Skip to content

വീണാ ജോര്‍ജ്ജിന്റെ വികസന ബലൂണ്‍ പൊട്ടിച്ച് അബിൻ വർക്കി എം.എല്‍.എ : കഴിഞ്ഞ അഞ്ചുവർഷം ആറന്മുള നാഥനില്ലാ കളരി – വിവരാവകാശ രേഖകൾ പുറത്തുവിട്ട് എം.എല്‍.എ

പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പുറത്തുവിട്ട് അബിൻ വർക്കി കോടിയാട്ട് എംഎൽഎ. മുൻ എംഎൽഎ വീണാ ജോർജിനെതിരേ നേരത്തെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും കഴിഞ്ഞ അഞ്ചുവർഷം ആറന്മുള നാഥനില്ലാ കളരിയായിരുന്നുവെന്നും പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 2021 മുതൽ 2026 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് കാര്യമായ തുക ചെലവഴിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നതെന്ന് അബിൻ വർക്കി പറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തിൽ കോവിഡ് പ്രത്യേക സാഹചര്യത്തിൽ ലഭിച്ച ഒരു കോടി രൂപയുടെ ഫണ്ടിൽനിന്ന് ഒരു രൂപ പോലും പദ്ധതികൾക്കായി നിർദേശിക്കാൻ മുൻ എംഎൽഎയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് രേഖയിലെ വിവരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2022-23 സാമ്പത്തിക വർഷത്തിൽ സ്പെഷ്യൽ ഡെവലപ്മെന്റ് ഫണ്ടിൽനിന്ന് ഒരു കോടി രൂപ ലഭിച്ചെങ്കിലും പദ്ധതികൾ നിർദേശിക്കാനോ ഭരണാനുമതി നേടാനോ കഴിഞ്ഞിട്ടില്ലെന്നും അബിന്‍ വര്‍ക്കി എംഎൽഎ ആരോപിച്ചു. 2021 മുതൽ 2026 വരെയുള്ള കാലയളവിൽ എംഎൽഎയ്ക്ക് ലഭിച്ച 26 കോടി രൂപയിൽ 25 കോടി രൂപയും ചെലവഴിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നതെന്ന് അബിൻ വർക്കി പറഞ്ഞു. 2026 മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നു വർഷത്തെ പദ്ധതികൾ ഒന്നിച്ച് സമർപ്പിക്കാനും ഭരണാനുമതി നേടാനുമായി സംസ്ഥാന സർക്കാർ മുൻ എംഎൽഎയ്ക്ക് പ്രത്യേക അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി പദ്ധതികൾ നിർദേശിച്ചെങ്കിലും അവയ്ക്കൊന്നും ഭരണാനുമതി ലഭിച്ചിരുന്നില്ലെന്നാണ് അബിൻ വർക്കിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖയും അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം മുൻ എംഎൽഎ വീണാ ജോർജ് ഏതാനും റോഡുകളുടെ പേരുകൾ പരാമർശിച്ച് പദ്ധതികൾ പൂർത്തിയാക്കിയതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ റോഡുകളുടെ യഥാർത്ഥ സ്ഥിതി പരിശോധിച്ചപ്പോൾ പലതിന്റെയും നിർമാണം ആരംഭിച്ചിട്ടില്ലെന്നും ചിലത് പൂർത്തിയായിട്ടില്ലെന്നും ബില്ലുകൾ മാറിയിട്ടില്ലെന്നും അബിൻ വർക്കി പറഞ്ഞു.

പദ്ധതികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അദ്ദേഹം നൽകിയ വിശദീകരണം >> ഇടപ്പരിയാരം–മുക്കോട് റോഡ് : പുതിയ എംഎൽഎയായി ചുമതലയേറ്റശേഷം പ്രവൃത്തി പൂർത്തിയാക്കാനുള്ള ഇടപെടൽ നടത്തിവരുന്നു. >> കുമ്പഴ–കോന്നി വെട്ടൂർ റോഡ് : നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. റീകാസ്റ്റ് ചെയ്ത് നിർമാണം നടത്താൻ ശ്രമിക്കുന്നു.  >> മൂലൂർ റോഡ് : എംഎൽഎയായി ചുമതലയേറ്റശേഷം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ശ്രമം നടത്തുന്നു. >> ഉളനാട്–പണിൽ റോഡ് : നിർമാണം ആരംഭിച്ചിട്ടില്ല. റീടെൻഡർ നടത്തി നിർമാണം ആരംഭിക്കാൻ ശ്രമിക്കുന്നു. >> താഴുമ്പൽ–പാലാപറമ്പിൽ റോഡ് : രണ്ടാഴ്ച മുമ്പ് ഫിസിക്കൽ കംപ്ലീഷൻ നടത്താൻ സാധിച്ചു.

2021 മുതൽ 2026 വരെയുള്ള കാലയളവിൽ ആറന്മുളയിൽ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന വികസന പ്രവർത്തനങ്ങൾ കാര്യമായി നടന്നിട്ടില്ലെന്നാണ് അബിൻ വർക്കിയുടെ വിമർശനം. നടന്നതായി അവകാശപ്പെടുന്ന വികസന പദ്ധതികളിൽ ഇലന്തൂർ കോളേജിന് വഴിയില്ലാത്തതിനാൽ പ്രവർത്തനം ആരംഭിക്കാൻ കഴിയാത്ത സാഹചര്യവും വെള്ളക്കെട്ട് കാരണം നമ്പർ നൽകാൻ കഴിയാത്ത സിപാസ് കോളേജ് കെട്ടിടവും കയറാനും ഇറങ്ങാനും വഴിയില്ലാത്ത അബാൻ മേൽപ്പാലവുമാണ് പ്രധാന ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ആറന്മുളയുടെ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് നിയമപരമായ രേഖകൾ ലഭിച്ചപ്പോൾ അവ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തിപരമായ അധിക്ഷേപം നടത്തിയിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി.

കോഴഞ്ചേരി പാലത്തിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള തുക തടഞ്ഞെന്ന മുൻ എംഎൽഎയുടെ പ്രചാരണത്തിനും അബിൻ വർക്കി മറുപടി നൽകി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 99 ലക്ഷം രൂപ പാലത്തിലെ ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ താൻ എംഎൽഎയായി ചുമതലയേറ്റശേഷം കിഫ്ബി, പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയിൽ പാലം നിർമാണം പൂർത്തിയാകുമ്പോൾ ഒരു കോടി രൂപയോളം മിച്ചം വരുമെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ഈ തുക പാലത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചില്ലെങ്കിൽ അസാധുവാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി ആ തുക വിനിയോഗിക്കാനാണ് തീരുമാനിച്ചത്. അതേസമയം ആസ്തി വികസന ഫണ്ടിലെ ഒരു കോടി രൂപ മണ്ഡലത്തിലെ മറ്റ് വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും അബിൻ വർക്കി കോടിയാട്ട് എംഎൽഎ അറിയിച്ചു

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

  3. നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

  4. പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്

  5. ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും

Share on WhatsApp

Share this story

വീണാ ജോര്‍ജ്ജിന്റെ വികസന ബലൂണ്‍ പൊട്ടിച്ച് അബിൻ വർക്കി എം.എല്‍.എ : കഴിഞ്ഞ അഞ്ചുവർഷം ആറന്മുള നാഥനില്ലാ കളരി – വിവരാവകാശ രേഖകൾ പുറത്തുവിട്ട് എം.എല്‍.എ pathanamthittamedia.com