത് നിന്നും യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

പ്രായം 25 നും 45 നും മധ്യേ. നിയമന കാലാവധി 2023 മാര്‍ച്ച് വരെ. ഓണറേറിയം 18000 രൂപയും യാത്രാപടി പരമാവധി 2000 രൂപയും ലഭിക്കും. താത്പര്യമുളളവര്‍ വെളളകടലാസില്‍ എഴുതിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് ഫോട്ടോ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഡ്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍ എസ്.ബി.ഐ യ്ക്ക് സമീപം, തോട്ടമണ്‍, റാന്നി പി.ഒ, പിന്‍ 689 672 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ഈ മാസം 19. ഫോണ്‍ : 0473 5 227 703.

ലഹരി വിരുദ്ധ കാമ്പയിന്‍ നടന്നു
കേരള യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എം.ബി.എ വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യുഐഎം) അടൂര്‍ സെന്ററില്‍ ലഹരി വിരുദ്ധ കാമ്പയിന്‍ നടന്നു. എക്സൈസ് പ്രിവെന്റീവ് ഓഫീസര്‍ ഹരീഷ് കുമാര്‍ സന്ദേശം നല്‍കി.

നാഷണല്‍ ലോക് അദാലത്ത് നവംബര്‍ 12ന്
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് നവംബര്‍ 12ന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്. ബാങ്കിംഗ് മേഖലയിലെ പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും പരിഗണനയിലുളള സിവില്‍ കേസുകളും ഒത്തു തീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകളും മോട്ടോര്‍ വാഹന അപകട തര്‍ക്ക പരിഹാര കേസുകളും അദാലത്തില്‍ പരിഗണിക്കും. ഫോണ്‍: 0468 2 220 141.

ലോക മാനസികാരോഗ്യ ദിനം: റാലിയും പോസ്റ്റര്‍ നിര്‍മാണ മത്സരവും നടന്നു
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കൗമാര സൗഹൃദാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം തുമ്പമണ്‍, കുടുംബാരോഗ്യ കേന്ദ്രം പന്തളം, എന്‍.എസ്.എസ് 467 യൂണിറ്റ്, എന്‍.എസ്.എസ്.എച്ച്.എസ് പന്തളം, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ റാലിയും, ക്ലാസും, പോസ്റ്റര്‍ നിര്‍മാണ മത്സരവും സംഘടിപ്പിച്ചു. പന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ നിഷ, എന്‍എസ്എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍ ഗീതാദേവി, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്രന്റീസ് നിയമനം
താനൂര്‍ സിഎച്ച് എം കെ എം.ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യായന വര്‍ഷത്തില്‍ സൈക്കോളജി അപ്രന്റീസിന്റെ താല്‍ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതകളാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഈ മാസം 14ന് രാവിലെ 10ന് കോളേജില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ 2023 മാര്‍ച്ച് 31 വരെ അപ്രന്റീസ്ഷിപ്പില്‍ താല്‍ക്കാലികമായി നിയമിക്കും.

ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുളള ഗണിതശാസ്ത്ര വിഭാഗം ലക്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : എം.എസ്.സി മാത്സ് (55 ശതമാനം), നെറ്റ്. താത്പര്യമുളളവര്‍ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 14ന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0473 5 266 671.

ഇലന്തൂരിലെ നരബലി : അന്ധവിശ്വാസ അനാചാര
നിര്‍മ്മാര്‍ജ്ജന നിയമം കാലഘട്ടത്തിന്റെ ആവശ്യം;യുവജന കമ്മീഷന്‍
പത്തനംതിട്ട ഇലന്തൂരിലെ നരബലി നവോത്ഥാന കേരളത്തിന് അപമാനകരമാണെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം പറഞ്ഞു. അന്ധവിശ്വാസ അനാചാര നിര്‍മ്മാര്‍ജ്ജന ബില്‍ അടിയന്തിര പ്രാധാന്യത്തോടെ നിയമസഭ പാസാക്കി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഒരു സമൂഹം എന്ന നിലയില്‍ നാം ആര്‍ജിച്ച സാക്ഷരതയും സാംസ്‌കാരിക മേന്മയും ദുര്‍ബലപ്പെടുത്തുകയും റദ്ദ് ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ വര്‍ത്തമാന സാക്ഷ്യമാണ് ഈ സംഭവം. മറ്റൊരു മനുഷ്യനെ കൊലചെയ്തു വിശ്വാസം സംരക്ഷിക്കാന്‍ വ്യക്തികള്‍ തയ്യാറാകുന്നത് സമൂഹത്തിന്റെ പിന്നോട്ട് പോക്കിന്റെ തെളിവാണ്.

അന്ധവിശ്വാസങ്ങളുടെ പ്രചാരകരെയും പ്രയോക്താക്കളായി നില്‍ക്കുന്ന സാമൂഹ്യവിരുദ്ധരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം. യുവജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും സാമൂഹിക മണ്ഡലത്തില്‍ ചലനാത്മകമായ രീതിയില്‍ യുവജനങ്ങളെ അണിനിരത്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

ബ്ലോക്ക് തല സെമിനാര്‍
കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കയര്‍ ഭൂവസ്ത്ര വിതാന പദ്ധതികളുടെ ബ്ലോക്ക് തല സെമിനാര്‍ നാളെ (12.10.2022) രാവിലെ 10 മണിക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം നിര്‍വഹിക്കും.

ജില്ലാ സിവില്‍ സര്‍വീസ് കായിക മേള 28, 29 തീയതികളില്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജില്ലാ സിവില്‍ സര്‍വീസ് കായികമേള ഒക്ടോബര്‍ 28,29 തീയതികളില്‍ ജില്ലാ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും. പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങളും വകുപ്പ് മേധാവികളുടെ സാക്ഷ്യപത്രം നിര്‍ദിഷ്ടഫോറത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ഈ മാസം 25ന് പകല്‍ മൂന്നിന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷാ ഫോറം സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ലഭ്യമാണ്. അത്ലറ്റിക്സ് പുരുഷ വിഭാഗത്തിന് ഓട്ടം, ലോഗ് ജംപ്, ഷോട്ട്പുട്ട്, ജാവലിന്‍ത്രോ, ഡിസ്‌കസ് ത്രോ, ഹൈജംപ്, ട്രിപ്പിള്‍ ജംപ്, ഹാമര്‍ ത്രോ, അത്ലറ്റിക്സ് വനിതാ വിഭാഗത്തിന് ഓട്ടം, ഹര്‍ഡില്‍സ്, ലോഗ് ജംപ്, ഷോട്ട്പുട്ട്, ജാവലിന്‍ത്രോ, ഡിസ്‌കസ് ത്രോ, ഹൈജംപ് എന്നിങ്ങനെയുമാണ് മത്സരങ്ങള്‍ നടക്കുക.

ഫുട്ബോള്‍, ടേബിള്‍ ടെന്നീസ്, വോളിബോള്‍, നീന്തല്‍ (മുന്നാസ് സ്‌കൂള്‍ ഓഫ് സ്വിമ്മിങ് സ്പോര്‍ട്സ് ഓഫ് റിക്രിയേഷന്‍ പത്തനംതിട്ട), ബാസ്‌ക്കറ്റ്ബോള്‍, ക്രിക്കറ്റ്, പവര്‍ലിഫ്റ്റിംഗ്, ഗുസ്തി, ഭാരോദ്വഹനം, ലോണ്‍ടെന്നീസ്, കബഡി, ചെസ് ഇവയാണ് മത്സര ഇനങ്ങള്‍. അത്ലറ്റിക്സ് മത്സര ഇനങ്ങളില്‍ ഒരു കായിക താരത്തിന് മൂന്ന് വ്യക്തിഗത ഇനങ്ങളിലും റിലേ മത്സരങ്ങളിലും പങ്കെടുക്കാം.
അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍, ചെസ് എന്നീ മത്സരങ്ങളില്‍ വനിത ജീവനക്കാര്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 9961 186 039.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിസിഎ, പിജിഡിസിഎ, ഓട്ടോകാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍ : 8078 140 525, 2 961 525, 2 785 525.

മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ ചുവടുമായി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്
മാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്ന ഹരിത മിത്രം മൊബൈല്‍ ആപ്ലിക്കേഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. സ്വാതന്ത്ര്യ സമര സേനാനി കെ. കുമാര്‍ജിയുടെ ഭവനത്തിലാണ് പഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

വൈസ് പ്രസിഡന്റ് പി.എം ജോണ്‍സണ്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. ആപ്ലിക്കേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് മേഴ്സി മാത്യുവും പദ്ധതി വിശദീകരണം ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നൈസി റഹ്മാനും നിര്‍വഹിച്ചു. മുഖ്യപ്രഭാഷണം നവകേരള കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ നടത്തി. വാര്‍ഡ്തല ഉദ്ഘാടനത്തിന് ശേഷം മികച്ച രീതിയില്‍ പൈലറ്റ് സര്‍വേ നടത്തുന്ന സേന അംഗങ്ങളെയും ചടങ്ങില്‍ അനുമോദിച്ചു. ക്യു ആര്‍ കോഡ് പ്രകാശനം സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് മഞ്ജു ഹരിത കര്‍മ്മസേന പ്രസിഡന്റ് മിനിക്കും, സെക്രട്ടറി അഞ്ജുവിനും നല്‍കി നിര്‍വഹിച്ചു.

ക്യു ആര്‍ കോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സെക്രട്ടറി ഇന്‍ ചാര്‍ജ്ജും ചേര്‍ന്ന് ഭവനത്തില്‍ പതിച്ചു. ഭദ്രന്‍പിള്ള, വാര്‍ഡ് അംഗങ്ങളായ സജി തെക്കുംങ്കര, വിന്‍സണ്‍ ചിറക്കാല, സുരേഷ്, ഇലന്തൂര്‍ ബി.ഡി.ഒ രാജേഷ് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, കെല്‍ട്രോണ്‍ ജില്ലാ മാനേജര്‍ ലിജോ, കെ.പി മുകുന്ദന്‍, വി.ഇ.ഒ വിനോദ് മിത്രംപുരം, കെല്‍ട്രോണ്‍ പ്രതിനിധി, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വനിതകള്‍ക്ക് സ്വയം തൊഴില്‍വായ്പ
പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടിക വര്‍ഗ, ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 30 ലക്ഷം രൂപവരെ കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടെ ജില്ലാ ഓഫീസില്‍ നേരിട്ടോ ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ഓഫീസ്, പണിക്കന്റത്ത് ബില്‍ഡിംഗ്, രണ്ടാം നില, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ അയക്കണം. ഫോണ്‍ : 8281 552 350.

ലോക കാഴ്ചദിനാചരണം ഒക്‌ടോബര്‍ 13-ന്
ലോക കാഴ്ചദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച (13.10.2022) രാവിലെ 10ന് അഡ്വ.കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.”നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക” എന്നതാണ് ഈ വര്‍ഷത്തെ കാഴ്ചദിന സന്ദേശം. കലഞ്ഞൂര്‍ കെ.വി.എം.എസ്. ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ മുഖ്യാതിഥി ആയിരിക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി കലഞ്ഞൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന സന്ദേശറാലി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി.പുഷ്പവല്ലി ഫ്‌ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന സൗജന്യനേത്ര പരിശോധന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേദിവസം രാവിലെ 10 മണി മുതല്‍ 12 മണി വരെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു.

ലഹരി വിരുദ്ധ പരിപാടി ബാലസഭകളിലൂടെ
തദ്ദേശസ്ഥാപനത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്കായി ലഹരി വിരുദ്ധ കാമ്പയിന്‍ നടത്തി. തദ്ദേശസ്ഥാപനതലവന്‍മാരോ മറ്റു വിശിഷ്ട വ്യക്തികളോ ചൊല്ലികൊടുക്കുന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിലൂടെ ആരംഭിക്കുന്ന പരിപാടി ബാലസഭ കുട്ടികള്‍ക്ക് വ്യത്യസ്ത അനുഭവമായി. ജില്ലയിലെ 48 സിഡിഎസുകളിലായി 2830 ബാലസഭ അംഗങ്ങള്‍ ലഹരി വിരുദ്ധ കാമ്പയിനില്‍ പങ്കെടുത്തു.

എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സിഡിഎസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ ആശയമരം/ആശയ ബോര്‍ഡ് തയാറാക്കല്‍ എന്നിവയും നടന്നു. ലഹരിക്കെതിരെയുള്ള ഫ്ളാഷ് മോബ്, നാടകം, കേരളം ലഹരിവിമുക്തമാകാനുള്ള ആശയ ശേഖരണം, ഒപ്പ് ശേഖരണം, ബാലസഭ അംഗങ്ങളുടെ മാരത്തോണ്‍ എന്നിങ്ങനെ വിവിധ പരിപാടിയിലൂടെ ബാലസഭ അംഗങ്ങള്‍ ലഹരിവിരുദ്ധ കാമ്പയിനില്‍ അംഗങ്ങളായി.

ക്വട്ടേഷന്‍
തിരുവല്ല എം.സി റോഡില്‍ രാമന്‍ചിറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തില്‍ നവംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷ കാലത്തേക്ക് പാട്ട വ്യവസ്ഥയില്‍ കാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നതിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഈ മാസം17 ന് പകല്‍ മൂന്നു വരെ. വിലാസം : അസി.എക്സി. എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ്, കെട്ടിട ഉപവിഭാഗം, തിരുവല്ല. ഫോണ്‍ : 0469 2 633 424.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച്...

അങ്കണവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതി കുറ്റം സമ്മതിച്ചു

0
കൊച്ചി: എറണാകുളം എളമക്കരയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതി...

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണം : അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിലും ദേവസ്വം ബോർഡിൽ ഇപ്പോൾ നടക്കുന്ന...

ഓമല്ലൂരിൽ വിശ്വാസികൾക്കെതിരായ ബി.ജെ.പി അതിക്രമം : കർശന നടപടി വേണം – പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ബി.ജെ.പി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്തിൽ പെന്തക്കോസ്ത് വിശ്വാസികൾ നടത്തിക്കൊണ്ടിരുന്ന...