Skip to content

ചാലക്കയം – പമ്പ പാതയിൽ സ്ഥിരമായി തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ പൂർത്തിയാകും : അഡ്വ.പഴകുളം മധു എം.എൽ.എ.

റാന്നി : ശബരിമല തീർത്ഥാടകരുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുന്നതിനായി ചാലക്കയം മുതൽ പമ്പ വരെയുള്ള പാതയിൽ കെ.എസ്.ഇ.ബി.യുടെ സ്ഥിരമായ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ജോലികള്‍ തീർത്ഥാടനം ആരംഭിക്കുന്നതിന് മുൻപ് പൂർത്തിയാക്കുമെന്ന് റാന്നി എം.എൽ.എ.അഡ്വ.പഴകുളം മധു അറിയിച്ചു. ചാലക്കയം മുതൽ പമ്പ വരെയുള്ള പ്രധാന ശബരിമല തീർത്ഥാടന പാതയിൽ ഇതുവരെയും തെരുവുവിളക്ക് സംവിധാനമില്ലാത്തത് തീർത്ഥാടകർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ വാഹനങ്ങൾ ബ്രേക്ക്‌ ഡൗൺ ആകുകയോ അപകടങ്ങൾ സംഭവിക്കുകയോ ചെയ്താൽ ഇരുട്ടിൽ മണിക്കൂറുകളോളം തീർത്ഥാടകർക്ക് കഴിയേണ്ട സാഹചര്യമുണ്ടായിരുന്നു.

ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനാണ് കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിൽ സ്ഥിരമായി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്.മുഖ്യമന്ത്രി വി.ഡി.സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും പങ്കെടുത്ത പമ്പ അവലോകന യോഗത്തിൽ റാന്നി എം.എൽ.എ. അഡ്വ.പഴകുളം മധു ഉന്നയിച്ച ആവശ്യത്തെ തുടർന്നാണ് ദേവസ്വം ബോർഡും വൈദ്യുതി വകുപ്പും ഏകോപിച്ച് പുതിയ വൈദ്യുതി ലൈൻ വലിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. പദ്ധതിയുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി അഡ്വ.പഴകുളം മധു എം.എൽ.എ. ചാലക്കയം – പമ്പ പാത സന്ദർശിച്ചു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തിയ എം.എൽ.എ. തീർത്ഥാടനം ആരംഭിക്കുന്നതിനുമുൻപ് തന്നെ പ്രവൃത്തി പൂർത്തീകരിക്കുന്ന തരത്തിൽ സമയബന്ധിതമായി പ്രവർത്തനങ്ങൾ നടത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ശബരിമല തീർത്ഥാടന കാലത്ത് രാത്രികാല യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളിൽ തീർത്ഥാടകർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും സ്ഥിരം തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത് ഏറെ സഹായകരമാകുമെന്ന് എം.എൽ.എ. പറഞ്ഞു. തീർത്ഥാടകരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി ശബരിമല പാതകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും അഡ്വ.പഴകുളം മധു എം.എല്‍.എ. അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  4. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  5. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

Share on WhatsApp

Share this story

ചാലക്കയം – പമ്പ പാതയിൽ സ്ഥിരമായി തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ പൂർത്തിയാകും : അഡ്വ.പഴകുളം മധു എം.എൽ.എ. pathanamthittamedia.com