ബംഗാൾ ഉൾക്കടൽ മേഖലയിൽ സമുദ്ര ഗവേഷണ ശൃംഖല നിലവിൽ വന്നു
കൊച്ചി : ബംഗാൾ ഉൾക്കടൽ മേഖലയിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഭീഷണികളെ നേരിടാനും ശാസ്ത്രീയമായ ഫിഷറീസ് മാനേജ്‌മെന്‍റ് ശക്തമാക്കുന്നതിനുമായി ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലി ദ്വീപ് എന്നീ രാജ്യങ്ങൾ ചേര്‍ന്ന് ബേ ഓഫ് ബംഗാൾ സമുദ്രഗവേഷണ ശൃംഖലക്ക് (ബോബ് – നോർ) രൂപം നൽകി. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ.) നടക്കുന്ന അന്താരാഷ്ട്ര സമുദ്ര സിമ്പോസിയത്തിന്‍റെ ഭാഗമായി ചേർന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ യോഗത്തിലാണ് പുതിയ നീക്കം. സമുദ്രപഠന വിവരങ്ങൾ മത്സ്യബന്ധന ഗവേഷണത്തിലും പരിപാലനത്തിലും സമഗ്രമായി ഉൾപ്പെടുത്തുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. സമുദ്ര നിരീക്ഷണ വിവരങ്ങൾ, കാലാവസ്ഥാ വ്യതിയാന വിവരങ്ങൾ, ഫിഷറീസ് ഡേറ്റ എന്നിവ ഏകോപിപ്പിച്ച് മേഖലയിലെ മത്സ്യ സമ്പത്തിലും അവയുടെ വ്യാപനത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ കൂടുതൽ കൃത്യമായി മനസിലാക്കാൻ വഴിയൊരുക്കുന്നതാണ് പദ്ധതി.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലി ദ്വീപ് പ്രതിനിധികൾക്ക് പുറമെ അമേരിക്ക, ബ്രസീൽ, ചിലി, പോർച്ചുഗൽ, യു.കെ., ഗ്രീസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുൻനിര സമുദ്രശാസ്ത്രജ്ഞരും ചർച്ചയിൽ പങ്കെടുത്തു. ഉപഗ്രഹ നിരീക്ഷണം, സമുദ്രശാസ്ത്ര സർവേകൾ, കാലാവസ്ഥാ വിവരങ്ങൾ, മത്സ്യബന്ധന ഡേറ്റ എന്നിവ കോർത്തിണക്കിയായിരിക്കും നെറ്റുവര്‍ക്കിന്‍റെ പ്രവർത്തനം. സമുദ്രോപരിതല താപനിലയിലെ വ്യതിയാനങ്ങൾ, മൺസൂൺ രീതികൾ, ലവണാംശം, സമുദ്ര ഉത്പാദനക്ഷമത എന്നിവ മത്സ്യ ലഭ്യതയെയും ഉത്പാദനത്തെയും ഏതൊക്കെ രീതിയിലാണ് ബാധിക്കുന്നതെന്ന് വിശദമായി പഠിക്കും. പരമ്പരാഗത രീതികൾക്കുപകരം കാലാവസ്ഥാ പ്രവചനങ്ങൾ മുന്നിൽക്കണ്ടുള്ള സുസ്ഥിര മത്സ്യബന്ധന മാനേജ്മെന്‍റ് രീതികളിലേക്ക് മാറാൻ ഇത് സഹായിക്കും.
ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്‍റർ – ഗവൺമെന്‍റെൽ ഓർഗനൈസേഷന്‍റെ (ബി.ഒ.ബി.പി.) ഏകോപനത്തിലാണ് ഈ സംരംഭം നടപ്പാക്കുന്നത്. കേന്ദ്ര ഫിഷറീസ് വകുപ്പ്, ജിയോ ബ്ലൂ പ്ലാനറ്റ്, ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു യോഗം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബി.മീനാകുമാരി മുഖ്യാതിഥിയായി. സമുദ്രോപരിതല താപനില പോലെയുള്ള വിവരങ്ങൾ കൃത്യ സമയത്ത് ലഭ്യമാക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായകരമാകുമെന്ന് ഡോ.ബി.മീനാകുമാരി പറഞ്ഞു. ബി.ഒ.ബി.പി. ഡയറക്ടർ ഡോ.പി.കൃഷ്ണൻ, യു.കെ. യിലെ പ്ലിമൗത്ത് മറൈൻ ലബോറട്ടറി പ്രിൻസിപ്പൽ സയന്‍റിസ്റ്റ് പ്രൊഫ.ശുഭ സത്യേന്ദ്രനാഥ്, സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി





