Skip to content

മരുന്നുകളുടെ അമിതവിലക്കയറ്റം ; ഈ കൊള്ളയ്ക്ക് എന്തു ന്യായീകരണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : മരുന്നുകളുടെ അമിത വിലക്കയറ്റത്തിൽ വീണ്ടും ഇടപെട്ട് സുപ്രീംകോടതി. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. ജീവൻരക്ഷാ മരുന്നുകൾക്ക് യഥാർഥ വിലയേക്കാൾ പലമടങ്ങ് കൂടുതൽ തുക രോഗികളിൽ നിന്ന് ഈടാക്കുന്നതിനെ ആശുപത്രികൾ എങ്ങനെയാണ് ന്യായീകരിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഭീമമായ വില വ്യത്യാസത്തെ ചോദ്യം ചെയ്തത്. ഇന്ത്യയിലെ മരുന്ന് വിലനിർണ്ണയം, ട്രേഡ് മാർജിനുകൾ, മരുന്ന് വില നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

ഒരു മെഡിക്കൽ ഡിസ്ട്രിബ്യൂട്ടർക്ക് 11,000 രൂപയ്ക്ക് ലഭിക്കുന്ന കാൻസർ കുത്തിവെപ്പ് മരുന്നിന് ഒരു ആശുപത്രി 1.3 ലക്ഷം രൂപ ഈടാക്കിയ കേസ് കോടതി ചൂണ്ടിക്കാണിച്ചു. മരുന്നിന്റെ വില അമിതമാക്കി രോഗികളുടെമേൽ ഭാരം അടിച്ചേൽപ്പിക്കുന്നതിന് പകരം, ആശുപത്രികൾ തങ്ങളുടെ പ്രവർത്തനച്ചെലവ് കണ്ടെത്താൻ മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തണമെന്ന് കോടതി വ്യക്തമാക്കി. ഈ കൊള്ളയ്ക്ക് എന്തെങ്കിലും ന്യായീകരണമുണ്ടോയെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത ചോദിച്ചു. സ്വകാര്യ ആശുപത്രിയിൽ കാൻസർ ചികിത്സയിലായിരുന്ന ഭാര്യയ്ക്കായി മരുന്ന് വാങ്ങിയ ഒരു മെഡിക്കൽ ഡിസ്ട്രിബ്യൂട്ടറുടെ കേസ് പരാമർശിച്ചാണ് ബെഞ്ച് ഇക്കാര്യം പരാമർശിച്ചത്.

കീമോതെറാപ്പി സമയത്ത് ഉപയോഗിക്കുന്ന കുത്തിവെപ്പ് മരുന്ന് ഡീലർ വിലയായ 11,000 രൂപയ്ക്ക് തനിക്ക് ലഭിക്കുമെന്ന് ഡിസ്ട്രിബ്യൂട്ടർ ആശുപത്രിയെ അറിയിച്ചിരുന്നു. എന്നാൽ താൻ നൽകിയ മരുന്ന് നൽകാൻ ആശുപത്രി വിസമ്മതിക്കുകയും അതിനായി 1.3 ലക്ഷം രൂപ ഈടാക്കുകയും ചെയ്തുവെന്നാണ് ആരോപണം. സർക്കാർ ഇതിന് അനുവദിക്കുകയാണെന്നും സർക്കാരിന്റെ കൺമുന്നിലാണ് ഇത് സംഭവിക്കുന്നതെന്നും ബെഞ്ച് കേന്ദ്ര സർക്കാരിനോട് പറഞ്ഞു. ചികിത്സ അനിവാര്യമായ ഘട്ടത്തിൽ ആശുപത്രികളോട് വിലപേശാൻ രോഗികൾക്കോ, കുടുംബത്തിനോ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

മരുന്നുകൾ ചില്ലറ വ്യാപാരികൾക്ക് നൽകുന്ന വിലയും രോഗികളിൽ നിന്ന് ആത്യന്തികമായി ഈടാക്കുന്ന തുകയും തമ്മിൽ ഇത്രയധികം വ്യത്യാസം അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യയിലെ മരുന്ന് വില ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. മുഴുവൻ ഫാർമസ്യൂട്ടിക്കൽ മേഖലയും നിയന്ത്രിക്കുകയല്ല സർക്കാരിന്റെ നയമെന്നും അവർ വ്യക്തമാക്കി.

അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും മുഴുവൻ സമയ സേവനങ്ങളും നിലനിർത്താൻ ആരോഗ്യ സ്ഥാപനങ്ങൾക്ക് മരുന്നുകളിൽ നിന്നുള്ള വരുമാനം ആവശ്യമാണെന്ന് സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ഇൻഷുറൻസിൽ നിന്നും സർക്കാർ ആരോഗ്യ പദ്ധതികളിൽ നിന്നുമാണ് വരുന്നതെന്നും സ്വന്തം കൈയിൽ നിന്ന് പണം നൽകുന്ന രോഗികൾ 30 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികൾക്ക് രോഗികളിൽ നിന്ന് സേവനങ്ങൾക്ക് ഈടാക്കാം എന്നും എന്നാൽ മരുന്നുകളുടെ വില അവയുടെ യഥാർത്ഥ വിലയുടെ 100 അല്ലെങ്കിൽ 200 മടങ്ങ് കൂടുതൽ ഈടാക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

  3. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?

  4. വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു

  5. ചിറയിന്‍കീഴില്‍ മരണവീട്ടിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരിക്ക്

Share on WhatsApp

Share this story

മരുന്നുകളുടെ അമിതവിലക്കയറ്റം ; ഈ കൊള്ളയ്ക്ക് എന്തു ന്യായീകരണമെന്ന് സുപ്രീംകോടതി pathanamthittamedia.com