Skip to content

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ പുതിയ പാത തേടി ഇറാഖ് ; കരമാർഗ്ഗമുള്ള എണ്ണ നീക്കം പരീക്ഷിക്കുന്നു

ബസ്റ: ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതോടെ എണ്ണ കയറ്റുമതിക്ക് ബദൽ മാർഗങ്ങൾ തേടി ഇറാഖ്. സിറിയ വഴി കരമാർ​ഗമുള്ള എണ്ണനീക്കമാണ് ഇറാഖ് നടത്തുന്നത്. പതിറ്റാണ്ടുകളായി കാര്യമായി ഉപയോഗിക്കാതിരുന്ന സിറിയ വഴിയുള്ള കരമാർഗമാണ് ഇറാഖ് വീണ്ടും സജീവമാക്കുന്നത്. നൂറുകണക്കിന് എണ്ണ ടാങ്കർ ട്രക്കുകളാണ് ഇറാഖിലെ ബസ്റയ്ക്ക് സമീപമുള്ള സംഭരണ കേന്ദ്രത്തിൽ നിന്ന് സിറിയയിലെ ബനിയാസ് തുറമുഖത്തേക്ക് എണ്ണയുമായി യാത്ര ചെയ്യുന്നത്. സാധാരണയായി ഗൾഫ് മേഖലയിലെ തുറമുഖങ്ങൾ വഴിയാണ് ഭൂരിഭാഗം എണ്ണയും ഇറാഖ് കയറ്റുമതി ചെയ്തു കൊണ്ടിരുന്നത്. എന്നാൽ ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ ബദൽ കയറ്റുമതി മാർഗങ്ങൾ കണ്ടെത്താനുള്ള നീക്കം ഇറാഖ് നടത്തുന്നത്.

ഒപെക് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്സിറിയയിലെ വർഷങ്ങളായുള്ള ആഭ്യന്തര സംഘർഷങ്ങൾക്ക് വിരാമമായതും ഈ കരമാർഗത്തിന് വീണ്ടും പ്രാധാന്യം ലഭിക്കാൻ കാരണമായിട്ടുണ്ട്. ഗതാഗതച്ചെലവ് കൂടുതലാണെങ്കിലും ഇതുവഴിയുള്ള ​എണ്ണ കയറ്റുമതി വർദ്ധിപ്പിക്കാനാണ് ഇറാൻ്റെ നീക്കമെന്നാണ് റിപ്പോർട്ട്. ഇറാഖിൽ നിന്ന് സിറിയയിലേക്ക് എണ്ണ എത്തിക്കുന്നതിനുള്ള പുതിയ കരാർ ഖത്തർ ആസ്ഥാനമായുള്ള ഊർജ കമ്പനിയായ യുഇസിസി ഹോൾഡിങ് (UCC Holding) ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം മുതലാണ് യുഇസിസി ട്രക്കുകൾ വഴി ഇറാഖി എണ്ണ സിറിയയിലെ ബനിയാസ് തുറമുഖത്തേക്ക് എത്തിച്ചുതുടങ്ങിയത്.

ഇറാഖിലെ സർക്കാർ ഉടമസ്ഥതയിലുള്ള ബസ്റ ഓയിൽ കമ്പനിയുടെ ഡയറക്ടർ ജനറൽ ബാസിം അബ്ദുൽ കരീമാണ് ഇക്കാര്യം അറിയിച്ചത്.സർക്കാർ എണ്ണ വിപണന കമ്പനിയായ സോമോയുടെ (SOMO) കരാർ പ്രകാരം പ്രതിദിനം 1.20 ലക്ഷം മുതൽ 1.50 ലക്ഷം ബാരൽ വരെ എണ്ണയാണ് യുഇസിസി കടത്തുന്നത്. ലഭ്യമായ ട്രക്കുകളുടെ എണ്ണത്തിനനുസരിച്ച് കയറ്റുമതി അളവിൽ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖിന്റെ തെക്കൻ മേഖലയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ക്രൂഡ് ഓയിൽ ട്രക്കുകളിൽ കയറ്റി മെഡിറ്ററേനിയൻ തീരത്തുള്ള ബനിയാസ് തുറമുഖത്തെത്തിച്ചാണ് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി.

നിലവിൽ 6,000 ട്രക്കുകളുള്ള യുഇസിസി ഈ പാതയ്ക്കായി വാഹനങ്ങളുടെ എണ്ണം 10,000 ആയി ഉയർത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും റിപ്പോർട്ടുണ്ട്. ഏകദേശം 10,000 ഡ്രൈവർമാരും ഈ പ്രവർത്തനത്തിനായി കമ്പനിക്കുണ്ടെന്നാണ് കരാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പ്രതിദിനം ഏകദേശം 1.50 ലക്ഷം ബാരൽ എണ്ണയാണ് ബനിയാസിൽ ഇറക്കുന്നത്. ബസ്റയ്ക്ക് സമീപമുള്ള ടൂബ സംഭരണ കേന്ദ്രത്തിൽ നിന്ന് എണ്ണ കയറ്റി സിറിയയിലെ ബനിയാസിലേക്ക് എത്തിക്കുന്നതിന് തിരിച്ചുള്ള യാത്രയുൾപ്പെടെ പരമാവധി അഞ്ച് ദിവസം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  3. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  4. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  5. കെ.പി.സി.സി അധ്യക്ഷനൊപ്പം കണ്‍വീനറെയും മാറ്റണം ; അടൂര്‍പ്രകാശിനെ ഉന്നമിട്ട് വി.ഡി. പക്ഷം

Share on WhatsApp

Share this story

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ പുതിയ പാത തേടി ഇറാഖ് ; കരമാർഗ്ഗമുള്ള എണ്ണ നീക്കം പരീക്ഷിക്കുന്നു pathanamthittamedia.com