ആന്‍റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി
പത്തനംതിട്ട : ആന്‍റിമൈക്രോബിയൽ റെസിസ്റ്റൻസ് ഉയർത്തുന്ന ആരോഗ്യ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നടത്തുന്ന ലോക ആന്‍റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ പോസ്റ്റർ പ്രകാശനവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ടി.കെ.രാമചന്ദ്രൻ നായർ നിർവഹിച്ചു. ആന്‍റിബയോട്ടിക്കുകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുന്നതിൽ പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ജിനു ജി.തോമസ് അധ്യക്ഷത വഹിച്ചു. ആന്‍റിബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി ആർജിക്കുന്നത് ലോകം നേരിടുന്ന പ്രധാന ആരോഗ്യ വെല്ലുവിളികളിലൊന്നാണ്.
ഡോക്ടറുടെ നിർദേശമില്ലാതെ ആന്‍റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതും നിർദേശിച്ച അളവിലും കാലയളവിലും മരുന്ന് കഴിക്കാതിരിക്കുന്നതും ആന്‍റിമൈക്രോബിയൽ റെസിസ്റ്റൻസ് വർധിക്കാൻ കാരണമാകുന്നു. നവംബർ 18 മുതൽ 24 വരെയാണ് ആന്‍റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരമായി ആചരിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രി അസിസ്റ്റന്‍റ് സർജൻ ഡോ.ലക്ഷ്മി ബാലരാമൻ ബോധവത്കരണ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.മാത്യു ജെ.വളാംപറമ്പിൽ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം മുരളി വേങ്ങഴ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെനി സൂസൻ മാത്യു, ശരണ്യ വിജയൻ, ഉണ്ണികൃഷ്ണൻ നായർ, ജോൺ ചാണ്ടി, ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ ആർ.ദീപ, എം.പി.ബിജുകുമാർ, കോയിപ്രം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.മഞ്ജിമ പൗലോസ് എന്നിവർ പങ്കെടുത്തു.
ആന്‍റിബയോട്ടിക്കുകളുടെ ശാസ്ത്രീയവും ഉത്തരവാദിത്തപരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിരോധശേഷിയുള്ള രോഗാണുക്കൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, ആരോഗ്യപ്രവർത്തകർ എന്നിവരിൽ അവബോധം ശക്തിപ്പെടുത്തുന്നതിനുമായി പൊയ്യാനിൽ നഴ്സിംഗ് കോളജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു. ആന്‍റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കുക, ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക, നിർദേശിച്ച അളവിലും കാലയളവിലും ചികിത്സ പൂർത്തിയാക്കുക, അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞതോ ആയ മരുന്നുകൾ അലക്ഷ്യമായി ഉപേക്ഷിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യമായി എടുക്കുക തുടങ്ങിയ ശീലങ്ങളിലൂടെ അണുബാധകൾ തടയാനും ആന്‍റിമൈക്രോബിയൽ റെസിസ്റ്റൻസ് നിയന്ത്രിക്കാനും സാധിക്കും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ
-
കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്





