ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
പത്തനംതിട്ട : കേരളത്തിലെ സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് താങ്ങായി നിലകൊള്ളേണ്ട കെ.എസ്.എഫ്.ഇ. ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡി.സി.സി പ്രസിഡണ്ടും ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനുമായ ബാബു ജോര്‍ജ്ജ്. ചില ജീവനക്കാരുടെ പെരുമാറ്റം ഈ സ്ഥാപനത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നുവെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു. ഈ അഭിപ്രായത്തെ അനുകൂലിച്ച് നിരവധി ആളുകളാണ് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിട്ടുള്ളത്. ഏനാദിമംഗലം കെ.എസ്.എഫ്.ഇ. ബ്രാഞ്ചില്‍ കാലങ്ങളായി ഇദ്ദേഹത്തിന് അംഗത്വമുണ്ട്. ഈ ബ്രാഞ്ചില്‍ അദ്ദേഹം പല തവണ ചിട്ടികള്‍ക്ക് ചേരുകയും ഇതുവഴി നിരവധി സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം കൃത്യമായി അടച്ചിരുന്ന ചിട്ടിയുടെ അടവ് മുടങ്ങിയതോടെയാണ് കെ.എസ്.എഫ്.ഇ. യുടെ മറ്റൊരു മുഖം പുറത്തുവന്നത്. ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്.
കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകർക്കരുത് ; ജനങ്ങളോട് മാനുഷികമായി പെരുമാറണം!
കേരളത്തിലെ സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് വലിയ താങ്ങായി നിൽക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. എന്നാൽ ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഈ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കും ജനങ്ങൾക്കിടയിലെ പ്രതിച്ഛായയ്ക്കും മങ്ങലേൽപ്പിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട അധികാരികൾ ഗൗരവമായി പരിശോധിക്കണം. കഴിഞ്ഞ 55 വർഷമായി മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരാളാണ് ഞാൻ. എന്റെ രാഷ്ട്രീയ പ്രവർത്തന ചിലവ്, ബിസിനസ് ആവശ്യങ്ങൾ, മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ മുതലായവക്കായി ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവന്നിട്ടുണ്ട്. അതിൽ പ്രധാന പങ്ക് KSFE യ്ക്കുണ്ട്.
ഏനാദിമംഗലം കെഎസ്എഫ്ഇ ബ്രാഞ്ചിലെ വിവിധ കാലഘട്ടങ്ങളിലെ മാനേജർമാരുടെ നിർബന്ധവും പ്രോത്സാഹനവും മൂലം ഞാൻ ചിട്ടികളിൽ ചേർന്നിട്ടുണ്ട്. ആ സാമ്പത്തിക സഹായങ്ങൾ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനം എനിക്ക് നൽകിയ വലിയ തോതിലുള്ള സാമ്പത്തിക ബാധ്യതകൾ ഞാൻ ചിട്ടിയിലൂടെയാണ് തീർത്ത്കൊണ്ടിരിക്കുന്നത്. ഞാൻ മനഃപൂർവം പണം തിരിച്ചടയ്ക്കാതിരിക്കുന്ന ഒരാളല്ല. എന്നാൽ ഒന്നോ രണ്ടോ മൂന്നോ ഗഡുക്കൾ കുടിശ്ശികയായാൽ അത് പലിശ സഹിതം അടച്ച് തീർക്കാറുമുണ്ട്. അതിന്റെ പേരിൽ ഒരാളുടെ സാമൂഹികമായ അന്തസ്സിനെയും വ്യക്തിപരമായ അഭിമാനത്തെയും ബാധിക്കുന്ന രീതിയിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല.
എന്റെ അനുഭവത്തിൽ ഏനാദിമംഗലം ബ്രാഞ്ചിലെ ഒരു അസിസ്റ്റന്റ് മാനേജരുടെയും ഒരു വനിതാ ക്ലർക്കിന്റെയും ഭാഗത്തുനിന്നുണ്ടായ നടപടികൾ ഏറെ വേദനിപ്പിക്കുന്നതാണ്. 3 തവണ മുടങ്ങിയപ്പോൾ ആ തുകയും ഭാവിയിൽ അടക്കുവാനുള്ള തുകയും കൂടി ചേർത്ത് കൂട്ടിയിട്ട് ചിട്ടി പിടിച്ചപ്പോൾ ജാമ്യം നിന്ന സർക്കാർ ജീവനക്കാരിൽ നിന്നും ഈടാക്കുന്നതിനായി അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരികൾക്ക് നോട്ടീസയക്കുന്ന നടപടികൾ ഉണ്ടായിട്ടുണ്ട്. ഇത്തരം ഇടപെടലുകൾ ആവശ്യമായ നിയമനടപടികളുടെ പരിധിയിലാണോ, അതോ ഒരു വ്യക്തിയെ മാനസികമായി സമ്മർദത്തിലാക്കുന്ന രീതിയിലാണോ എന്നത് ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കണം. എന്റെ സാമ്പത്തിക സാഹചര്യം വിശദീകരിച്ച്, നിശ്ചിത തീയതിയായ 31-ാം തീയതിവരെ സമയം അനുവദിക്കണമെന്ന് ഞാൻ മാനേജർക്ക് രേഖാമൂലം അപേക്ഷ നൽകിയിട്ടുമുണ്ടായിരുന്നു.
ബാധ്യതകൾ തീർക്കാൻ തയ്യാറുള്ള ഒരാളോട് മാനുഷികമായ സമീപനം സ്വീകരിക്കേണ്ടതല്ലേ?
വായ്പ തിരിച്ചുപിടിക്കാനുള്ള അവകാശം സ്ഥാപനത്തിനുണ്ട്. എന്നാൽ അതിന്റെ പേരിൽ ഒരു വ്യക്തിയുടെ അന്തസ്സിനെ മുറിവേൽപ്പിക്കാനുള്ള അവകാശം ആർക്കുമില്ല. ഞാൻ കെഎസ്എഫ്ഇക്കെതിരല്ല. മറിച്ച് സാധാരണക്കാരന് താങ്ങായി നിൽക്കുന്ന ഈ സ്ഥാപനത്തെ ഏറെ വിലമതിക്കുന്ന ഒരാളാണ്. ഏകദേശം 35 വർഷത്തിൽ കൂടുതലായി ഞാൻ KSFE യുടെ ഉപഭോക്താവാണ്.
അനേകം മാനേജർമാരും മറ്റ് ജീവനക്കാരും നിയമത്തിനപ്പുറം പല വിട്ടുവീഴ്ചകളും ഉപഭോക്താക്കളോട് ചെയ്തത് കൊണ്ടു തന്നെയാണ് KSFE ഇത്രയും വളർന്നത്. അതുകൊണ്ടുതന്നെയാണ് സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്നുവെന്ന് ഞാൻ കരുതുന്ന ഇത്തരം അനുഭവങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. കെഎസ്എഫ്ഇയുടെ ബന്ധപ്പെട്ട റീജണൽ മാനേജരോടും ഉന്നത ഉദ്യോഗസ്ഥരോടും എനിക്ക് പറയാനുള്ളത് ഇത്രമാത്രം.
ഏനാദിമംഗലം ബ്രാഞ്ചിൽ നടക്കുന്നുവെന്ന് ഞാൻ ആരോപിക്കുന്ന ഇത്തരം നടപടികൾ നിഷ്പക്ഷമായി അന്വേഷിക്കണം. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തബോധവും മാനുഷിക പരിഗണനക്കുള്ള മനസ്സും ഉറപ്പാക്കണം. കുടിശ്ശികയുള്ളവരോട് നിയമാനുസൃതമായി ഇടപെടുന്നതിനൊപ്പം അവരുടെ സ്വകാര്യതയും വ്യക്തിമഹത്വവും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെ സഹായിക്കേണ്ട സ്ഥാപനങ്ങൾ അവരെ അപമാനിക്കുന്ന അനുഭവങ്ങളുടെ കേന്ദ്രങ്ങളായി മാറരുത്. എന്റെ പ്രതിഷേധം കെഎസ്എഫ്ഇ എന്ന സ്ഥാപനത്തിനെതിരല്ല, സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന് ഞാൻ കരുതുന്ന ചില ഉദ്യോഗസ്ഥരുടെ നടപടികൾക്കെതിരെയാണ്. ഈ വിഷയത്തിൽ ബന്ധപ്പെട്ടവർക്ക് ഞാൻ പരാതികൾ നൽകിയിട്ടുള്ളതുമാണ്.
എന്റെ ബാധ്യതകൾ തീർക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. അതുപോലെ, ജനങ്ങളോട് മാന്യമായി പെരുമാറാനുള്ള ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുമുണ്ട്. നിയമവും നീതിയും മാനുഷികതയും ഒരുമിച്ച് നിലനിൽക്കട്ടെ. കെഎസ്എഫ്ഇയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടട്ടെ !
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?
-
വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു
-
ചിറയിന്‍കീഴില്‍ മരണവീട്ടിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരിക്ക്





