Skip to content

മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിയെച്ചൊല്ലിയുള്ള അതൃപ്തി വീണ്ടും പരസ്യമാക്കി യു.ഡി.എഫ് കൺവീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അടൂർ പ്രകാശ്. മുന്നണി യോഗം ചേരാത്തതിന്റെ കാരണം യു.ഡി.എഫ് ചെയർമാനോടാണ് ചോദിക്കേണ്ടതെന്ന് തുറന്നടിച്ച അദ്ദേഹം, മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്തത്തെക്കുറിച്ചും പരിഹാസരൂപത്തിൽ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പേരെടുത്ത് വിമർശിക്കാതെ തന്നെ സതീശനോടുള്ള വിയോജിപ്പ് വീണ്ടും പരസ്യപ്പെടുത്തുകയായിരുന്നു അടൂർ പ്രകാശ്. യു.ഡി.എഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “അത് ചെയർമാനോടാണ് ചോദിക്കേണ്ടത്” എന്നായിരുന്നു മറുപടി. യു.ഡി.എഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശനെ ലക്ഷ്യമിട്ടുള്ള പ്രതികരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടെന്നതിന്റെ തെളിവുകൾ പുറത്തുവരുന്നുണ്ടല്ലോ എന്നായിരുന്നു മറ്റൊരു ചോദ്യത്തിന് അടൂർ പ്രകാശിന്റെ പരിഹാസം. മന്ത്രിമാർക്ക് സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് അവരോടുതന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. താൻ നേരത്തെ തുറന്നുപറഞ്ഞ അഭിപ്രായങ്ങളിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “കാര്യങ്ങളൊക്കെ പുറത്തുവരട്ടെ” എന്ന അടൂർ പ്രകാശിന്റെ പ്രതികരണവും ശ്രദ്ധേയമായി. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ നിലവിലെ ഭരണത്തിൽ തൃപ്തനാണോയെന്ന ചോദ്യത്തിന്, “അതൊക്കെ ഇപ്പോൾ പറയേണ്ട കാര്യമല്ലല്ലോ, തുടങ്ങിയതല്ലേ ഉള്ളൂ” എന്നായിരുന്നു മറുപടി. മുന്നണിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് എല്ലാ വിവരങ്ങളും തനിക്ക് ലഭിക്കണമെന്ന നിർബന്ധമില്ലെന്നും മന്ത്രിസഭയുടെ എല്ലാ തീരുമാനങ്ങളും കൺവീനറെ അറിയിക്കേണ്ടതില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയുടെ ഇടപെടലുമായി ബന്ധപ്പെട്ട് നടത്തിയ പരസ്യപ്രതികരണമാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് പശ്ചാത്തലമായത്. ജി.എൻ.എ (GNA) പ്ലാറ്റ്‌ഫോം വഴി വൈദ്യുതി വാങ്ങാനുള്ള നീക്കം പിൻവലിച്ച വിവരം മുഖ്യമന്ത്രിയും വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിലൂടെയാണ് ഉണ്ടായതെന്ന കാര്യം മാധ്യമവാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് സണ്ണി ജോസഫ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് മന്ത്രിമാരേക്കാൾ ഉയർന്ന പദവിയുണ്ടെന്നും ഏത് വകുപ്പിലും ആവശ്യമായ ഇടപെടൽ നടത്താമെന്നും സണ്ണി ജോസഫ് പ്രതികരിച്ചെങ്കിലും അന്തിമ തീരുമാനമെടുക്കുന്നത് മന്ത്രിസഭയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സണ്ണി ജോസഫിന്റെ ഈ പ്രസ്താവനയ്ക്കു പിന്നാലെയാണ് മന്ത്രിമാർക്കിടയിലെ അതൃപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് അടൂർ പ്രകാശ് പ്രതികരിച്ചത്. മന്ത്രിമാർക്ക് അതൃപ്തിയുണ്ടോയെന്ന് അവരോടുതന്നെ ചോദിക്കണമെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു. ഒക്ടോബർ ഒന്നിനും അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ സമാനമായ വിമർശനം ഉന്നയിച്ചിരുന്നു. യു.ഡി.എഫിന്റെ നിർണായക തീരുമാനങ്ങൾ പോലും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മുന്നണി യോഗങ്ങൾ വിളിക്കാത്തത് പ്രശ്നമാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുന്നണി ചെയർമാൻ എന്ന നിലയിൽ യോഗം വിളിക്കാൻ മുൻകൈയെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഒക്ടോബർ 10-ന് ഇതിന് മറുപടിയായി മുഖ്യമന്ത്രി വി.ഡി. സതീശൻ, സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ പാർട്ടി നേതൃത്വവുമായി ആലോചിച്ചാണ് എടുക്കുന്നതെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം ബോർഡ്–കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളിൽ വേഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അടൂർ പ്രകാശ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മുന്നണി യോഗങ്ങൾ, മന്ത്രിമാരുടെ അഭിപ്രായങ്ങൾ, സർക്കാർ തീരുമാനങ്ങളിലെ കൂടിയാലോചന എന്നിവയെച്ചൊല്ലിയുള്ള ചോദ്യങ്ങൾ ഒരിക്കൽ കൂടി യു.ഡി.എഫ് നേതൃത്വത്തിനുള്ളിലെ ഏകോപനത്തെ ചർച്ചയാക്കുകയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു pathanamthittamedia.com