Skip to content

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര : ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

കൊച്ചി : ഇന്ത്യക്കാർക്ക് അടുത്ത വർഷം മുതൽ കിർഗിസ്ഥാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുങ്ങുമെന്നും ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ഇന്ത്യയിലെ കിർഗിസ്ഥാൻ ടൂറിസം അംബാസഡർ കാലിബെക് ഊലു ബെക്തുർഗൻ. ആഗോള ടെക്നോളജി സൊല്യൂഷൻസ് സ്ഥാപനമായ ബ്ലൂക്ലൗഡ് ഇകോമിന്റെ ആഭിമുഖ്യത്തിൽ അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നതും പരിഗണനയിലാണ്. കേരളം, ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവ ഉൾപ്പെടെ 11 കേന്ദ്രങ്ങളിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. നിലവിൽ 65 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ കിർഗിസ്ഥാൻ സന്ദർശിക്കാൻ അനുമതിയുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 1.5 കോടി വിനോദസഞ്ചാരികളാണ് അവിടെയെത്തിയത്. അടുത്ത വർഷം സഞ്ചാരികളുടെ എണ്ണം രണ്ട് കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ. സമ്മിറ്റ് വേദിയിൽവച്ച് രാജ്യത്തെ പ്രമുഖ ഹോട്ടൽ ശൃംഖലയായ താജ് ഗ്രൂപ്പിന്റെ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും അധികം വൈകാതെ കിർഗിസ്ഥാനിൽ താജ് ഹോട്ടൽ പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ പറഞ്ഞു. നിലവിൽ കിർഗിസ്ഥാന്റെ ജി.ഡി.പി. വളർച്ച 11 ശതമാനമാണെന്നും അതിൽ 4 ശതമാനവും ടൂറിസം മേഖലയുടെ സംഭാവനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ പ്രാതിനിധ്യമില്ലാത്തത് ഒട്ടും അംഗീകരിക്കാനാകില്ലെന്ന് യൂറോപ്യൻ പാർലമെന്റ് അംഗവും മുൻ വൈസ് പ്രസിഡന്റുമായ റിഷാർഡ് സാർനെക്കി പറഞ്ഞു. 80 വർഷത്തിലേറെ പഴക്കമുള്ള രക്ഷാസമിതിയുടെ ഘടനയിൽ കാലോചിതമായ മാറ്റം അനിവാര്യമാണ്. ആഗോള ഭരണനിർവഹണവും സമ്പദ്‌വ്യവസ്ഥയും കൂടുതൽ നീതിയുക്തമാകാൻ നിർണായക പങ്കുവഹിക്കുന്ന രാജ്യങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മുഖമുദ്ര ടൂറിസവും പ്രകൃതിഭംഗിയും മാത്രമല്ല, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കൂടിയാണ്. സ്വന്തം പാരമ്പര്യത്തെയും സംസ്കാരത്തെയും ആദരിച്ചുകൊണ്ടുതന്നെ ഭാവിതലമുറയ്ക്കായി മുന്നേറാൻ കഴിയുമെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കാൻ ഇന്ത്യയ്ക്കും കേരളത്തിനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിന്റെ ലൈഫ് ടൈം പുരസ്കാരം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ പോൾ തോമസ്, വർഗീസ് മൂലൻ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് മൂലൻ എന്നിവർക്ക് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ കാലിബെക് ഊലു ബെക്തുർഗൻ സമ്മാനിച്ചു. കൂടാതെ എക്സലൻസ് പുരസ്കാരം ഹരിത ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ ഡോ. കെ.എസ്. കൊച്ചുമോൻ, നോർഡൻ സി.ഇ.ഒ. വിജയകുമാർ, ഒലീവിയ ഗ്രാമീൺ ക്രെഡിറ്റ്സ് ചെയർമാൻ കൃഷ്ണകുമാർ കെ.ടി. എന്നിവർക്കും നൽകി. ഇന്ത്യയിലെ മ്യാൻമർ അംബാസഡർ യു ആയെ മിൻ ഹ്‌ത്വെ,മുൻ ദേശിയ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ ലഫ്.ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ, സംഘാടകരായ ബ്ലൂക്ലൗഡ് ഇകോം സ്ഥാപകൻ അലക്സ് ജോർജ്, ബീറ്റാ ഗ്രൂപ്പ് ചെയർമാൻ ജെ. രാജ്മോഹൻ പിള്ള, ഭാരത് എക്സിബിഷൻ എം.ഡി ശശിധരൻ എന്നിവർ പങ്കെടുത്തു. 11 രാജ്യങ്ങളിൽ നിന്നായി നയതന്ത്ര വിദഗ്ദ്ധർ ഉൾപ്പെടെ 1500-ൽ അധികം പ്രതിനിധികൾ പങ്കെടുക്കുന്ന ദ്വിദിന സമ്മിറ്റ് ഇന്ന് സമാപിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്

  4. നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

  5. സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം

Share on WhatsApp

Share this story

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര : ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ pathanamthittamedia.com