ശബരിമലയില്‍ ഭക്തരെ അകറ്റുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കണം : തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്
തിരുവനന്തപുരം : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഭക്തർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പുനഃപരിശോധിച്ച് സുഗമമായ ദർശനവും പരമാവധി സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവും ദേവസ്വം ബോർഡിന്റെ വരുമാനത്തിലെ ഇടിവും ഗൗരവത്തോടെ കാണണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ തീർത്ഥാടനകാലത്തെ ആദ്യവാരത്തിൽ തീർത്ഥാടകരുടെ എണ്ണത്തിൽ 44 ശതമാനത്തിലേറെ കുറവുണ്ടായതായാണ് കണക്ക്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരിൽ പ്രതിദിനം ഇരുപതിനായിരത്തിലേറെ പേർ ദർശനത്തിനെത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. സ്പോട്ട് ബുക്കിങ് ലഭിക്കില്ലെന്ന പ്രചാരണം, വീണ്ടും ബുക്കിംഗ് നടത്താനാകില്ലെന്ന ആശങ്ക, അനാവശ്യ നിയന്ത്രണങ്ങൾ എന്നിവ ഭക്തരുടെ വരവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഭക്തരെ കുറ്റപ്പെടുത്തുന്നതിനുപകരം വെർച്വൽ ക്യൂവിൽ പ്രതിദിനം അനുവദിക്കുന്ന സ്ലോട്ടുകളുടെ എണ്ണം മനഃപൂർവം കുറച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ബുക്കിംഗ് വിവരങ്ങളും ഡിജിറ്റൽ രേഖകളും പരിശോധിച്ച് കൂടുതൽ ഭക്തർക്ക് അവസരമുണ്ടായിരിക്കെ ബുക്കിംഗ് പൂർത്തിയായെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണം. ബുക്ക് ചെയ്തവരുടെയും ദർശനത്തിനെത്തിയവരുടെയും കണക്കുകൾ താരതമ്യം ചെയ്ത് ഭക്തർ എത്താതിരിക്കുന്നതിന്റെ കാരണങ്ങളും കണ്ടെത്തണം. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ നിയമപോരാട്ടത്തെത്തുടർന്നാണ് വെർച്വൽ ക്യൂ സംവിധാനം പോലീസിൽ നിന്ന് ദേവസ്വം ബോർഡിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ വെബ്സൈറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ബോർഡ് പൂർണമായി ഏറ്റെടുത്തിട്ടില്ലെന്നാണ് ആക്ഷേപം. നിലവിൽ ഒരു താത്കാലിക ജീവനക്കാരനാണ് ബോർഡിൽ ഈ സംവിധാനം കൈകാര്യം ചെയ്യുന്നത്. കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ ബുക്കിംഗ് സംവിധാനം ഉറപ്പാക്കാൻ ബോർഡ് നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ ഏകദേശം 12 കോടി രൂപയുടെ കുറവുണ്ടായതായാണ് അറിയുന്നത്. ശർക്കര ലേലം വൈകിപ്പിച്ചതും സന്നിധാനത്തേക്കുള്ള സാധനങ്ങൾ പമ്പയിൽ എത്തിച്ചാൽ മതിയെന്ന തീരുമാനവും ഇരുപതോളം ലേലങ്ങൾ ഒഴിവാക്കിയതും വരുമാനനഷ്ടത്തിന് കാരണമായെന്നാണ് ആരോപണം. സാധാരണയായി പ്രതിവർഷം 10 മുതൽ 15 ശതമാനം വരെ വരുമാനവർധനവുണ്ടാകാറുള്ള ശബരിമലയിൽ ഇത്തവണ വരുമാനത്തിൽ വലിയ ഇടിവുണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ശബരിമലയിൽനിന്നുള്ള വരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള സ്വയംപര്യാപ്തമല്ലാത്ത 1,200 ഓളം ക്ഷേത്രങ്ങളുടെ പ്രവർത്തനത്തിനും ആയിരക്കണക്കിന് ജീവനക്കാരുടെ ശമ്പളത്തിനും ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും അടിസ്ഥാന സൗകര്യവികസനത്തിനും പ്രധാന ആശ്രയമാണ്.
അതിനാൽ വരുമാനക്കുറവിനെ നിസ്സാരമായി കാണാനാകില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കോടിക്കണക്കിന് രൂപ വാർഷിക വരുമാനമുള്ള ചെട്ടികുളങ്ങര ക്ഷേത്രം പോലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പ്രയാസം നേരിടുന്ന സാഹചര്യമാണ്. നിരവധി ക്ഷേത്രങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ പോലും സാമ്പത്തിക പരിമിതിയുണ്ട്. ഈ സാഹചര്യത്തിൽ വരുമാനക്കുറവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന ദേവസ്വം ബോർഡ് പ്രസിഡണ്ടിന്റെ നിലപാടിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. പമ്പയിലും മുൻവർഷങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടായിരുന്ന ശ്രീകണ്ഠേശ്വരം, കൊട്ടാരക്കര, പന്തളം, ഏറ്റുമാനൂർ, കീഴില്ലം തുടങ്ങിയ കേന്ദ്രങ്ങളിലും സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം. നിലയ്ക്കലിൽ കാത്തുനിൽക്കുന്ന തീർത്ഥാടകരുടെ അടുത്തേക്ക് വാഹനങ്ങൾ എത്തിച്ച് അവരെ കയറ്റിക്കൊണ്ടുപോകാനുള്ള സൗകര്യവും ഒരുക്കണം. മുൻകാലങ്ങളിൽ ഒന്നരലക്ഷത്തോളം പേർക്ക് പ്രതിദിനം ദർശനത്തിന് അവസരമുണ്ടായിരുന്ന സ്ഥാനത്ത് നിയന്ത്രണങ്ങൾ വർധിപ്പിച്ച് ഭക്തരുടെ വരവ് കുറയ്ക്കുന്ന സാഹചര്യം ഒഴിവാക്കണം.
തിരക്ക് ശാസ്ത്രീയമായി നിയന്ത്രിച്ച് പരമാവധി തീർത്ഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെടുന്നു. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന ഭക്തരിൽനിന്ന് 5,000 രൂപ പിഴ ഈടാക്കുമെന്ന എ.ഡി.എമ്മിന്റെ ഉത്തരവും പുനഃപരിശോധിക്കണമെന്നും ആവശ്യമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കൂടുതൽ വോളണ്ടിയർമാരെ നിയോഗിച്ച് ബോധവത്കരണവും മുന്നറിയിപ്പും നൽകുകയാണ് വേണ്ടത്. പിഴ നടപടികളിലൂടെ ഭക്തരിൽ ആശങ്ക സൃഷ്ടിക്കുന്നതിനുപകരം വിശ്വാസത്തെയും ആചാരങ്ങളെയും മാനിച്ചുള്ള സമീപനം സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. ഭക്തി സേവനവും സാമ്പത്തിക ഉത്തരവാദിത്തവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ശബരിമലയിലെ വരുമാനം സംരക്ഷിക്കുന്നതിനൊപ്പം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ നിലനിൽപ്പും ജീവനക്കാരുടെ ക്ഷേമവും ഉറപ്പാക്കണം. ഭക്തരെ അകറ്റുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി കൂടുതൽ സൗകര്യങ്ങളോടെ ദർശനം സാധ്യമാക്കുകയും ദേവസ്വം ബോർഡിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കുകയും വേണമെന്നും തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച നിലയില്‍
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി





