ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പത്തനംതിട്ട : ജില്ലയില്‍ ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ.മണികണ്ഠന്‍ അറിയിച്ചു. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും കൊതുകുകളുടെ ഉറവിടനശീകരണം ശക്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വീടുകളിലെ പാത്രങ്ങള്‍, ഫ്രിഡ്ജിനുപിന്നിലെ ട്രേ, ചിരട്ടകള്‍, ഇന്‍ഡോര്‍ പ്ലാന്‍റ്കള്‍ വച്ചിരിക്കുന്ന ട്രേകള്‍, ടാര്‍പോളിന്‍ ഷീറ്റുകള്‍, മുട്ടത്തോടുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളുടെ വക്കുകള്‍ ഉള്‍പ്പെടെ ആഴ്ചയിലൊരിക്കല്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം വീണ്ടും വെള്ളം നിറയ്ക്കണം.
ഇത്തരം പാത്രങ്ങള്‍ കൊതുകുകള്‍ കടക്കാത്തവിധം അടച്ചുസൂക്ഷിക്കുകയും വേണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കെട്ടിടങ്ങളുടെ ടെറസ്, ബേസ്‌മെന്‍റ്, കോണ്‍ക്രീറ്റ് സ്ലാബുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. കോണ്‍ക്രീറ്റ് നനയ്ക്കുന്നതിനായി ഒരുക്കിയ ചെറിയ തടങ്ങളിലെയും ടാങ്കുകളിലെയും വെള്ളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായി ഒഴുക്കിക്കളഞ്ഞ് വൃത്തിയാക്കണം. ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴികളിലും നിര്‍മ്മാണ സാമഗ്രികള്‍ മൂടിയിടുന്ന പ്ലാസ്റ്റിക്, ടാര്‍പോളിന്‍ ഷീറ്റുകളിലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. വെള്ളം ശേഖരിച്ചുവയ്ക്കുന്ന ഡ്രമ്മുകളും ടാങ്കുകളും കൊതുകുകള്‍ കടക്കാത്തവിധം അടച്ചിടുകയും ഉപയോഗശൂന്യമായ വസ്തുക്കള്‍ കൃത്യമായി സംസ്‌കരിക്കുകയും വേണം. റബ്ബര്‍ തോട്ടങ്ങളിലും കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
റബ്ബര്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടകള്‍ കമിഴ്ത്തിവയ്ക്കുകയും ടാപ്പിംഗ് ഇല്ലാത്ത സമയങ്ങളില്‍ അവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. തോട്ടം മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ കൈകാലുകള്‍ നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യണം. കടുത്ത പനി, കഠിനമായ തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, സന്ധികളിലും പേശികളിലും അസഹ്യമായ വേദന, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ എന്നിവ ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. ഇടവിട്ടുള്ള മഴ കൊതുകുകള്‍ പെരുകാന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനാല്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിച്ച് ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി





