Skip to content

ദക്ഷിണ ഗംഗോത്രിയുടെ നിർമ്മാണ ചരിത്രവുമായി ഡോക്യുമെന്‍ററി : 1983 ലെ ഇന്ത്യൻ അന്റാർട്ടിക് ദൗത്യത്തിന്‍റെ അപൂർവ ദൃശ്യാവിഷ്‌കാരം

കൊച്ചി : കൊടുംതണുപ്പിനെയും ഹിമപാതങ്ങളെയും അതിജീവിച്ച് ഇന്ത്യ അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രമായ ദക്ഷിണ ഗംഗോത്രിയുടെ നിർമ്മാണ ചരിത്രം ദൃശ്യാവിഷ്‌കാരമാക്കിയ ഡോക്യുമെന്‍ററി ശ്രദ്ധേയമായി. ‘മിറക്കിൾ ഇൻ അന്റാർട്ടിക്ക : ദ ഫോർഗോട്ടൻ സ്റ്റോറി ഓഫ് ദക്ഷിണ ഗംഗോത്രി’ എന്ന 75 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്‍ററി സി.എം.എഫ്.ആർ.ഐയിൽ പ്രദർശിപ്പിച്ചു. 1983 ലെ മൂന്നാമത് ഇന്ത്യൻ അന്റാർട്ടിക് പര്യവേക്ഷണത്തിന്‍റെ ഭാഗമായി ആദ്യ ഗവേഷണ കേന്ദ്രം സ്ഥാപിച്ച ഇന്ത്യൻ സംഘത്തിന്‍റെ അതിജീവനത്തിന്‍റെയും അസാധാരണമായ പരിശ്രമത്തിന്‍റെയും കഥയാണ് ഡോക്യുമെന്‍ററിയുടെ പ്രമേയം. പ്രതികൂല കാലാവസ്ഥയും ഹിമപാതങ്ങളും വെല്ലുവിളി ഉയർത്തിയപ്പോഴും നിശ്ചിത സമയത്തിനുള്ളിൽ ഗവേഷണ കേന്ദ്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കിയ സംഘത്തിന്‍റെ ഇച്ഛാശക്തി ചിത്രം വരച്ചുകാട്ടുന്നു.

അന്റാർട്ടിക്കയിൽ എത്തിയതിന് തൊട്ടുപിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ സംഭവമടക്കമുള്ള നിർണായക മുഹൂർത്തങ്ങളും ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൗത്യസംഘത്തലവനും സമുദ്രവികസന വകുപ്പ് മുൻ സെക്രട്ടറിയുമായ ഡോ.ഹർഷ് കെ.ഗുപ്ത, സി.എം.എഫ്.ആർ.ഐ. മുൻ ശാസ്ത്രജ്ഞൻ ഡോ.കെ.ജെ.മാത്യു, ഡോ.അശോക് കുമാർ ഹഞ്ചൂറ എന്നിവരുമായുള്ള അഭിമുഖങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സൗരഭ് റാവുവാണ് ഡോക്യുമെന്‍ററിയുടെ നിർമ്മാതാവ്. പ്രദർശനത്തോടനുബന്ധിച്ച് ദൗത്യകാലത്തെ അനുഭവങ്ങൾ പങ്കുവെച്ച ഡോ.കെ.ജെ.മാത്യു, അന്റാർട്ടിക് പര്യവേക്ഷണം അത്യപൂർവവും വെല്ലുവിളികൾ നിറഞ്ഞതുമായ അനുഭവമായിരുന്നുവെന്ന് പറഞ്ഞു. സി.എം.എഫ്.ആർ.ഐയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ദൗത്യത്തിൽ പങ്കെടുത്തത്.

അന്റാർട്ടിക്കയിലെ ഒരൊറ്റ വേനൽക്കാലത്തിനുള്ളിൽ ഗവേഷണ കേന്ദ്രത്തിനാവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും എട്ട് മുതൽ 16 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യേണ്ടിവന്നു. ദൗത്യത്തിനിടെ നാല് വലിയ ഹിമപാതങ്ങളെയാണ് സംഘം നേരിട്ടത്. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിലായിരുന്നു ഏറ്റവും ശക്തമായ കാറ്റ്. അന്റാർട്ടിക്കയിലെത്തി രണ്ടാം ദിവസം തന്നെ വ്യോമസേനയുടെ വലിയ ഹെലികോപ്റ്റർ തകർന്നുവീണത് പ്രതിസന്ധി വർധിപ്പിച്ചു. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് നിശ്ചിത സമയത്തിനുള്ളിൽ ദക്ഷിണ ഗംഗോത്രിയുടെ നിർമ്മാണം പൂർത്തിയാക്കാൻ സംഘത്തിന് സാധിച്ചുവെന്ന് അദ്ദേഹം അനുസ്മരിച്ചു. അന്റാർട്ടിക്കയിലേക്കുള്ള ഒരു മാസത്തെ യാത്രയും അവിടുത്തെ രണ്ടു മാസത്തെ താമസവും മടക്കയാത്രയുമടക്കം ഏകദേശം നാലു മാസത്തോളം നീണ്ടുനിന്നതായിരുന്നു ദൗത്യം.

ഇന്ത്യയുടെ അന്റാർട്ടിക് ഗവേഷണ ചരിത്രത്തിലെ നിർണായക നാഴികക്കല്ലായിരുന്നു ദക്ഷിണ ഗംഗോത്രിയുടെ സ്ഥാപനം. മഞ്ഞുഭൂമിയിൽ സ്ഥിരമായ ശാസ്ത്രീയ ഗവേഷണങ്ങൾക്ക് ഇതിലൂടെ ഇന്ത്യയ്ക്ക് തുടക്കം കുറിക്കാനായി. പിന്നീട് മഞ്ഞുമൂടിയതിനെത്തുടർന്ന് ഈ കേന്ദ്രത്തിന്‍റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നെങ്കിലും തുടർന്നുവന്ന മൈത്രി, ഭാരതി എന്നീ ഗവേഷണ കേന്ദ്രങ്ങളുടെ സ്ഥാപനത്തിന് വഴിയൊരുക്കിയത് ദക്ഷിണ ഗംഗോത്രിയായിരുന്നു. മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എം.ബി.എ.ഐ.) നേതൃത്വത്തിലായിരുന്നു ഡോക്യുമെന്‍ററി പ്രദർശനം. റാഞ്ചി ബിർസ കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജോർജ്ജ് ജോൺ മുഖ്യാതിഥിയായി. സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ്ജ് അധ്യക്ഷത വഹിച്ചു. നിർമ്മാതാവ് സൗരഭ് റാവു ഡോക്യുമെന്‍ററി പരിചയപ്പെടുത്തി. എൻ.പി.ഒ.എൽ. മുൻ ഡയറക്ടർ ഡോ.എസ്.അനന്തനാരായണൻ, എം.ബി.എ.ഐ. സെക്രട്ടറി ഡോ.രേഖ ജെ.നായർ, സി.എം.എഫ്.ആർ.ഐ. സീനിയർ സയന്‍റിസ്റ്റ് ഡോ.വിദ്യ ആർ. എന്നിവർ സംസാരിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

  3. ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ

  4. ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി

  5. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ആരോപണമുനയിൽ മേയർ വി വി രാജേഷ്

Share on WhatsApp

Share this story

ദക്ഷിണ ഗംഗോത്രിയുടെ നിർമ്മാണ ചരിത്രവുമായി ഡോക്യുമെന്‍ററി : 1983 ലെ ഇന്ത്യൻ അന്റാർട്ടിക് ദൗത്യത്തിന്‍റെ അപൂർവ ദൃശ്യാവിഷ്‌കാരം pathanamthittamedia.com