Skip to content

ഇന്ത്യയുടെ അടിസ്ഥാന ഘടനക്ക് തന്നെ ബിജെപി വലിയ നാശമുണ്ടാക്കിയെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടിസ്ഥാന ഘടനക്ക് തന്നെ ബിജെപി വലിയ നാശമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ രാജ്യത്തിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും ഘടനക്ക് വലിയ നാശം സംഭവിച്ചു. ആ നഷ്ടം ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ സര്‍ക്കാര്‍ പോയാലും നമ്മുടെ സംവിധാനങ്ങള്‍ പഴയതുപോലെയാക്കാന്‍ സമയമെടുക്കുമെന്നും സോണിയ പറഞ്ഞു. ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന തന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തെക്കുറിച്ച് ‘ദ ഹിന്ദു’ ദിനപ്പത്രത്തിന് വേണ്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. തന്റെ സ്വന്തം കഥ പറയണമെന്ന് തോന്നിയ നിമിഷത്തിലാണ് പുസ്തകം എഴുതാന്‍ തീരുമാനമെടുത്തതെന്ന് സോണിയ പറയുന്നു. സോണിയയുടെ ജീവിതത്തെ പ്രതിപാദിക്കുന്ന 75ഓളം പുസ്തകങ്ങളുണ്ടെന്ന് എന്‍. റാം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി.

തന്നെക്കുറിച്ച് ഇത്രയധികം പുസ്തകങ്ങള്‍ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും തന്നെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ ഒരിക്കലും തോന്നിയിട്ടില്ലെന്നും സോണിയ പറഞ്ഞു. ബിജെപിയുമായും ആര്‍എസ്എസുമായും കോണ്‍ഗ്രസ് ഒരിക്കലും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും സോണിയ വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചകള്‍ ചിലപ്പോഴൊക്കെ ഒഴിവാക്കാനാവാത്തതാണ്. ഞങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പങ്കിടാത്ത ചിലരുമായി കൈകോര്‍ക്കേണ്ടി വന്നപ്പോള്‍ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുള്ള രാഷ്ട്രീയ തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നു. എന്നാല്‍ അത് ഒരിക്കലും എളുപ്പമായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തന്റെയും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

ആര്‍എസ്എസില്‍നിന്ന് കോണ്‍ഗ്രസിന് പഠിക്കാനൊന്നുമില്ല. മോദി പിന്നാക്ക സാഹചര്യത്തില്‍നിന്ന് ആര്‍എസ്എസിലൂടെ രാഷ്ട്രീയ അധികാരത്തിലെത്തിയെന്നത് അംഗീകരിക്കുമ്പോഴും ഇരുപാര്‍ട്ടികളുടെയും പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യസ്തമാണ്. കോണ്‍ഗ്രസ് നേതാക്കളായിരുന്ന ശരദ് പവാര്‍, പി.എ സാങ്മ, താരിഖ് അന്‍വര്‍ തുടങ്ങിയവര്‍ തന്റെ വിദേശവംശത്വം ചൂണ്ടിക്കാട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ ഏറെ വേദനയുണ്ടായെന്ന് സോണിയ പറഞ്ഞു. അവരെല്ലാം എന്റെ സഹപ്രവര്‍ത്തകരും വിശ്വസ്തരുമായിരുന്നു. പക്ഷേ അവര്‍ക്ക് വിശ്വാസം ഇല്ലായിരുന്നു എന്ന് പിന്നീട് മനസ്സിലായി. അവര്‍ എന്നെ അപ്പോഴും ഒരു പുറംനാട്ടുകാരിയായി കണ്ടിരുന്നു എന്നത് ഒരു ഞെട്ടലായിരുന്നു. അവര്‍ക്ക് അതിന് അവരുടേതായ രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നു. അത് എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിലായിരുന്നു -സോണിയ പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു

Share on WhatsApp

Share this story

ഇന്ത്യയുടെ അടിസ്ഥാന ഘടനക്ക് തന്നെ ബിജെപി വലിയ നാശമുണ്ടാക്കിയെന്ന് സോണിയ ഗാന്ധി pathanamthittamedia.com