ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പന്തളം ഇടത്താവളത്തില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി കെ.മുരളീധരന്
പന്തളം : ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം – ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരന് പറഞ്ഞു. പന്തളം ക്ഷേത്രം ഇടത്താവളത്തില്‍ ദേവസ്വം ബോര്‍ഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. നവംബര്‍ 17 ന് തീര്‍ത്ഥാടനകാലം ആരംഭിക്കുകയാണ്. തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും സുഗമായി ദര്‍ശനം നടത്തുവാന്‍ അവസരമൊരുക്കും. ഇതിന്റെ തയാറെടുപ്പുകള്‍ ജൂലൈ മാസം മുതല്‍ തന്നെ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തില്‍ ഉന്നതതല യോഗങ്ങള്‍ നടത്തി.
മുഖ്യമന്ത്രി പമ്പയിലും സന്നിധാനത്തും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ശബരിമലയോളം തന്നെ പ്രാധാന്യമുള്ള പന്തളത്തും വകുപ്പുകള്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. വാട്ടര്‍ അതോറിറ്റി പന്തളത്തും സമീപ പ്രദേശത്തും തടസമില്ലാതെ കുടിവെള്ളം ലഭ്യമാക്കണം. കുളികടവുകളിലെ ചെളിയും എക്കലും നീക്കം ചെയ്യുന്നത്, കടവുകളുടെ പരിപാലനം, മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് എന്നിവ ഇറിഗേഷന്‍ വകുപ്പ് ഉറപ്പാക്കണം. കെ.എസ്.ഇ.ബി. യുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുമ്പായി പൂര്‍ത്തിയാക്കണം. വൈദ്യുതി തടസപ്പെടുത്തിയുള്ള പ്രവൃത്തികള്‍ പിന്നീട് അനുവദിക്കില്ല. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുന്നതിനും തിരുവാഭരണ പാതയ്ക്ക് വഴിതെളിക്കുന്നതിനുമുള്ള ചുമതല വനം വകുപ്പിനാണ്. കെ.എസ്.ആര്.ടി.സി. പന്തളത്തുനിന്ന് പമ്പയിലേക്കും തിരികെയും പ്രത്യേക ബസ് സര്‍വീസുകള്‍ ക്രമീകരിക്കണം.
ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ പ്രത്യേക പരിഗണന നല്കി നടപ്പാക്കും. ആവശ്യത്തിന് മരുന്നും കൂടുതല്‍ ആംബുലന്‍സുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. പന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധനയുണ്ടാകും. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം വേണ്ട വിഷയങ്ങള്‍ അടിയന്തിരമായി അറിയിക്കുവാനും മന്ത്രി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡിന്റെ പ്രവൃത്തികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. പരാതിരഹിത തീര്‍ത്ഥാടന കാലമൊരുക്കുന്നതിന് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടത്തേണ്ട പ്രവൃത്തികള്‍ ഈ തീര്‍ത്ഥാടന കാലം കഴിയുമ്പോള്‍ തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എം.പി., സി.വി.ശാന്തകുമാര്‍ എം.എല്‍.എ., റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി.രാജമാണിക്യം, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍, ജില്ലാ പോലീസ് മേധാവി ആര്.ആനന്ദ്, തിരുവല്ല സബ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാജു, പി.ഡി.സന്തോഷ് കുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ വിനീത അനില്‍, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ എം.ആര്.കൃഷണകുമാരി, വൈസ് ചെയര്‍പേഴ്സണ്‍ കെ.എം.മണിക്കുട്ടന്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ്, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്, പന്തളം കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി എം.ആര്.സുരേഷ് വര്‍മ്മ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
അടൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം : റാഗിങ്ങെന്ന് മാതാപിതാക്കളുടെ പരാതി
-
ശബരിമല തീര്‍ത്ഥാടനം : ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നല്‍ നല്‍കണമെന്ന് റവന്യൂ മന്ത്രി
-
പോത്തുപാറ – അതിരുങ്കല്‍ – മുറിഞ്ഞകല്‍ റോഡില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ : സ്കൂള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ പോലീസ്
Most read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്തബ ഖമനെയി
-
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി
-
ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു


