സ്മാർട്ട് ഫയർ എക്സ്റ്റിംഗ്വിഷറും ഓട്ടോ പാസഞ്ചർ കൗണ്ടറും എ.ഐ. ടീച്ചറും ശ്രദ്ധേയമായി : വിദ്യാർത്ഥികളുടെ കണ്ടുപിടിത്തങ്ങൾ കൈയടി നേടി
കൊച്ചി : സാമൂഹിക പ്രസക്തിയുള്ള പ്രശ്നങ്ങൾക്ക് നൂതന സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തി ശ്രദ്ധേയരായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ. കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിന്റെ ഭാഗമായി ഒരുക്കിയ പവലിയനിൽ വിദ്യാർത്ഥികൾ വികസിപ്പിച്ച മൂന്ന് കണ്ടുപിടിത്തങ്ങളാണ് സന്ദർശകരുടെയും വിദഗ്ധരുടെയും ശ്രദ്ധ നേടിയത്. തീപിടുത്തം സ്വയം കണ്ടെത്തി അണയ്ക്കുന്ന സ്മാർട്ട് ഫയർ എക്സ്റ്റിംഗ്വിഷർ, ബോട്ടുകളിൽ അനുവദനീയമായതിലധികം യാത്രക്കാർ കയറുന്നത് തടയുന്ന ഓട്ടോ പാസഞ്ചർ കൗണ്ടിംഗ് സംവിധാനം, അധ്യാപകരുടെ അഭാവത്തിലും ക്ലാസെടുക്കാൻ കഴിയുന്ന നിർമ്മിതബുദ്ധി അധ്യാപികയായ ‘എഡ്യൂബോട്ട് എ.ഐ.’ എന്നിവയാണ് പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങൾ. മനുഷ്യസഹായമില്ലാതെ തീപിടുത്തം കണ്ടെത്തി അണയ്ക്കാനും അഗ്നിരക്ഷാസേനയെ വിവരമറിയിക്കാനും കഴിയുന്ന സ്മാർട്ട് ഫയർ എക്സ്റ്റിംഗ്വിഷർ വികസിപ്പിച്ചത് ആലപ്പുഴ കായംകുളം പുള്ളിക്കണക്ക് എൻ.എസ്.എസ്.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് റിയാനും ആകാശ് കുമാറുമാണ്.
യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി.) 7.0 വിജയികളാണ് ഇരുവരും. ആശുപത്രികൾ, ഫാക്ടറികൾ, ബഹുനില ഫ്ലാറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ തീപിടിത്തം പ്രാരംഭഘട്ടത്തിൽ തന്നെ നിയന്ത്രിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഐ.ആർ. ഫ്ലെയിം സെൻസറുകളും ഗ്യാസ് സെൻസറുകളും ഉപയോഗിച്ച് തീയുടെ സാന്നിധ്യം തിരിച്ചറിയുന്ന ഉപകരണം സ്വയം തീപിടിച്ച ഭാഗത്തേക്ക് നീങ്ങി വെള്ളം ചീറ്റും. ഉപകരണത്തിന്റെ പ്രത്യേക രൂപകൽപനയും ശ്രദ്ധേയമാണ്. 360 ഡിഗ്രിയിൽ കറങ്ങുമ്പോൾ യന്ത്രഭാഗങ്ങളിൽ വെള്ളം വീഴുന്നതൊഴിവാക്കാൻ നോസിലിൽ 180 ഡിഗ്രി സെർവോ മോട്ടോർ ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി നാലു ദിശകളിലേക്കും സുരക്ഷിതമായി വെള്ളം എത്തിക്കാനാകും. തീപിടുത്തം കണ്ടെത്തിയാലുടൻ അഗ്നിരക്ഷാസേനയ്ക്കും കെട്ടിട ഉടമയ്ക്കും ചുമതലയുള്ളവർക്കും മൊബൈൽ ഫോണിൽ ഓട്ടോമാറ്റിക് സന്ദേശമെത്തും. ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണം ഉപയോഗശേഷം പ്രത്യേക സ്റ്റാൻഡിൽ വച്ചാൽ സ്വയം ചാർജ്ജ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. നിലവിൽ വെള്ളം ഉപയോഗിച്ചുള്ള പ്രോട്ടോടൈപ്പാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ അഗ്നിശമന വസ്തുക്കൾ ഉപയോഗിക്കാനുള്ള സൗകര്യവും ഉയർന്ന ബാറ്ററി ശേഷിയും മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടുത്തി വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കുകയാണ് വിദ്യാർത്ഥികളുടെ ലക്ഷ്യം.
ബോട്ടുകളിൽ അനുവദനീയമായതിലധികം യാത്രക്കാരെ കയറ്റുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ തടയാൻ നൂതന സംവിധാനവുമായി എത്തിയത് മലപ്പുറം വട്ടംകുളം ഐ.എച്ച്.ആർ.ഡി. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്. മുഹമ്മദ് നാസിം, മുഹമ്മദ് ഷെഹൽ, നിധാൽ ഹുസൈൻ, നാസിം ഹുസൈൻ എന്നിവർ ചേർന്നാണ് ‘ഓട്ടോ ബോട്ട് പാസഞ്ചർ കൗണ്ടിംഗ് സംവിധാനം വികസിപ്പിച്ചത്. ബോട്ടിൽ കയറാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം മുൻകൂട്ടി ക്രമീകരിക്കാം. പ്രദർശനത്തിനായി തയ്യാറാക്കിയ മാതൃകയിൽ അഞ്ചുപേരെയാണ് യാത്രക്കാരുടെ പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത എണ്ണം തികയുമ്പോൾ പ്രവേശന ഗേറ്റ് തനിയെ അടയും. ആറാമതൊരാൾ കയറാൻ ശ്രമിച്ചാൽ യാത്രക്കാരുടെ എണ്ണം വ്യക്തമാക്കുന്ന മുന്നറിയിപ്പ് സന്ദേശം ബന്ധപ്പെട്ടവരുടെ ഫോണിലേക്കും അധികൃതർക്കും ലഭിക്കും. സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ ബോട്ട് ദുരന്തങ്ങളാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ബോട്ടുകളിലെ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന് സ്വയം പ്രവർത്തിക്കുന്ന സംവിധാനം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അധ്യാപകരുടെ പിന്തുണയും സ്കൂളിൽ നിന്ന് ലഭിച്ച സാമ്പത്തിക – ഉപകരണ സഹായവുമാണ് പദ്ധതി യാഥാർഥ്യമാക്കാൻ സഹായിച്ചത്.
അധ്യാപകർ അവധിയിലായാലും പഠനം മുടങ്ങാതിരിക്കാൻ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ക്ലാസെടുക്കുന്ന റോബോട്ടുമായാണ് മലപ്പുറം കക്കുളം പി.എം.എസ്.എ. പി.ടി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ആഗ്നേയ്, ഹസീഫ്, അർചിത്, നിരഞ്ജൻ എന്നിവർ എത്തിയത്. വിദ്യാർത്ഥികൾ സ്വന്തമായി വികസിപ്പിച്ച ‘എജ്യുബോട്ട് ഒ.എസ്.’ എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് റോബോട്ടിന്റെ പ്രവർത്തനം. ‘എജ്യു കണക്ട്’ മൊബൈൽ ആപ്പിലൂടെ നിയന്ത്രിക്കുന്ന റോബോട്ടിന് അധ്യാപകരില്ലാത്ത ക്ലാസ് മുറിയിലേക്ക് സ്വയം എത്താനാകും. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും അധ്യാപകർക്ക് ലൈവ് വീഡിയോ കോളിലൂടെ ക്ലാസെടുക്കാനും പഠനക്കുറിപ്പുകൾ അപ്ലോഡ് ചെയ്യാനും സാധിക്കും. പഠിപ്പിക്കേണ്ട വിഷയവും ക്ലാസും നൽകിയാൽ എ.ഐ. ടീച്ചർ സ്ലൈഡ് പ്രസന്റെഷൻ തയ്യാറാക്കി ക്ലാസെടുക്കും. പാഠഭാഗം കുട്ടികൾക്ക് മനസ്സിലായോ എന്ന് പരിശോധിക്കാൻ ക്വിസും നടത്തും. പാഠപുസ്തകങ്ങളിലെ ചിത്രങ്ങളും ശാസ്ത്രപരീക്ഷണങ്ങളും ത്രീ ഡി സിമുലേഷനിലൂടെ കാണാനും പഠിക്കാനും അവസരമുണ്ട്.
‘ഹേയ് ടീച്ചർ’ എന്ന് വിളിച്ച് സംശയങ്ങൾ ചോദിച്ചാൽ ലളിതമായ ഉദാഹരണങ്ങളിലൂടെ മറുപടി നൽകാനും റോബോട്ടിന് കഴിയും. പഠനവുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ തടയാനുള്ള സംവിധാനവും ഇതിലുണ്ട്. എൽ.കെ.ജി., പ്രീ – കെ.ജി. കുട്ടികൾക്കായി ഒരുക്കിയ ‘കിഡ്സ് മോഡ്’ ആണ് മറ്റൊരു പ്രത്യേകത. ക്ലാസിൽ കുട്ടികൾ കരയുന്നത് തിരിച്ചറിഞ്ഞാൽ സ്ക്രീനിൽ ആനിമേഷൻ വീഡിയോകൾ പ്രദർശിപ്പിച്ചും മുഖഭാവങ്ങൾ മാറ്റിയും കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടാൻ എ.ഐ. ടീച്ചർ ശ്രമിക്കും. സാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് അവ സമൂഹത്തിന്റെ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനുള്ള വിദ്യാർത്ഥികളുടെ കഴിവാണ് ഈ കണ്ടുപിടിത്തങ്ങളിലൂടെ പ്രകടമാകുന്നത്. സുരക്ഷ, യാത്ര, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്ന കുട്ടിശാസ്ത്രജ്ഞരുടെ ആശയങ്ങൾക്ക് സമ്മിറ്റിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില് ചാടി മരിച്ച നിലയില്
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി





