Skip to content

പഹൽഗാം ഇരകളുടെ മുറിവിൽ ഉപ്പുതേക്കുന്ന നടപടിയെന്ന് കോൺഗ്രസ് ; പാക് മന്ത്രി മുസാദിക് മാലിക്കിനൊപ്പം മോദി വേദി പങ്കിട്ടതിനെച്ചൊല്ലി രാഷ്ട്രീയപ്പോര്

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ സിവിലൈസേഷൻസ് ഡയലോഗ് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരേ നിരയിൽ ഇരിക്കുന്ന പാകിസ്താൻ മന്ത്രി മുസാദിക് മാലിക്കിൻ്റെ ചിത്രം പങ്കുവെച്ച് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഇന്ത്യയെ രക്തത്തിൽ മുക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിക്കൊപ്പമാണ് പ്രധാനമന്ത്രി ഇരിക്കുന്നതെന്നും അടുത്ത തവണ അദ്ദേഹത്തിന് ബിരിയാണിയും വിളമ്പുമെന്നും കോൺഗ്രസ് പരിഹസിച്ചു.

നവംബർ 20-ന് ന്യൂഡൽഹിയിലെ പുരാന ഖിലയിൽ നടന്ന എസ്.സി.ഒ ഫോറത്തിൻ്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി മോദിയും പാകിസ്‌താൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്കും ഒരേ നിരയിൽ ഇരുന്നത്. ഇതിന്റെ ചിത്രം എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ വിമർശനം.ഇന്ത്യയുടെ കൈകൾ വെട്ടിമാറ്റുമെന്നും രക്തം ചിന്തിക്കുമെന്നും ഭീഷണിപ്പെടുത്തിയ വ്യക്തിയാണ് മുസാദിക് മാലിക്കെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്ത്യക്കാരെ കൊലപ്പെടുത്താൻ ഭീകരരെ അയക്കുന്ന പാകിസ്‌താന്റെ പ്രതിനിധിക്കൊപ്പമാണ് പ്രധാനമന്ത്രി ഇരിക്കുന്നതെന്നും പാർട്ടി കുറ്റപ്പെടുത്തി. അടുത്ത തവണ ബിരിയാണി വിളമ്പുന്നതിനൊപ്പം താജ്‌മഹൽ സന്ദർശനവും ഒരുക്കിക്കൊടുക്കുമെന്നും കോൺഗ്രസ് പരിഹസിച്ചു.

കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റും കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തി. ഇന്ത്യയിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായ പാകിസ്താനെ എന്തിനാണ് എസ്.സി.ഒ സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്ന് അവർ ചോദിച്ചു. ഇന്ത്യക്കാരുടെ കൈകൾ വെട്ടിമാറ്റുമെന്നും രക്തം ചിന്തിക്കുമെന്നും ഏതാനും മാസങ്ങൾക്കുമുമ്പ് പരസ്യമായി ഭീഷണിപ്പെടുത്തിയ വ്യക്തിയാണ് മുസാദിക് മാലിക്. അങ്ങനെയൊരാൾക്ക് ഇന്ത്യയിൽ ഊഷ്‌മളമായ സ്വീകരണം നൽകുകയാണെന്നും ശ്രിനേറ്റ് ആരോപിച്ചു.പാകിസ്താൻ ഇന്ത്യയ്‌ക്കെതിരായ ഭീകരവാദം അവസാനിപ്പിച്ചിട്ടില്ല. എന്നിട്ടും പ്രധാനമന്ത്രി മോദിയുടെ സർക്കാർ പാക് പ്രതിനിധികളെ സ്വീകരിക്കുന്ന തിരക്കിലാണെന്ന് അവർ കുറ്റപ്പെടുത്തി.

മാലിക്കിന് ബിരിയാണിയും കബാബും ഖീറും വിളമ്പുമോയെന്നും അവർ പരിഹസിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയ്ക്ക് മേൽ ഉപ്പുതേക്കുന്നതിന് തുല്യമാണ് പാക് മന്ത്രിക്ക് നൽകുന്ന സ്വീകരണമെന്നും ശ്രിനേറ്റ് പറഞ്ഞു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നിടത്തോളം പാകിസ്ത‌ാനുമായി ചർച്ചകൾ പാടില്ലെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണ് സർക്കാർ പിന്തുടരേണ്ടതെന്നും അവർ ആവശ്യപ്പെട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

പഹൽഗാം ഇരകളുടെ മുറിവിൽ ഉപ്പുതേക്കുന്ന നടപടിയെന്ന് കോൺഗ്രസ് ; പാക് മന്ത്രി മുസാദിക് മാലിക്കിനൊപ്പം മോദി വേദി പങ്കിട്ടതിനെച്ചൊല്ലി രാഷ്ട്രീയപ്പോര് pathanamthittamedia.com