Skip to content

ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്

കൊച്ചി : ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (BLM) മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകമാകുന്നു. നിക്ഷേപമായി സമാഹരിച്ച കോടികള്‍ വകമാറ്റി പലരും സ്വകാര്യ സമ്പാദ്യമാക്കി മാറ്റിക്കഴിഞ്ഞു. ഇപ്പോള്‍ പുറത്തുവന്നത് ബി.എല്‍.എം എന്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തട്ടിപ്പ് മാത്രമാണ്. എന്നാല്‍ ഇതിലും എത്രയോ ഭീകരമാണ് മറ്റുചില സ്ഥാപനങ്ങളില്‍ നടക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിശോധനകളും നടപടികളും പേരിനുപോലും എങ്ങുമില്ലാത്തതിനാല്‍  പലരും തട്ടിക്കൂട്ട് സ്ഥാപനങ്ങളുമായി ജനങ്ങളില്‍നിന്നും കോടികള്‍ സമാഹരിക്കുകയാണ്. ലാഭമുണ്ടാക്കി നിക്ഷേപകര്‍ക്ക് പലിശയും മുതലും നല്‍കുന്നതിനാവശ്യമായ ഒരു ബിസിനസ്സുകളും ഇവര്‍ ചെയ്യുന്നില്ല. ജനങ്ങളില്‍ നിന്നും വ്യാപകമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്.

പല  പ്രമുഖ സ്ഥാപനങ്ങളും ഇന്ന് പ്രവര്‍ത്തിക്കുന്നത് മണി ചെയിന്‍ മോഡലിലാണ്. പുതിയ നിക്ഷേപകരുടെ പണം വാങ്ങി പഴയ നിക്ഷേപകര്‍ക്ക് മുതലും പലിശയും നല്‍കുന്നതാണ് ഈ രീതി. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളോട് നിക്ഷേപകര്‍ അകന്നുനില്‍ക്കുകയാണ്.  ഇതോടെ പലരുടെയും നില പരുങ്ങലില്‍ ആയിക്കഴിഞ്ഞു. സാമ്പത്തിക സ്ഥിരതയും അച്ചടക്കവും പാലിക്കുന്ന സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഡിബഞ്ചര്‍  ഇറക്കുന്നതും നിക്ഷേപകരില്‍ നിന്നും പണം കടം വാങ്ങുന്നതും. എന്നാല്‍ നിക്ഷേപ തട്ടിപ്പിന് മുന്നൊരുക്കം നടത്തുന്ന സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ നിരവധി പ്രാവശ്യം NCD പോലുള്ള ഡിബഞ്ചറുകളിലൂടെ ജനങ്ങളില്‍നിന്നും പണം വാങ്ങും. സൂപ്പര്‍ സ്റ്റാറുകളെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി വമ്പന്‍ പരസ്യങ്ങളിലൂടെയാണ് ഇവര്‍ സാധാരണ ജനങ്ങളെ പറ്റിക്കുന്നത്.

പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന കോട്ടയത്തെ ഒരു സ്ഥാപനം തങ്ങളുടെ കമ്പനിയിലെ കോടികള്‍ വകമാറ്റി ബാര്‍ ഹോട്ടലുകളും ഏലത്തോട്ടങ്ങളും ഫാമുകളുമൊക്കെ വാങ്ങി ഇതൊക്കെ കുടുംബ ട്രസ്റ്റിന്റെ പേരില്‍ സുരക്ഷിതമാക്കിക്കഴിഞ്ഞു. ഈ സ്ഥാപനത്തിലെ നിക്ഷേപകരുടെ പണത്തിന്റെ ഗ്യാരണ്ടി ബ്രാഞ്ചുകളില്‍ ഇരിക്കുന്ന കിലോക്കണക്കിന് മുക്കുപണ്ടങ്ങള്‍ മാത്രമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഈ സ്ഥാപനത്തിനെതിരെ ഇടപാടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. നിക്ഷേപകര്‍ വ്യാപകമായി വഞ്ചിക്കപ്പെട്ടിട്ടും പരിശോധനകളും നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നത് ഏറെ വിചിത്രവും ആരെയും അത്ഭുതപ്പെടുത്തുന്നതുമാണ്. ഇവിടെ ഇരയോടൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളുമെന്നത് കൂടുതല്‍ വ്യക്തമാകുകയാണ്.

റിസര്‍വ്വ് ബാങ്ക് (RBI), കമ്പനി രജിസ്ട്രാര്‍(ROC), കേന്ദ്ര സഹകരണ വകുപ്പ് എന്നിവയുടെ അനുമതിയോടെയും അംഗീകാരത്തോടെയുമാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെങ്കിലും ഇവരുടെ കാര്യമായ പരിശോധനകളോ നിയന്ത്രണങ്ങളോ ഒരു സ്ഥാപനങ്ങളിലുമില്ല. പ്രവര്‍ത്തനാനുമതി നല്‍കുമ്പോള്‍ നിയമാവലിയില്‍ പറഞ്ഞിട്ടുള്ള ബിസിനസ്സുകളും ഇടപാടുകളും മാത്രം ചെയ്യുവാനാണ് ഈ സ്ഥാപനങ്ങള്‍ക്ക് അനുമതിയെങ്കിലും പലരും നിയമവിരുദ്ധമായി പല ഇടപാടുകളും നടത്തുന്നുണ്ട്. നിക്ഷേപകരുടെ പണം വകമാറ്റി തോട്ടങ്ങള്‍, റിസോര്‍ട്ടുകള്‍, വസ്തുക്കള്‍ എന്നിവ ബിനാമി പേരുകളില്‍ വാങ്ങുക, ബാര്‍ ഹോട്ടലുകളും ഫാമുകളും തുടങ്ങുക, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ പണം മുടക്കുക, സിനിമ പിടിക്കുക, ആഡംബര വാഹനങ്ങള്‍ വാങ്ങുക, മക്കളുടെയും ബന്ധുക്കളുടെയും പേരില്‍ പുതിയ കമ്പനികളും വ്യവസായങ്ങളും തുടങ്ങുക, ടെക്സ്റ്റൈൽ ഷോപ്പുകളും മാളുകളും തുടങ്ങുക  എന്നിവ പല കമ്പനികളിലും ഇന്ന് സര്‍വ്വ സാധാരണയായി നടന്നുവരുന്നു. നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ സമ്പാദ്യമാക്കി മാറ്റുന്നതോടെ കമ്പനിയില്‍ പണമില്ലാതെ വരും. ജീവനക്കാര്‍ക്ക് ഉയര്‍ന്ന ടാര്‍ജറ്റും കമ്മീഷനും നല്‍കി വീണ്ടും ജനങ്ങളില്‍നിന്നും നിക്ഷേപങ്ങള്‍ പിഴിഞ്ഞെടുക്കും. ഇതാണ് പല സ്ഥാപനങ്ങളിലും ഇപ്പോള്‍ നടന്നുവരുന്നത്.

ബ്ലെയിഡ് കമ്പനികള്‍ക്ക് തട്ടിപ്പ് നടത്തി മുങ്ങുവാനുള്ള എല്ലാ സാഹചര്യവും ഇപ്പോള്‍ കേരളത്തിലുണ്ട്. ഭരണ – പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും അടുത്തബന്ധം പല സ്ഥാപനങ്ങളുടെയും ഉടമകള്‍ക്കുണ്ട്. രാഷ്ട്രീയ നേതാക്കളെ  കയ്യയച്ചു സഹായിക്കുന്നതിനാല്‍ നിക്ഷേപ തട്ടിപ്പ് നടത്തുന്നതിനുള്ള എല്ലാ ലൈസന്‍സും ബ്ലെയിഡ് കമ്പനി മുതലാളിക്കുമുണ്ട്. പല കമ്പനികളുടെയും ഉടമകളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പ് മന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ കാണാം. എം.പിയും എം.എല്‍.എ മാരുമൊക്കെ ഇവരുടെ ഉറ്റ സുഹൃത്തുക്കളുമാണ്. ബ്ലെയിഡ് കമ്പനി മുതലാളിയുടെ  ഉന്നതബന്ധങ്ങള്‍ ഇത്തരം ചിത്രങ്ങളിലൂടെയാണ് ഇവര്‍ പൊതുജനങ്ങളെ അറിയിക്കുന്നത്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനും കൂടുതല്‍  നിക്ഷേപം സമാഹരിക്കുന്നതിനും ഈ ചിത്രങ്ങള്‍ ഇവരെ വളരെയേറെ സഹായിക്കും.

അതിഭീകരമായ സാമ്പത്തിക അരാജകത്വത്തിലേക്കാണ്  കേരളത്തിലെ നിക്ഷേപകര്‍ കടന്നുചെല്ലുന്നത്. കേരളത്തിലെ നിക്ഷേപ തട്ടിപ്പുകളെക്കുറിച്ച് ആദ്യമായി അന്വേഷണ പരമ്പര എഴുതിത്തുടങ്ങിയത് പത്തനംതിട്ട മീഡിയ ആണ്. കഴിഞ്ഞ എട്ടു വര്‍ഷത്തിലേറെയായി തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന പരമ്പരയിലൂടെ നിക്ഷേപകരെ ഏറെ ബോധവല്‍ക്കരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. >>> തുടരും >>> നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം, ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – inchathanam@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  3. ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം

  4. ട്രെയിനിൽ ലൈം​ഗികാതിക്രമം , ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി ; യുവാവ് പിടിയിൽ

  5. ​’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി

Share on WhatsApp

Share this story

ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് pathanamthittamedia.com