ആറന്മുള മണ്ഡലത്തിലെ പദ്ധതികൾ വേഗത്തിലാക്കാൻ മാരത്തോൺ ചർച്ച : യോഗങ്ങൾ നീണ്ടുനിന്നത് മണിക്കൂറുകളോളം
പത്തനംതിട്ട : ജില്ലാ ഭരണ സിരാകേന്ദ്രം ഇന്ന് സാക്ഷ്യം വഹിച്ചത് മണിക്കൂറുകൾ നീണ്ട മാരത്തോൺ ചർച്ചകൾക്ക്. ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് രാവിലെ 11.30 ന് അബിൻ വർക്കി എം.എൽ.എ.യുടെയും ജില്ലാ കളക്ടർ എ.നിസാമുദ്ദീന്റെയും നേതൃത്വത്തിൽ ഗവി കോൺഫറൻസ് ഹാളിൽ നടന്ന യോഗം വൈകിട്ട് അഞ്ച് മണി വരെ നീണ്ട് നിന്നു. അബാൻ മേൽപ്പാലവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ ചർച്ച. 54 ഗുണഭോക്താക്കളുടെ ഭൂമിയാണ് പദ്ധതിയുടെ പൂർത്തീകരണത്തിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ 28 ഗുണഭോക്താക്കൾ ഭൂമി സംബന്ധമായ രേഖകൾ കൈമാറിയിട്ടുണ്ട്. ഇവർക്ക് നവംബർ 15 നകം പണം കൈമാറും. ബാക്കിയുള്ള ഗുണഭോക്താക്കളുമായി തുടർചര്‍ച്ചകള്‍ നടത്തി രണ്ട് ഘട്ടങ്ങളായി ഭൂമി ഏറ്റെടുക്കാനാണ് യോഗത്തിൽ തീരുമാനമായത്. മാർച്ച് 31 ന് മുമ്പ് പദ്ധതി പൂർത്തിയാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ ഇരുവശത്തെയും അപ്രൊച്ച് റോഡുകൾ പൂർത്തിയാക്കുന്നതിനും തുടർന്ന് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുമാണ് തീരുമാനം. വിഷയത്തിൽ കൃത്യമായി ആശയവിനിമയം നടത്തിയ അബിൻ വർക്കി എം.എൽ.എ. യോടും ജില്ലാ കളക്ടർ എ.നിസാമുദ്ദീനോടും ഭൂമി വിട്ടു നൽകിയ ഗുണഭോക്താക്കൾ നന്ദി രേഖപ്പെടുത്തി.
കോഴഞ്ചേരി മാരാമൺ പാലത്തിന്റെ ഉദ്ഘാടനത്തിനുമുന്നോടിയായുള്ള സ്വാഗതസംഘവും ട്രാഫിക് പരിഷ്കരണ കമ്മറ്റിയും നവംബർ അഞ്ചിന് ചേരും. ഉദ്ഘാടന തീയതി സംബന്ധിച്ച് രണ്ടുദിവസത്തിനകം തീരുമാനമാകും. അവശേഷിക്കുന്ന പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ കേരള റോഡ് ഫണ്ട് ബോർഡ്, പി.ഡബ്ല്യു.ഡി. എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇലന്തൂർ ഗവൺമെന്റ് കോളേജിനുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാക്കാൻ എം.എൽ.എ.യുടെയും കളക്ടറുടെയും നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. ഭൂവുടമകളുമായി സംസാരിച്ച ശേഷം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി ടെൻഡർ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. പത്തനംതിട്ട നഴ്സിംഗ് കോളേജുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാനാണ് യോഗത്തിൽ തീരുമാനമായത്. നിലവിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നേഴ്സിങ് കൗൺസിൽ ലഭ്യമാക്കിയ ഫണ്ട് വിനിയോഗിക്കും. നഴ്സിംഗ് കോളേജിന്റെ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കി പൂർണ്ണ തോതിൽ പ്രവർത്തനമാരംഭിക്കുവാനാവശ്യമായ നടപടികൾ സ്വീകരിക്കും.
ടി.കെ. റോഡിൽ തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ പരിധിയിലുള്ള ഭാഗത്ത് ടാറിങ് നടത്താനും കോഴഞ്ചേരി മാരാമൺ പാലം തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ ട്രാഫിക് പരിഷ്കരണം നടപ്പാക്കാനും തീരുമാനമായി. പുല്ലാട് കുമ്പനാട് മേഖലയിൽ ഡ്രൈനേജ് സംവിധാനത്തിനുള്ള പദ്ധതി ആവിഷ്കരിക്കും. പ്രധാനപ്പെട്ട മേഖലകളിൽ ഐറിഷ് ഡ്രൈൻ ലഭ്യമാക്കാൻ ഫണ്ട് റിവേഴ്സ് ചെയ്യും. കുമ്പഴ ജംഗ്ഷനിൽ സിഗ്നലുകളുടെ പ്രവർത്തനം ആരംഭിക്കാനും തീരുമാനമായി. കെ.എസ്.ആർ.ടി.സി. ഡിപ്പോയുമായി ബന്ധപ്പെട്ട പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതി ലഭ്യമായിട്ടുണ്ട്. ഫയർ അനുമതി കൂടി ലഭ്യമായാൽ നഗരസഭ കെട്ടിട നമ്പർ ഇട്ടുനൽകും. ഫയർ അനുമതിക്കായുള്ള പ്രവർത്തികൾ വേഗത്തിലാക്കാൻ എച്ച്.എൻ.ഐ.എൽ. കോൺട്രാക്ടറുമായി 15 ദിവസത്തിനകം ചർച്ച നടത്തും. തുടർന്ന് അപേക്ഷ സമർപ്പിക്കാൻ ഡി.റ്റി.ഒ.ക്ക് നിർദേശവും നൽകിയിട്ടുണ്ട്.
ചുട്ടിപ്പാറ നഴ്സിംഗ് കോളേജുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ നിർമാണമാണ് നടന്നിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഒരുകോടി 40 ലക്ഷം രൂപയുടെ പദ്ധതി നിർമ്മാണം പകുതിയോളം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും പ്രവേശിക്കാനോ കെട്ടിട നമ്പർ നല്‍കുവാനോ കഴിയാത്ത സാഹചര്യമാണ്. സാങ്കേതിക പരിജ്ഞാനമുള്ള വിദഗ്ദ്ധ സംഘത്തെ നിയോഗിച്ച് പരിശോധന നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പദ്ധതിയുടെ കൺസൾട്ടന്റ് ആയ നിർമിതി കേന്ദ്രത്തോട് നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപറമ്പിൽ, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്സ് പദ്ധതികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു





