Skip to content

ടിക്കറ്റ് ഹരിപ്പാട്ടേക്ക്, യാത്ര അവസാനിപ്പിച്ചത് ആലപ്പുഴയിൽ ; രാത്രി വിദ്യാർത്ഥിനിയെ വഴിയിലിറക്കിവിട്ട് കെ.എസ്.ആർ.ടി.സി

ആലപ്പുഴ : എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക് ടിക്കറ്റ് എടുത്ത് കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്ത ബി.കോം ഒന്നാം വർഷ വിദ്യാർത്ഥിനിയെ രാത്രി ആലപ്പുഴയിൽ ഇറക്കിവിട്ടതായി പരാതി. നവംബർ 7-ന് വൈകിട്ട് ഏകദേശം 8.30 -ഓടെ RPC 332 എന്ന നമ്പറിലുള്ള കെ.എസ്.ആർ.ടി.സി. ബസിലാണ് സംഭവം നടന്നത്. ഹരിപ്പാട്ടേക്ക് ടിക്കറ്റ് എടുത്ത് യാത്ര തിരിച്ച പെൺകുട്ടി ആലപ്പുഴയിലെത്തിയപ്പോൾ സർവീസ് ഇവിടെ അവസാനിപ്പിക്കുകയാണെന്നും തുടർയാത്ര സാധ്യമല്ലെന്നും ജീവനക്കാർ അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ ഇറക്കിവിട്ട് ജീവനക്കാർ മടങ്ങിയതായാണ് പരാതി.

രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന പെൺകുട്ടിക്ക് ലക്ഷ്യസ്ഥാനമായ ഹരിപ്പാട്ടേക്ക് എത്തുന്നതിനുള്ള ബദൽ യാത്രാസൗകര്യം ഒരുക്കിക്കൊടുക്കാൻ പോലും ജീവനക്കാർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെക്കുറിച്ച് ആലപ്പുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകിയിട്ടും അദ്ദേഹം സ്വീകരിക്കാൻ തയ്യാറായില്ല. അടുത്തദിവസം രാവിലെ 10 മണിക്ക് എത്തി പരാതി നൽകണം എന്നായിരുന്നു സ്റ്റേഷൻ മാസ്റ്ററുടെ മറുപടി. ഏകദേശം രണ്ട് മണിക്കൂറോളം ആലപ്പുഴ ബസ് സ്റ്റാൻഡിൽ കാത്തുനിന്ന പന്തളം സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ ഒടുവിൽ സ്ഥലത്തെത്തി. തുടർന്ന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം പെൺകുട്ടിയെ സുരക്ഷിതമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

സംഭവം അറിഞ്ഞ പന്തളത്ത് പൊതു പ്രവർത്തകൻ സംഭവത്തിൽ കൂടുതൽ വ്യക്തത തേടി ബസ് ചേർത്തല ഡിപ്പോയിലേതാണെന്ന് മനസ്സിലാക്കി ഡിപ്പോ അധികൃതരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, ബസ് ഡിപ്പോയിൽ തിരിച്ചെത്തിയെന്നും റോഡിലെ തിരക്ക് കാരണം യാത്ര ആലപ്പുഴയിൽ അവസാനിപ്പിച്ച് ബസ് തിരികെ എത്തിക്കുകയായിരുന്നുവെന്നും ജീവനക്കാർ വീട്ടിലേക്ക് മടങ്ങിയെന്നുമാണ് അവിടുത്തെ ഉദ്യോഗസ്ഥർ ആദ്യം അറിയിച്ചത്. എന്നാൽ പെൺകുട്ടിയെ ആലപ്പുഴയിൽ ഇറക്കി വിട്ട ശേഷം നിരുത്തരവാദപരമായ പ്രവർത്തനങ്ങളാണെന്ന് അറിയിച്ചപ്പോൾ സ്റ്റേഷൻ മാസ്റ്റർ ബസ്സിന് തകരാർ ഉണ്ടായി അതിനാലാണ് എന്ന് തിരുത്തുകയും ചെയ്യുകയാണ് ഉണ്ടായത്.

ബസ് തകരാറിലായെന്ന വിശദീകരണം നൽകി ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ആലപ്പുഴയിലെ സ്റ്റേഷൻ മാസ്റ്റർ സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ ചേർത്തല ഡിപ്പോയിൽനിന്ന് ലഭിച്ച വിശദീകരണം റോഡിലെ തിരക്കാണ് സർവീസ് അവസാനിപ്പിച്ചതിന് കാരണമെന്നതാണ്. ഈ രണ്ട് വിശദീകരണങ്ങളും തമ്മിലുള്ള പൊരുത്തക്കേടും അന്വേഷണവിധേയമാക്കണമെന്നാണ് ആവശ്യം.

യാത്രക്കാരിൽ നിന്ന് ഹരിപ്പാട്ടേക്കുള്ള ടിക്കറ്റ് തുക ഈടാക്കിയ ശേഷം ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കുകയും തുടർയാത്രയ്ക്ക് ബദൽ സംവിധാനം ഒരുക്കാതെ ജീവനക്കാർ മടങ്ങുകയും ചെയ്തത് സർവീസ് നടത്തിപ്പിലെ ഉത്തരവാദിത്വക്കുറവാണ്. ജീവനക്കാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സൗകര്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് സർവീസ് നടത്തുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന രീതിയാണോ ഇവിടെ ഉണ്ടായതെന്ന ഗൗരവമായ ചോദ്യവും ഉയരുന്നു.

തങ്ങളുടെ സൗകര്യത്തിനനുസരിച്ച് സർവീസ് അവസാനിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ പതിവാണെന്നാണ് നാട്ടുകാരും ആരോപിക്കുന്നത്. രാത്രിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വമുള്ള പൊതുഗതാഗത സംവിധാനത്തിലെ ഇത്തരം വീഴ്ചകൾ അംഗീകരിക്കാനാവില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായ ജീവനക്കാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും പെൺകുട്ടിക്കും കുടുംബത്തിനുമുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും യാത്രാതടസ്സത്തിനും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു. വനിതാ ശിശുക്ഷേമ വകുപ്പിനും യുവജന വകുപ്പിനും ഗതാഗത വകുപ്പിനും ആലപ്പുഴ പോലീസിലും പരാതി നൽകിയിട്ടുണ്ട്. വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുവാനുള്ള നീക്കത്തിലാണ് കുടുംബം, കെ.എസ്.ആർ.ടി.സി. സർവീസ് നിയമങ്ങൾ പാലിച്ചാണോ സർവീസ് അവസാനിപ്പിച്ചതെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കും തുടർയാത്രയ്ക്കും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നോ എന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു

  5. മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്

Share on WhatsApp

Share this story

ടിക്കറ്റ് ഹരിപ്പാട്ടേക്ക്, യാത്ര അവസാനിപ്പിച്ചത് ആലപ്പുഴയിൽ ; രാത്രി വിദ്യാർത്ഥിനിയെ വഴിയിലിറക്കിവിട്ട് കെ.എസ്.ആർ.ടി.സി pathanamthittamedia.com