അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി
റാന്നി : താലൂക്കിലെ പഴവങ്ങാടി വില്ലേജിൽ സർക്കാർ പുറമ്പോക്ക് ഭൂമിയിലും സ്വകാര്യ സ്ഥലത്തും അനധികൃത ഖനനം നടത്തിയെന്ന് മൈനിങ് ആൻഡ് ജിയോളജി കണ്ടെത്തിയ സതേൺ റോക്ക്സ് & അഗ്രിഗേറ്റ് മൈനിങ് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി ലഭിച്ചു. ഖനനം നടത്തിയ സ്ഥലത്തിന്റെ അളവ് നിർണയിച്ച് സർക്കാരിനുണ്ടായ വൻ സാമ്പത്തിക നഷ്ടം കണക്കാക്കുന്നതിനുള്ള നടപടികൾ വർഷങ്ങളായി വൈകുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. റാന്നി സ്വദേശിയായ പൊതുപ്രവർത്തകൻ അനിൽ കാറ്റാടിക്കൽ ആണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. പഴവങ്ങാടി വില്ലേജിലെ സർവേ നമ്പർ 626/1 ൽ ഉൾപ്പെട്ട സർക്കാർ പുറമ്പോക്ക് ഭൂമിയിൽ ഖനനം നടത്തുന്നതിനാണ് കമ്പനിക്ക് ക്വാറിയിങ് ലീസ് അനുവദിച്ചിരുന്നത്.
എന്നാൽ 2021 ജനുവരി 4 ന് അടൂർ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടത്തിയ സ്ഥല പരിശോധനയിൽ അനുവദിച്ച ലീസ് പരിധിക്കുള്ളിലും പുറത്തുള്ള സ്വകാര്യ ഭൂമിയിലും അനധികൃത ഖനനം നടന്നതായി കണ്ടെത്തിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് സർക്കാർ ഭൂമിയിലും സ്വകാര്യ ഭൂമിയിലും നടന്ന ഖനനത്തിന്റെ അളവ് കൃത്യമായി നിർണയിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2023 ജൂൺ അഞ്ചിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് റാന്നി തഹസിൽദാർക്ക് നിർദേശം നൽകിയിരുന്നു. ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും വിഷയത്തിന് അടിയന്തിര പ്രാധാന്യമുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിരുന്നതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മൂന്നര വർഷത്തോളമായിട്ടും സ്ഥലമളന്ന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് നടപടിയായിട്ടില്ലെന്നാണ് പരാതി.
റാന്നി തഹസിൽദാർ, ജില്ലാ സർവേ സൂപ്രണ്ട് ഓഫീസ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എന്നിവ തമ്മിൽ സ്കെച്ച്, പ്ലോട്ടിങ് ഡാറ്റ തുടങ്ങിയവ ആവശ്യപ്പെട്ട് നിരവധി കത്തിടപാടുകൾ നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നും പരാതിയിൽ പറയുന്നു. 2025, 2026 വർഷങ്ങളിലായി വിവിധ ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ കത്തിടപാടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2026 ഒക്ടോബർ 28 ന് പ്ലോട്ടിങ് ഡാറ്റ ഉൾപ്പെടുത്തിയ സ്കെച്ച് ആവശ്യപ്പെട്ട് റാന്നി തഹസിൽദാർ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കത്ത് നൽകിയതായും പരാതിയിൽ വ്യക്തമാക്കുന്നു. 1986 മുതൽ ഏതാണ്ട് 36 വർഷക്കാലമായി പൊതുസ്ഥലത്തുനിന്ന് കോടിക്കണക്കിന് രൂപയുടെ പാറ അനധികൃതമായി ഖനനം ചെയ്തിട്ടുണ്ടെന്നുള്ള ഗുരുതരമായ ആരോപണവും പരാതിയിൽ ഉന്നയിക്കുന്നു.
ഡ്രോൺ സർവേ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന സ്ഥല പരിശോധന അനാവശ്യമായി വൈകിപ്പിക്കുന്നതിന്റെ കാരണം അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. സ്ഥലം അടിയന്തിരമായി അളന്നുതിട്ടപ്പെടുത്തി ഖനനം ചെയ്ത പാറയുടെ അളവും സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടവും കണക്കാക്കണം. നിയമാനുസൃതമായ പിഴയും പലിശയുമുൾപ്പെടെ മുഴുവൻ തുകയും കമ്പനിയിൽ നിന്ന് ഈടാക്കി പൊതു ഖജനാവിൽ മുതൽക്കൂട്ടണമെന്നും കാലതാമസത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മാത്യു എബ്രഹാം, വള്ളംകുളം, എന്ന ഈ കമ്പനിയുടെ പ്രോപ്പറേറ്റർക്കാണ് നോട്ടീസ് നല്‍കിയത്. എന്നാൽ ഈ ക്വാറി കഴിഞ്ഞ 15 വർഷമായി റാന്നി കേന്ദ്രമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് നടത്തുന്നത്. പത്തനംതിട്ട, കോട്ടയം, തിരുവന്തപുരം ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്റ്റ പേരുകളിൽ നിരവധി ക്വാറികളാണ് ഈ കമ്പനി പ്രവർത്തിപ്പിക്കുന്നത്. ഏതെങ്കിലും ഒരു പേരിലുള്ള സ്ഥാപനത്തിന് ഇത്തരത്തിൽ പിഴ നൽകേണ്ടി വരുമ്പോൾ അത് പ്രവർത്തനം നിർത്തി പുതിയ പേരിൽ പുതിയ സ്ഥലത്ത് പുതിയ അനുമതിയുമായി പ്രവർത്തിക്കുകയാണ് ഇവരുടെ രീതി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു





