Skip to content

നവംബർ 21 ന് ഗുരുവായൂർ ഏകാദശി : പൊതുവരിയിലെ ഭക്തർക്ക് ദർശനത്തിന് മുൻഗണന നല്‍കും

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നവംബർ 21 ശനിയാഴ്ച ഉദയാസ്തമന പൂജ വഴിപാട് ഉൾപ്പെടെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഗീതാദിനമായ അന്ന് രാവിലെ ഏഴുമുതൽ ക്ഷേത്രത്തിലെ ആധ്യാത്മിക ഹാളിൽ സമ്പൂർണ ശ്രീമദ് ഭഗവദ്ഗീതാ പാരായണം നടക്കും. ഏകാദശി ദിവസം വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പൊതുവരിയിൽ നിന്ന് ദർശനത്തിനെത്തുന്ന ഭക്തർക്ക് പ്രഥമ പരിഗണന നൽകാനാണ് ദേവസ്വം ഭരണസമിതിയുടെ തീരുമാനം. രാവിലെ അഞ്ചുമുതൽ വൈകിട്ട് അഞ്ചുവരെ സ്പെഷ്യൽ ദർശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കില്ല.

പ്രാദേശിക, സീനിയർ സിറ്റിസൺ വിഭാഗങ്ങളിലുള്ളവരുടെ ദർശനം പുലർച്ചെ 3.30 ന് ആരംഭിച്ച് രാവിലെ 4.30 ന് അവസാനിക്കും. ദശമി ദിവസമായ നവംബർ 20 ന് പുലർച്ചെ നിർമ്മാല്യത്തോടെ ആരംഭിക്കുന്ന ദർശനം പൂജാസമയങ്ങൾ ഒഴികെ ദ്വാദശി ദിവസമായ നവംബർ 22 ന് രാവിലെ എട്ടുവരെ തുടരും. ദ്വാദശി ദിവസം രാവിലെ എട്ടിന് ക്ഷേത്രനട അടച്ചതിനുശേഷം വിവാഹം, ചോറൂൺ, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കില്ല. ഏകാദശി, ദ്വാദശി ദിവസങ്ങളിൽ നിർമ്മാല്യ ദർശനവും ഉണ്ടായിരിക്കില്ല. ഏകാദശി വിഭവങ്ങളോടുകൂടിയ പ്രസാദ ഊട്ട് രാവിലെ ഒന്‍പതുമുതൽ അന്നലക്ഷ്മി ഹാൾ, അതിനോടു ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ ഭക്തർക്കായി നൽകും. ഉച്ചയ്ക്ക് രണ്ടിന് പ്രസാദ ഊട്ടിനുള്ള ക്യൂ അവസാനിപ്പിക്കും.

തുടർന്ന് ബുഫേ സമ്പ്രദായത്തിൽ പ്രസാദ ഊട്ട് നൽകും. പ്രസാദ ഊട്ടിനുള്ള ക്യൂ വേദപാഠശാല റോഡിലൂടെ വടക്കേ ഇന്നർ റിങ് റോഡിലേക്കും ക്രമീകരിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി ദിവസങ്ങളിൽ പ്രഭാതഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടായിരിക്കില്ല. ഈ മൂന്ന് ദിവസങ്ങളിലെ പ്രസാദ ഊട്ടിനായി 42.75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണസമിതി അംഗീകാരം നൽകിയിട്ടുണ്ട്. ഏകാദശി ദിവസം രാത്രി 12 മുതൽ ക്ഷേത്രനട രാവിലെ അടയ്ക്കുന്നതുവരെ ഭക്തർക്ക് ദ്വാദശിപ്പണം സമർപ്പിക്കാം. ദ്വാദശി ദിവസം രാവിലെ ഏഴുമുതൽ ദ്വാദശി ഊട്ട് ആരംഭിക്കും. ദ്വാദശി ദിവസം രാവിലെ എട്ടുവരെ മാത്രമായിരിക്കും ദർശന സൗകര്യം. ഗുരുവായൂർ ഏകാദശി ദിവസം രാവിലെ ഒന്‍പതുമുതൽ വൈകിട്ട് ഏഴുവരെ ദേവസ്വത്തിന്‍റെ ആയുർവേദ, അലോപ്പതി വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ക്ഷേത്രസന്നിധിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തിക്കും. അടിയന്തിര ഘട്ടങ്ങളിൽ ഭക്തർക്ക് ഇവിടെനിന്ന് പ്രഥമ ശുശ്രൂഷ ലഭിക്കും.

മണ്ഡല തീർഥാടനകാലത്ത് ഭക്തർക്കായി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ ഹോമിയോ ഡിസ്പെൻസറിയും പ്രവർത്തിക്കും. ഗജരാജൻ ഗുരുവായൂർ കേശവന്‍റെ സ്മരണയ്ക്കായി ദശമി ദിവസമായ നവംബർ 20 ന് രാവിലെ ഏഴിന് പുന്നത്തൂർ ആനത്താവളത്തിലെ ഗജവീരന്മാർ പങ്കെടുക്കുന്ന ഘോഷയാത്ര നടക്കും. ഗുരുവായൂർ കേശവന്‍റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശ്രീ തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട് ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി കേശവന്‍റെ പ്രതിമയിൽ സ്മരണാഞ്ജലി അർപ്പിക്കും. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും പ്രതിമയിൽ പുഷ്പാർച്ചന നടത്തും. പുന്നത്തൂർ ആനത്താവളത്തിലെ ഇന്ദ്രസെൻ, ബൽറാം, ചെന്താമരാക്ഷൻ, കൃഷ്ണ, നവനീത് കൃഷ്ണൻ, രവികൃഷ്ണൻ, വലിയ വിഷ്ണു, പീതാംബരൻ, ശ്രീധരൻ, രശ്മി, ദേവി, ലക്ഷ്മികൃഷ്ണ എന്നീ ആനകൾ ഘോഷയാത്രയിൽ പങ്കെടുക്കും. കൊമ്പൻ ബൽറാം ഗുരുവായൂരപ്പന്‍റെ ഛായാചിത്രവും ഇന്ദ്രസെൻ കേശവന്‍റെ ഛായാചിത്രവും ചെന്താമരാക്ഷൻ മഹാലക്ഷ്മിയുടെ ഛായാചിത്രവും വഹിക്കും. തുടർന്ന് പുന്നത്തൂർ കോട്ടയിൽ ആനയൂട്ട് നടക്കും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

നവംബർ 21 ന് ഗുരുവായൂർ ഏകാദശി : പൊതുവരിയിലെ ഭക്തർക്ക് ദർശനത്തിന് മുൻഗണന നല്‍കും pathanamthittamedia.com