ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി : തീര്‍ത്ഥാടകരെ സ്വീകരിക്കുവാന്‍ ജില്ലാ ഭരണകൂടം സജ്ജം
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അവസാന ഘട്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും പൂര്‍ണ്ണ സജ്ജമായതായും ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ അറിയിച്ചു. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി കളക്ടറേറ്റ് ഗവി ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എച്ച്., കെ.എസ്.ടി.പി. എന്നിവയ്ക്ക് ലഭിച്ച ഫണ്ടുകള്‍ സമയബന്ധിതമായി വിനിയോഗിച്ച് മണ്ണാറക്കുളഞ്ഞി മുതലുള്ള റോഡുകളുടെ വശങ്ങള് വൃത്തിയാക്കുകയും മാര്‍ക്കിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. നിശ്ചയിച്ച സമയപരിധിയുടെ മൂന്നിലൊന്ന് സമയം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചാലക്കയം – പമ്പ റോഡിന്റെ ഉദ്ഘാടനം നവംബര്‍ 15 ന് രാവിലെ പൊതുമരാമത്ത്, ദേവസ്വം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിക്കും.
അന്നേ ദിവസം തന്നെ കെ.എസ്.ഇ.ബി. പൂര്‍ത്തീകരിച്ച ചാലക്കയം – പമ്പ റോഡിന്റെ വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നടക്കും. ശുചിത്വ മിഷന്, തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ നേതൃത്വത്തില്‍ ആദ്യമായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നായി 1,35,000 കിലോ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ദേവസ്വം ബോര്‍ഡും സാനിറ്റേഷന്‍ സൊസൈറ്റിയും സംയുക്തമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സന്നിധാനവും പമ്പയും പൂര്‍ണ്ണമായും മാലിന്യമുക്തമായി തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ പരിശ്രമങ്ങളെ എടുത്തുകാട്ടിയ അദ്ദേഹം അവരെ പ്രത്യേകം അഭിനന്ദിച്ചു.
പരമ്പരാഗത പാതയായ നീലിമല – അപ്പാച്ചിമേട് റോഡില്‍ 24 മണിക്കൂറും തുടര്‍ച്ചയായ ശുചീകരണം ഉറപ്പാക്കാനും വശങ്ങള് മാലിന്യമുക്തമാക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡുകളും കൂടുതല്‍ മൊബൈല്‍ ടോയ്ലറ്റുകളും സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ച മൂന്നുകോടി 30 ലക്ഷത്തോളം രൂപ ശബരിമല തീര്‍ത്ഥാടന കാലയളവില്‍ വിനിയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം കെ.എസ്.ഇ.ബി. ഒരു അധിക ഇ.വി. ചാര്‍ജ്ജിംഗ് സ്റ്റേഷന് കൂടി പൂര്‍ത്തീകരിച്ചതായും എല്ലാ ഇടത്താവളങ്ങളിലും മൊബൈല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
പോലീസിനായി ആറ് പുതിയ ബാരക്കുകള്‍ നിര്‍മ്മിച്ചു. ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്കായി റോഡുകളില്‍ സ്റ്റിക്കറുകളും ബ്ലിങ്കറുകളും സ്ഥാപിക്കുന്ന പ്രവൃത്തികള്‍ എന്‍.എച്ച്., പി.ഡബ്ല്യു.ഡി. വിഭാഗങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ കിയോസ്കുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പമ്പയില്‍ എല്ലാ വകുപ്പുകളുടെയും നോഡല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഐ.സി.ആര്. സജ്ജമാക്കി. ജനുവരി അവസാനം വരെ നീളുന്ന തീര്‍ത്ഥാടന കാലയളവില്‍ എല്ലാ വകുപ്പുകളും ഒരേ ആവേശത്തോടെയും ഏകോപനത്തോടെയും പ്രവര്‍ത്തിക്കണമെന്നും ചെറിയ വിഷയങ്ങള്‍ പോലും അടിയന്തിരമായി ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവൃത്തികളും ടോയ്ലറ്റ് നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുന്നൊരുക്കങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും തദ്ദേശസ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നതായും കളക്ടര്‍ പറഞ്ഞു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി മണ്ഡലകാലത്ത് 5000 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിലയ്ക്കലില്‍ പോലീസിന്റെ നിയന്ത്രണത്തിലുള്ള എ.ഐ. പാര്‍ക്കിംഗ് സംവിധാനം അവസാനഘട്ടത്തിലാണ്. ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. നട തുറക്കുന്നതിന് ഒരു ദിവസം മുന്‍പ് എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് എത്തും. ആരോഗ്യവകുപ്പിന്റെ പമ്പ സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രികള്‍ നവംബര്‍ 17 മുതല്‍ പ്രവര്‍ത്തിക്കും. ഇ.ഒ.സി. സ്റ്റാഫുകള്‍ക്ക് നവംബര്‍ 14 ന് പരിശീലനം നല്‍കും.
ദേവസ്വം ബോര്‍ഡില്‍ നിന്ന് കടകളുടെ വിവരങ്ങള്‍ ശേഖരിച്ച് ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്ന് ഉറപ്പാക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശബരിമല, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലായി 50 ഓളം ആംബുലന്‍സുകളും സജ്ജമാക്കും. എ.എല്‍.എസ്., ബി.എല്‍.എസ്. ആംബുലന്‍സുകള്‍, നാല് ഓഫ് റോഡ് ആംബുലന്‍സുകള്‍ ഉള്ളപ്പെടെയാണ് സജ്ജമാക്കുക. കെ.എസ്.ആര്.ടി.സി. 148 ചെയിന്‍ സര്‍വീസുകളും 40 എ.സി. ബസുകളും അഞ്ച് മിനി ബസുകളും സജ്ജമാക്കും. പോലീസിന്റെ നിര്‍ദേശാനുസരണം പമ്പയിലേക്കുള്ള ട്രിപ്പുകള്‍ ക്രമീകരിക്കും. ബി.എസ്.എന്‍.എല്‍. ന്റെ ടവറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതും താത്കാലിക ടവറുകള്‍ സ്ഥാപിക്കുന്നതുമുള്‍പ്പടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും





