ട്രെയിൻ മാർഗം 34 കിലോയിലധികം കഞ്ചാവ് കടത്തിയ കേസിൽ മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: ട്രെയിൻ മാർഗം 34 കിലോയിലധികം കഞ്ചാവ് കടത്തിയ കേസിൽ മുഖ്യ ആസൂത്രകനും വിതരണക്കാരനുമായ മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം കല്പകഞ്ചേരി മഞ്ഞച്ചോല സ്വദേശി സുഹൈൽ കെ.പിയെയാണ് കോഴിക്കോട് റെയിൽവേ പോലീസ് പിടികൂടിയത്. കോഴിക്കോട് റെയിൽവെ പോലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഓഗസ്റ്റ് 23, 30 ദിവസങ്ങളിൽ ട്രെയിൻ വഴി 34 കിലോഗ്രാം കഞ്ചാവ് കടത്തിയെന്നാണ് കേസ്. ലഹരിമരുന്ന് എത്തിച്ചു നൽകാൻ പണം നൽകുകയും കേരളത്തിൽ വിതരണം നടത്തുകയും ചെയ്യുന്ന മുഖ്യകണ്ണിയാണ് പിടിയിലായ സുഹൈൽ. മാംഗ്ലൂർ സെൻട്രൽ മെയിൽ എക്സ്‌പ്രസ്സിൽ നിന്ന് 18.240 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ എസ്. കെ. സുമൻ (19), ലാൽചന്ദ് ഷെയ്ഖ് (29) എന്നിവരെ ഡാൻസാഫ് സംഘത്തിന്റെ സഹായത്തോടെ കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ഓഗസ്റ്റ് 30 നും സമാനമായ മറ്റൊരു കേസിൽ 16 കി.ഗ്രാം കഞ്ചാവുമായി മിനോട്ടി സർദാർ എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്തു. ഇതേ കേസിൽ ഇവർക്ക് ഒഡീഷയിൽ നിന്നും കഞ്ചാവ് സംഘടിപ്പിച്ചു നൽകിയ പശ്ചിമ ബംഗാൾ പൂർബ് ബർദ്ദമാൻ സ്വദേശി അബ്ദുൾ ബറാൽ (32) എന്നയാളെയും വെസ്റ്റ് ബംഗാളിൽ വെച്ച് റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും പ്രതികളുടെ കോൾ ഡീറ്റെയിൽസ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുടെയും ശാസ്ത്രീയ പരിശോധനയിലാണ് സുഹൈലിലേക്ക് അന്വേഷണം എത്തിയത്.ഒഡീഷയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് എത്തിക്കുന്നതിനായി അബ്ദുൾ ബറാലിന് സുഹൈൽ യു.പി.ഐ വഴി ലക്ഷക്കണക്കിന് രൂപ അയച്ചു നൽകിയതായി പോലീസ് കണ്ടെത്തി.
ഇത്തരത്തിൽ എത്തിക്കുന്ന കഞ്ചാവ് തിരൂർ മേഖലയിൽ ചെറിയ പാക്കറ്റുകളിലാക്കി ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ രീതി. ഇന്നലെ (നവംബർ 11) ഉച്ചയ്ക്ക് കല്പകഞ്ചേരിയിലുള്ള വീട്ടിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്. വിശദമായി ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പിടിയിലായ സുഹൈൽ കെ.പി. മുമ്പും നിരവധി ലഹരി-ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോഴിക്കോട് റെയിൽവെ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.പ്രദീപ്കുമാറിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ ഷമീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോസ്, സജിത്ത്, സി.പി.ഒ അഖിലേഷ് , സന്ദീപ് ,റന്യ, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ ബൈജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ
-
’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു
-
ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം





