ആറന്മുളയിൽ 4.13 കോടിയുടെ 16 പദ്ധതികൾക്ക് ഭരണാനുമതി : അഡ്വ.അബിൻ വർക്കി എം.എൽ.എ.
പത്തനംതിട്ട : ആറന്മുള എം.എൽ.എ.യായി ചുമതലയേറ്റെടുത്ത ശേഷം നാലുമാസത്തിനുള്ളിൽ 16 പദ്ധതികൾക്കായി 4 കോടി 13 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.അബിൻ വർക്കി കോടിയാട്ട് എം.എൽ.എ. പറഞ്ഞു. പത്തനംതിട്ടയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നീർക്കര – മെഴുവേലി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ 18,20,000 രൂപയും അനുവദിച്ചു. റോഡുകൾക്ക് പുറമെ 68 ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾക്കും ജില്ലാ സ്റ്റേഡിയത്തിന്റെ കവാടം നിർമ്മാണത്തിനുമായി 92 ലക്ഷം രൂപയും ജനറൽ ആശുപത്രിയുടെ കവാടം നിർമ്മാണത്തിന് 35.65 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ 2026 – 2027 ലെ ബഡ്ജറ്റിൽ 15 പദ്ധതികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
ആറന്മുള കണ്ണാടി എക്സിബിഷൻ ട്രെയിനിംഗ് സെന്റർ, പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ ഒന്നാം ഘട്ടം, പ്രക്കാനം ഇൻഡോർ സ്റ്റേഡിയം, റോഡ് പദ്ധതികൾ എന്നിവക്കായി 25 കോടി രൂപ അടങ്കൽ തുകയും വകയിരുത്തി. പാലിയേറ്റീവ് കെയർ ആംബുലൻസ്, ബഡ്സ് സ്കൂൾ ബസ് തുടങ്ങി 74 ലക്ഷം രൂപയുടെ പദ്ധതികളും ഭരണാനുമതി ലഭിക്കുന്നതിനായി ജില്ലാ കളക്ടർ മുഖേന ധനകാര്യ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ശബരിമല റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണങ്കര – വലഞ്ചുഴി – നാച്ചിറ വേലിക്കടവ് റോഡ്, മുട്ടത്തുകോണം – മലമുറ്റം റോഡ്, എന്നിവയ്ക്കായി 10 കോടി രൂപ അനുവദിച്ചു. പുല്ലാട് – കരീലമുക്ക് റോഡിന് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
പത്തനംതിട്ട – ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ റൂട്ടിൽ അതിരാവിലെയും രാത്രി വൈകിയും യാത്രാ ക്ലേശം രൂക്ഷമായതിനാല്‍ യാത്രാ സൗകര്യമൊരുക്കുന്നതിനായി പ്രിയദർശിനി ബസ് സര്‍വീസും വർഷങ്ങളായി നിലച്ചിരുന്ന കോട്ടയം – ചെമ്പകപ്പാറ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസും പുനരാരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട കോളേജ് ഓഫ് നേഴ്സിംഗിന് സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങുന്നതിനായി 7.37 കോടി രൂപ അനുവദിക്കുകയും മെഴുവേലി ഗ്രാമപഞ്ചായത്തിൽ ആധുനിക സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് രണ്ടുകോടി രൂപ മുതൽ മുടക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എക്സൈസ് വകുപ്പിന്റെ ലഹരി വിമുക്ത പദ്ധതിയുടെ ഭാഗമായി കുളനടയില്‍ റിലാക്സ് കേന്ദ്രവും തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഓപ്പണ്‍ ജിമ്മും അനുവദിച്ചു. ഇലന്തൂർ ഗവ.കോളേജ് ഉദ്ഘാടനം കഴിഞ്ഞങ്കിലും സ്വന്തമായി കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
സ്ഥലം ഏറ്റെടുത്തെങ്കിലും സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനായി വഴിയില്ലാത്തതായിരുന്നു പ്രധാന പ്രശ്നം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ രണ്ട് ടെൻഡറുകള്‍ നടത്തി കെട്ടിട നിർമ്മാണം ആരംഭിക്കുവാന്‍ തീരുമാനിച്ചു. വഴിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും അബിൻ വർക്കി എം.എൽ.എ. വ്യക്തമാക്കി. ശബരിമല തീർത്ഥാടനം ആരംഭിക്കാനിരിക്കെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലുമായി ബന്ധപ്പെട്ട് നിരന്തര ഇടപെടലാണ് നടത്തിയത്. വിഷയം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ കെ.എസ്.ആർ.ടി.സി. സി.എം.ഡി. പങ്കെടുത്തിരുന്നു.
കെട്ടിട നമ്പർ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ട് നീങ്ങുകയാണെന്നും ഗ്യാരേജ് ഉൾപ്പടെയുള്ളവയുടെ നിർമ്മാണത്തിന് ആവശ്യമായ തുക ലഭ്യമാക്കുമെന്നും എം.എൽ.എ. അറിയിച്ചു. എസ്.ടി.പി. നിർമ്മാണം പൂർത്തിയായി. ഫയർ എൻ.ഒ.സി. ലഭ്യമാകുവാന്‍ പ്ലാൻ മാറ്റി വരയ്ക്കുവാന്‍ നിർദേശം നൽകി. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ ശേഷം പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിന്റെ അധ്യക്ഷതയിൽ അബാൻ മേൽപാല നിർമ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങളാണ് ചേർന്നത്. മന്ത്രി നൽകിയ കർശന നിർദേശത്തെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. എഞ്ചിനീയർമാരുടെ ഭാഗത്ത് നിന്ന് മെല്ലപ്പോക്ക് സമീപനം ഉണ്ടായപ്പോൾ വകുപ്പ് തലത്തിൽ തന്നെ ഇടപെടൽ നടത്തി.
പത്തനംതിട്ട നഗരത്തിന്റെ ശാപമാണ് ഈ പദ്ധതി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സന്നദ്ധതയറിയിച്ചവർക്ക് തുക ഉടൻ വിതരണം ചെയ്യുമെന്നും അവശേഷിക്കുന്നവരുമായി ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരാന്റെ പിള്ളയുടെ അച്ഛനാവുകയല്ല, പിള്ള തന്നെ ജനിക്കാത്ത സ്ഥലത്ത് പദ്ധതി നടപ്പാക്കുവാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അബിൻ വർക്കി എം.എൽ.എ. വ്യക്തമാക്കി. ആകെയുള്ള 43 കോടിയിൽ 34 കോടി രൂപയും കരാറുകാരന് നൽകിയിട്ടുണ്ട്. രണ്ടുകോടി രൂപയുടെ ബില്ലാണ് മാറുവാന്‍ ബാക്കിയുള്ളത്. ജനറൽ ആശുപത്രി വികസനത്തിനും അടിയന്തിര പ്രാധാന്യം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ആഴ്ച്ചയിൽ എല്ലാ ദിവസവും കാർഡിയോളജി ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും. ഇതിന് മുന്നോടിയായി ആരോഗ്യ വകുപ്പ് സെക്രട്ടറി ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനം സംബന്ധിച്ചും ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അബിൻ വർക്കി എം.എൽ.എ. പറഞ്ഞു. അബാൻ, കെ.എസ്.ആർ.ടി.സി., ചുട്ടിപ്പാറ, ഇലന്തൂർ കോളേജ്, ജനറൽ ആശുപത്രി വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻ ജനപ്രതിനിധി നടത്തിയ വികസനത്തിന്റെ ഗുണഭോക്താക്കൾ ആരാണ് എന്ന ചോദ്യമാണ് പൊതുസമൂഹത്തിന് മുന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം സി.പി.എം. നേതാക്കളുടേത് രാഷ്ട്രീയ ദുരാരോപണമാണെന്നും ഇതൊക്കെ പറയിപ്പിക്കാനാണ് തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതെന്നും എം.എൽ.എ. പരിഹസിച്ചു. മുൻ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരായ അക്രമ ആരോപണം സംഭവിക്കാത്ത കാര്യങ്ങളാണ്. 16 ക്യാമറകളും കാണാതെ എങ്ങനെയാണ് അക്രമിച്ചതെന്നുള്ള ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ഗൺമാൻ പറഞ്ഞ മൊഴി പറഞ്ഞ് പറയിപ്പിച്ചതാണെന്ന് വ്യക്തമായി. ഒരാൾ പറഞ്ഞ നുണയുടെ പേരിൽ കേരളത്തിലുടനീളം നടന്ന അക്രമ പരമ്പരകൾ കണ്ടതാണ്. വിഷയത്തിൽ സി.പി.എം. നേതൃത്വവും വീണാ ജോർജ്ജും മാപ്പുപറയണമെന്നും അബിൻ വർക്കി എം.എൽ.എ. ആവശ്യപ്പെട്ടു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം





