ഇറാൻ, യുക്രെയ്ൻ യുദ്ധവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി ; കുറ്റസമ്മതവുമായി പുറത്താക്കപ്പെട്ട യുഎസ് സൈനിക ജനറൽ
വാഷിങ്ടൺ : ഇറാനിലെയും യുക്രെയ്നിലെയും യുദ്ധങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ മാധ്യമപ്രവർത്തകർക്ക് ചോർത്തിനൽകിയെന്ന കുറ്റസമ്മതവുമായി യുഎസ് സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ. ലെഫ്റ്റനന്റ് ജനറൽ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ബ്രെറ്റ് സിൽവിയയാണ് രഹസ്യവിവരങ്ങൾ ചോർത്തിയതായി സമ്മതിച്ചത്. രണ്ട് വ്യത്യസ്ത മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർക്ക് ഒരു വർഷത്തോളമാണ് ഇദ്ദേഹം വിവരങ്ങൾ കൈമാറിയത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. രഹസ്യവിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് യുഎസ്സിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ ആക്സിയോസ് പുറത്തുവിട്ടു.
പെന്റഗണിലെ ഉന്നത സൈനിക ആസൂത്രണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു സിൽവിയ. വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന ആരോപണത്തെത്തുടർന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഈ ആഴ്ച ആദ്യം അദ്ദേഹത്തെ ചുമതലയിൽനിന്ന് നീക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ചോദ്യംചെയ്യലിനിടെയാണ് സിൽവിയ കുറ്റസമ്മതം നടത്തിയത്. നാല് തവണ നടത്തിയ നുണപരിശോധനകളിൽ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ മൊഴിയെന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
2025 ജൂൺ മുതൽ തന്നെ സിൽവിയ രഹസ്യവിവരങ്ങൾ ചോർത്തി നൽകാൻ തുടങ്ങിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. നേരിട്ടുള്ള കൂടിക്കാഴ്ചകൾക്കു പുറമേ എൻക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്ഫോമായ സിഗ്നൽ വഴിയും വിവരങ്ങൾ കൈമാറിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണവുമായി പൂർണമായി സഹകരിച്ച സിൽവിയ, ഫോറൻസിക് പരിശോധനയ്ക്കായി സ്വന്തം മൊബൈൽ ഫോൺ കൈമാറുകയും ചെയ്തിരുന്നു. നുണപരിശോധനകളിൽ പലതവണ പരാജയപ്പെട്ട സിൽവിയ, മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഒരു മാധ്യമപ്രവർത്തകനുമായി വെർജീനിയയിലെ ആർലിങ്ടണിലുള്ള സിൽവർ ഡൈനർ റസ്റ്ററന്റിൽവെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്. പെന്റഗണിലേക്കുള്ള മാധ്യമപ്രവർത്തകന്റെ പ്രവേശനാനുമതി പിൻവലിച്ചതിന് ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. പുസ്തകരചനയുമായി ബന്ധപ്പെട്ടാണ് മാധ്യമപ്രവർത്തകൻ ലെഫ്റ്റനന്റ് ജനറലിനെ കണ്ടിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്നിന് അമേരിക്ക നൽകുന്ന സഹായവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ കൂടിക്കാഴ്ചയിൽ കൈമാറിയതെന്നാണ് ആരോപണം.
ഒരു രഹസ്യ റിപ്പോർട്ട് പരിശോധിക്കുന്നതിനിടെ കുറിച്ചെടുത്ത വിവരങ്ങൾ ഉപയോഗിച്ചാണ് സിൽവിയ മാധ്യമപ്രവർത്തകനോട് കാര്യങ്ങൾ വിശദീകരിച്ചത്. ഇരുവരും ഇതിനുമുമ്പ് രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നതായും അന്വേഷണ റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത്തരം കൂടിക്കാഴ്ചകളെക്കുറിച്ച് പെന്റഗണിന്റെ പൊതുജനസമ്പർക്ക വിഭാഗത്തെ സിൽവിയ അറിയിച്ചിരുന്നില്ല. വിവരങ്ങൾ കൈമാറാൻ അനുമതി തേടിയിരുന്നുമില്ല.
സിൽവിയയെ ചുമതലയിൽനിന്ന് നീക്കിയെന്ന വിവരം നേരത്തെ സിബിഎസ് ന്യൂസും ഫോക്സ് ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു. രഹസ്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെത്തുടർന്നാണ് നടപടിയെന്നും അന്ന് തന്നെ പുറത്തുവന്നിരുന്നു. പെന്റഗൺ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള സിബിഎസ് റിപ്പോർട്ടിൽ മൂന്ന് നുണപരിശോധനകളിൽ സിൽവിയ പരാജയപ്പെട്ടതായാണ് പറഞ്ഞിരുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി
-
ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി
-
തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്പതുകാരന് മരിച്ചു
-
കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ
-
കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്





