കോന്നി: കോന്നിയില്‍ മോഷ്ടാക്കള്‍ വിലസുന്നു. അതേസമയം മോഷ്ടാക്കള്‍ വിലസിയിട്ടും കള്ളന്മാരെ പിടികൂടാന്‍ പോലീസിന് കഴിയുന്നില്ല എന്ന് ആക്ഷേപവും ഉയരുന്നുണ്ട്. കഴിഞ്ഞ കുറച്ച് കാലത്തിനിടയില്‍ കോന്നിയില്‍ വിവിധ സ്ഥലങ്ങളിലായി നിരവധി മോഷണങ്ങള്‍ ആണ് നടന്നിട്ടുള്ളത്. കോന്നി താലൂക്ക് വികസന സമിതി യോഗത്തില്‍ അടക്കം ഇത് സംബന്ധിച്ച് നിരവധി തവണ ചോദ്യങ്ങള്‍ ഉയര്‍ന്നു എങ്കിലും അന്വേഷണം നടക്കുന്നു എന്നത് മാത്രമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പറയുവാന്‍ ഉള്ളത്. വട്ടക്കാവ് തെങ്ങുംമുറിയില്‍ വീട്ടില്‍ ജോസിന്റെ വീട്ടില്‍ ആണ് ആദ്യം മോഷണം ഉണ്ടാകുന്നത്. പുലര്‍ച്ചെ ആണ് മോഷണം നടന്നത്. പതിനായിരം രൂപയും രണ്ട് സ്വര്‍ണ്ണ നാണയവും ജോസിന്റെ ഭാര്യയുടെ കഴുത്തില്‍ കിടന്ന മാലയും മോഷ്ട്ടാക്കള്‍ അപഹരിച്ചു. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പിന്നീട് അടുത്ത ദിവസമാണ് രാത്രി ഒന്നരയോടെ വകയാര്‍ പുത്തന്‍പുരക്കല്‍ പി എം മാത്യുവിന്റെ വീട്ടില്‍ വാതില്‍ കുത്തി തുറന്ന് മോഷണം നടത്തിയത്. മകളുടെ കഴുത്തില്‍ കിടന്നിരുന്ന ഒന്നര പവന്റെ മാലയും മോഷ്ടാക്കള്‍ അപഹരിച്ചു.
മാത്യുവിന്റെ വീട്ടില്‍ മോഷണം നടത്തിയ ശേഷം തൊട്ടടുത്ത വീട്ടിലെ മേലേതില്‍ പ്രസാദിന്റെ വീട്ടില്‍ കള്ളന്‍ എത്തിയെങ്കിലും വീട്ടുകാര്‍ ശബ്ദം കേട്ട് ലൈറ്റ് തെളിയിച്ചതിനാല്‍ കള്ളന്‍ കടന്ന് കളഞ്ഞു. പിന്നീട് അരുവാപ്പുലം അണപ്പടി പത്മഭവനില്‍ പത്മിനിയമ്മയുടെ വീടിന്റെ അടുക്കളയുടെ കതക് ഇളക്കി അകത്ത് കടന്നെങ്കിലും ഒന്നും അപഹരിച്ചില്ല. വീട്ടില്‍ പത്മിനിയമ്മയും അനിയത്തിയും ആയിരുന്നു ഉണ്ടായിരുന്നത്. കോന്നി പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇതിന് ശേഷം കോന്നിയില്‍ പെട്രോള്‍ പമ്പില്‍ നിന്നും മോഷ്ടാവ് സ്‌കൂട്ടറും അപഹരിച്ച സംഭവവും ഉണ്ടായി. പ്രമാടം പഞ്ചായത്തിലെ വട്ടകുളഞ്ഞിയില്‍ മോഷണം നടത്തിയ പ്രതികളെയും പിടികൂടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. കലഞ്ഞൂരിലും ബസിനുള്ളില്‍ വെച്ച് വീട്ടമ്മയുടെ മാല മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു. കോന്നിയില്‍ മോഷണങ്ങള്‍ വര്‍ധിക്കുമ്പോഴും കള്ളന്മാരെ പിടികൂടാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. ഇപ്പോള്‍ അവസാനമായി കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള വകയാര്‍ ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ദേവാലയത്തിന്റെ കുരിശടിയും കുത്തി തുറന്ന് പണം അപഹരിച്ചിരിക്കുകയാണ് മോഷ്ടാക്കള്‍.





























