ശബരിമല തീര്‍ത്ഥാടനം : തീര്‍ത്ഥാടകരെ വരവേല്‍ക്കാനൊരുങ്ങി പമ്പയും സന്നിധാനവും
ശബരിമല : മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിനായി മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പത്തനംതിട്ട ജില്ല. റവന്യൂ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സുരക്ഷ, ആരോഗ്യ സംരക്ഷണം, ഗതാഗതം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ വിപുലമായ ക്രമീകരണങ്ങള്‍ വിലയിരുത്തി. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍റഗ്രേറ്റഡ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കും. പ്രധാന വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.
നിലയ്ക്കലില്‍ പോലീസിന്‍റെ കണ്‍ട്രോള്‍ റൂമും ഇന്‍റഗ്രേറ്റഡ് കണ്‍ട്രോള്‍ റൂമും ഒരുമിച്ചായിരിക്കും പ്രവര്‍ത്തിക്കുക. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രത്യേക മോണിറ്ററിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെ 18 സെക്ടറുകളായും പമ്പ, നിലയ്ക്കല്‍ മേഖലകളെ 15 സെക്ടറുകളായും തിരിച്ച് മോണിറ്ററിംഗ് ഓഫീസര്‍മാരെ നിയോഗിക്കും. വിന്യസിക്കേണ്ട പോലീസ് സേനയും അഗ്‌നിരക്ഷാ സേനയും പൂര്‍ണ സജ്ജമാണ്. തീര്‍ത്ഥാടന പാതകളിലും കാനനപാതയിലുമായി 22 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ നവംബര്‍ പത്തോടെ പ്രവര്‍ത്തനസജ്ജമാകും. സന്നിധാനത്ത് മൂന്ന് ആംബുലന്‍സുകളുടെ സേവനമുണ്ടാവും. അതോടൊപ്പം കാനനപാതയില്‍ ഓഫ് റോഡ് ആംബുലന്‍സും ഇത്തവണ ആദ്യമായി സജ്ജമാക്കും.
കരിമല ഡിസ്‌പെന്‍സറിയില്‍ തീര്‍ത്ഥാടനത്തിന്‍റെ ആദ്യ ദിവസം മുതല്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പുമായി നടപടി സ്വീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ രോഗികളെ സമീപത്തെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് 120 സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന സ്‌ട്രെച്ചര്‍ സര്‍വീസ് പ്രവര്‍ത്തിക്കും. ഡ്യൂട്ടിയിലുള്ള നഴ്‌സിംഗ് ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് സി.പി.ആര്‍. പരിശീലനവും നല്‍കും. 22 കേന്ദ്രങ്ങളില്‍ സി.പി.ആര്‍. സേവനം ലഭ്യമാക്കും. തീര്‍ത്ഥാടനകാലത്ത് ശുചിത്വം ഉറപ്പാക്കുന്നതിന് ശുചിത്വ മിഷന്‍റെ ‘നിര്‍മ്മലം ശബരിമല’ പദ്ധതിയുടെ ഭാഗമായി വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. പത്തനംതിട്ട ജില്ലയിലെ ശബരിമലയിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നവംബര്‍ ഒന്‍പതിന് മെഗാ ശുചീകരണ ക്യാമ്പയിന്‍ നടത്തും.
ഈ മാസം പതിനഞ്ചിനകം റോഡുകള്‍ പൂര്‍ണമായും മാലിന്യമുക്തമാക്കും. ജില്ലാ കളക്ടര്‍ ചെയര്‍മാനായും അടൂര്‍ ആര്‍.ഡി.ഓ. കണ്‍വീനറുമായ സാനിറ്റേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആയിരത്തോളം സേനാംഗങ്ങള്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. നട തുറക്കുന്നതിനുമുന്‍പുതന്നെ പ്രധാന കേന്ദ്രങ്ങളിലെ ശുചീകരണം പൂര്‍ത്തിയാക്കും. ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ 50 ടണ്ണോളം പഴയ മാലിന്യവും സ്‌ക്രാപ്പും ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. പമ്പയില്‍ ഭക്തര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ ക്ലീന്‍ കേരള കമ്പനി മുഖേന ശേഖരിച്ച് നീക്കം ചെയ്യും. പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം മാലിന്യം വേര്‍തിരിച്ച് സൂക്ഷിക്കുവാന്‍ പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേക ബിന്നുകളും സ്ഥാപിക്കും.
ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുകയും അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. മോട്ടോര്‍ വാഹന വകുപ്പിന്‍റെ നേതൃത്വത്തില്‍ പമ്പ മുതല്‍ ളാഹ വരെയുള്ള റോഡില്‍ ‘സേഫ് സോണ്‍’ പദ്ധതി നടപ്പാക്കും. 24 മണിക്കൂറും റോഡ് സുരക്ഷാ പട്രോളിംഗും മൊബൈല്‍ വര്‍ക്ക് ഷോപ്പ് സൗകര്യവും ഇതിന്‍റെ ഭാഗമായി ലഭ്യമാക്കും. കെ.എസ്.ആര്‍ടി.സി. ബസുകളുടെ സുരക്ഷാ ഓഡിറ്റും ട്രാക്ടറുകളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നവംബര്‍ 11, 12 തീയതികളില്‍ ട്രാക്ടറുകള്‍ക്ക് പരിശോധനാ സ്റ്റിക്കറുകള്‍ വിതരണം ചെയ്യും. നിലയ്ക്കലില്‍ പോലീസിന്‍റെ എ.ഐ. അധിഷ്ഠിത പാര്‍ക്കിംഗ് സംവിധാനമൊരുക്കും. ക്യൂവില്‍ കാത്തുനില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ആദ്യ ദിവസം മുതല്‍ കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യും.
ഡോളി സേവനത്തിന് ഏകീകൃത നിരക്ക് ഉറപ്പാക്കുന്നതിനായി പ്രീപെയ്ഡ് കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇതിന്‍റെ രജിസ്‌ട്രേഷന്‍ നവംബര്‍ പന്ത്രണ്ടിനകം പൂര്‍ത്തിയാക്കും. പമ്പയിലും സന്നിധാനത്തുമുള്ള ശൗചാലയങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ സൗജന്യമായി ഉപയോഗിക്കാനാകും. പമ്പയിലെ ജലലഭ്യത വാട്ടര്‍ അതോറിറ്റി ഉറപ്പാക്കും. ഏകദേശം 30 കുളിക്കടവുകളുടെ ശുചീകരണവും ബാരിക്കേഡ് നിര്‍മ്മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നവംബര്‍ 12 നകം വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും കുളിക്കടവുകളിലും പരിസരങ്ങളിലും വെളിച്ചം ഉറപ്പാക്കുകയും ചെയ്യും. പമ്പയിലും പരിസരങ്ങളിലും തെരുവുവിളക്കുകളുടെ പ്രവര്‍ത്തനവും ഉറപ്പാക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള എട്ട് ഇടത്താവളങ്ങളില്‍ കുടിവെള്ളം, ശൗചാലയം, മൊബൈല്‍ ചാര്‍ജിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കും ബി.എസ്.എന്‍.എല്‍. മുഖേന ആവശ്യമായ നെറ്റ് വര്‍ക്ക് കണക്ഷനുകളും ഉറപ്പാക്കും. തീര്‍ത്ഥാടകര്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണവും സാധനങ്ങളും നിശ്ചിത നിരക്കില്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിശ്ചിത വില വിവരങ്ങള്‍ ഔദ്യോഗിക പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, സാനിറ്റേഷന്‍ സൊസൈറ്റി എന്നിവയുടെ സംയുക്ത സ്‌ക്വാഡുകള്‍ വില നിലവാരവും ശുചിത്വവും പരിശോധിക്കും. വൈദ്യുത വാഹനങ്ങള്‍ക്കായി പമ്പയില്‍ കെ.എസ്.ഇ.ബി. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം ഒരുക്കും. ഒരേസമയം നാല് വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സംവിധാനത്തില്‍ ഏകദേശം അരമണിക്കൂറിനുള്ളില്‍ വാഹനം ചാര്‍ജ് ചെയ്യാനാകും.
നിലയ്ക്കലിലും 15 ദിവസത്തിനകം ചാര്‍ജിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സന്നിധാനത്ത് അപ്പം, അരവണ എന്നിവയുടെ വിതരണം തടസമില്ലാതെ നടത്തുന്നതിന് ദേവസ്വം ബോര്‍ഡ് ഉത്പാദനശേഷി വര്‍ധിപ്പിക്കുകയും ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പ്രത്യേക എമര്‍ജന്‍സി ഓപ്പറേഷന്‍സ് ഓഫീസറെയും പമ്പയില്‍ നിയോഗിച്ചിട്ടുണ്ട്. ചാലക്കയം – പമ്പ റോഡിന്‍റെ ടാറിങ് നവംബര്‍ പന്ത്രണ്ടിനകവും റോഡ് മാര്‍ക്കിങ് പ്രവൃത്തികള്‍ പതിനഞ്ചിനകവും പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കും. എല്ലാ വകുപ്പുകളുടെയും കൃത്യമായ ഏകോപനത്തിലൂടെ സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനകാലം ഉറപ്പാക്കുമെന്നും യോഗം വിലയിരുത്തി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പന്തളം ഇടത്താവളത്തില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി കെ.മുരളീധരന്
-
അടൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം : റാഗിങ്ങെന്ന് മാതാപിതാക്കളുടെ പരാതി
-
ശബരിമല തീര്‍ത്ഥാടനം : ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നല്‍ നല്‍കണമെന്ന് റവന്യൂ മന്ത്രി
Most read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി
-
ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു


