Skip to content

തൊഴിലാളി താത്പര്യങ്ങൾ സംരക്ഷിച്ച് ലേബർ കോഡ് നടപ്പിലാക്കും : മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം : തൊഴിലാളികളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കും സംസ്ഥാനത്ത് ലേബർ കോഡുകൾ നടപ്പിലാക്കുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ലേബർ കോഡുകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയൻ പ്രതിനിധികളുമായും മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും നടത്തിയ വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ കരട് റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ലേബർ കോഡിന് അനുബന്ധമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്നതിനാവശ്യമായ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ഒക്ടോബർ 22 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്.

ലേബർ കമ്മിഷണർ കൺവീനറായും നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി അംഗമായും വിവിധ ട്രേഡ് യൂണിയനുകളുടെ ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളായ സമിതി പത്ത് ദിവസം നീണ്ട വിശദമായ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് കരട് റിപ്പോർട്ട് തയാറാക്കി തൊഴിൽ മന്ത്രിക്ക് സമർപ്പിച്ചത്. തൊഴിലാളികളുടെ ക്ഷേമം, തൊഴിൽ സുരക്ഷ, വേതനം, ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിനായി നിലവിലുണ്ടായിരുന്ന ഫാമിലി യൂണിറ്റ് മൂന്ന് എന്നത് മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തി അഞ്ചായി ഉയർത്താൻ നിർദേശിച്ചിട്ടുണ്ട്.

ഇതിലൂടെ മിനിമം വേതനം കണക്കാക്കുമ്പോൾ തൊഴിലാളികൾക്ക് കൂടുതൽ വേതനം ലഭിക്കുന്ന സാഹചര്യമുണ്ടാകും. അപകടസാധ്യതയുള്ള തൊഴിൽ പ്രക്രിയകളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് സൗജന്യ മെഡിക്കൽ പരിശോധന ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. സ്ത്രീ തൊഴിലാളികൾക്ക് രാത്രികാലങ്ങളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന വ്യവസ്ഥയിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ സംസ്ഥാന ചട്ടങ്ങളിൽ ഉൾപ്പെടുത്തുന്നതിനും നിർദേശമുണ്ട്. കൂടുതൽ തൊഴിലാളികളെ ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

ലേബർ കോഡുകൾ സംബന്ധിച്ച് സംസ്ഥാനത്തിനുള്ള ആശങ്കകളും തൊഴിലാളി സംഘടനകൾ ഉന്നയിച്ച നിർദേശങ്ങളും പ്രത്യേക സമിതി വിശദമായി പരിശോധിച്ചു. സംസ്ഥാന തലത്തിൽ നിർദേശിച്ച ഭേദഗതികൾ ജസ്റ്റിസ് ഗോപാൽ ഗൗഡ കമ്മറ്റി പരിശോധിക്കുകയും ആവശ്യമായ നിയമഭേദഗതികൾ സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലോക്കൗട്ട്, ലേ ഓഫ് തുടങ്ങിയ വ്യവസ്ഥകളിൽ സംസ്ഥാന സർക്കാരിന് കൂടുതൽ ഇടപെടൽ നടത്താൻ കഴിയുന്ന സാഹചര്യം ഒരുക്കുന്നതിനുള്ള നിയമഭേദഗതികളും ശുപാർശ ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾക്കും താത്പര്യങ്ങള്‍ക്കും ഹാനികരമാകാത്ത വിധത്തിൽ നിയമപരമായ പരിധിക്കുള്ളിൽ നിന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തി മാത്രമേ സംസ്ഥാനത്ത് ലേബർ കോഡുകൾ നടപ്പാക്കുകയുള്ളൂ. തൊഴിലാളി സംഘടനകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് തയാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  3. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  4. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  5. വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക

Share on WhatsApp

Share this story

തൊഴിലാളി താത്പര്യങ്ങൾ സംരക്ഷിച്ച് ലേബർ കോഡ് നടപ്പിലാക്കും : മന്ത്രി ബിന്ദു കൃഷ്ണ pathanamthittamedia.com