ശബരിമല തീർത്ഥാടകർക്ക് കരുതലായി ആരോഗ്യവകുപ്പ് : ഇതുവരെ ചികിത്സ തേടിയത് 10,441 പേർ
ശബരിമല : മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും സമീപപ്രദേശങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ചികിത്സാ – അടിയന്തിര ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ജെ.മണികണ്ഠൻ അറിയിച്ചു. നവംബർ 20 ഉച്ചവരെ ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ 10,441 തീർത്ഥാടകർ ചികിത്സ തേടി. അടിയന്തിര സാഹചര്യങ്ങളിൽ സമയബന്ധിതമായി ഇടപെട്ട് തീർത്ഥാടകർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും ജീവൻ രക്ഷിക്കാനും ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞു. പമ്പയിൽ 1,750 പേരും നീലിമലയിൽ 389 പേരും അപ്പാച്ചിമേട്ടിൽ 724 പേരും സന്നിധാനത്ത് 3,915 പേരും ചരൽമേട്ടിൽ 843 പേരും നിലയ്ക്കലിൽ 1,142 പേരുമാണ് ചികിത്സ തേടിയത്.
എമർജൻസി മെഡിക്കൽ സെന്ററുകളിൽ 3,393 കേസുകൾ കൈകാര്യം ചെയ്തു. അടിയന്തിര സാഹചര്യങ്ങളിൽ 45 പേർക്ക് ആവശ്യമായ ചികിത്സ നൽകി. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് 12 പേരും അപസ്മാരത്തെ തുടർന്ന് 13 പേരും ചികിത്സ തേടി. വിദഗ്ധ ചികിത്സയ്ക്കായി വിവിധ ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് 44 പേരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തു. തീർത്ഥാടനം സുരക്ഷിതവും ആരോഗ്യകരവുമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുള്ളവർ വ്രതകാലത്തും ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നുകൾ മുടക്കാതെ കഴിക്കണം. ആവശ്യമായ മരുന്നുകൾ കൈവശം കരുതുകയും വേണം.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള മലകയറ്റം സ്വന്തം ശാരീരികശേഷിക്കനുസരിച്ച് സാവധാനത്തിലാക്കണം. ഇടയ്ക്കിടെ വിശ്രമിക്കുന്നതും പ്രധാനമാണ്. നെഞ്ചുവേദന, ശ്വാസതടസം, അമിതമായ ക്ഷീണം, തലകറക്കം, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ മലകയറ്റം ഉടൻ നിർത്തി സമീപത്തെ അടിയന്തിര വൈദ്യസഹായ കേന്ദ്രത്തിൽ ചികിത്സ തേടണം. ഇത്തരം ലക്ഷണങ്ങൾ അവഗണിച്ച് യാത്ര തുടരുന്നത് ഗുരുതരമായ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. അടിയന്തിര വൈദ്യസഹായത്തിന് 108 എന്ന നമ്പറിലും ശബരിമല ആരോഗ്യസേവനങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പറായ 04735 203232 ലും ബന്ധപ്പെടാം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്





