Skip to content

വടശ്ശേരിക്കരയിൽ കാട്ടാനശല്യത്തിന് പരിഹാരമാകുന്നു : എ.ഐ. ക്യാമറകളും സീസ്മിക് സെൻസറുകളും സ്ഥാപിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

വടശ്ശേരിക്കര : വടശ്ശേരിക്കരയിലെ ജനവാസ മേഖലകളിൽ തുടർച്ചയായി കാട്ടാനകളിറങ്ങുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ആധുനിക സാങ്കേതികവിദ്യയും സംയുക്ത കർമപദ്ധതിയുമായി സർക്കാർ. ആനകളുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയുന്നതിനായി എ.ഐ. ക്യാമറകൾ, സീസ്മിക് സെൻസറുകൾ, തെർമൽ ഡ്രോൺ എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തിരമായി ഒരുക്കുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. വടശ്ശേരിക്കരയിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങിയതിനെത്തുടർന്നുള്ള സാഹചര്യം വിലയിരുത്തുന്നതിനും പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യുന്നതിനുമായി വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ചേർന്ന യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ആനകൾ സ്ഥിരമായി കടന്നുവരുന്ന പ്രധാന പാതകളിൽ സെൻസർ അലേർട്ട് സംവിധാനത്തോടുകൂടിയ രണ്ട് എ.ഐ. ക്യാമറകൾ ഉടൻ സ്ഥാപിക്കും. ഒരു കിലോമീറ്റർ ചുറ്റളവിൽ ആനയുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന സീസ്മിക് സെൻസറുകൾ മണ്ണിനടിയിൽ സ്ഥാപിക്കും. ആനകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി തെർമൽ ഡ്രോണും അടിയന്തിരമായി എത്തിക്കും.

നിലവിലുള്ള ഒറ്റവരി സോളാർ വേലി കാട്ടാനകളെ പ്രതിരോധിക്കാൻ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെത്തുടർന്ന് എട്ട് കിലോമീറ്റർ ദൂരത്തിൽ അഞ്ച് വരികളുള്ള പുതിയ സോളാർ വേലി സ്ഥാപിക്കും. ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. അടിയന്തിര സാഹചര്യങ്ങൾ ഏകോപിതമായി നേരിടുന്നതിന് വനംവകുപ്പ്, പോലീസ്, ഫയർഫോഴ്‌സ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. പരിചയസമ്പന്നരായ പ്രദേശവാസികളെയും വോളണ്ടിയർമാരായി സംഘത്തിൽ ഉൾപ്പെടുത്തും. ഇതിനായി വോളണ്ടിയർമാരുടെ പട്ടിക തയാറാക്കി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി.എഫ്.ഒ.യ്ക്ക് കൈമാറണം.ആനകൾ സ്ഥിരമായി എത്തുന്ന മേഖലകളിൽ രാത്രികാല പട്രോളിംഗിനും സോളാർ വേലിയുടെ അറ്റകുറ്റപ്പണികൾക്കുമായി രണ്ട് ഷിഫ്റ്റുകളിലായി വാച്ചർമാരെയും നിയോഗിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് വനംവകുപ്പിന്‍റെ തേക്ക് തോട്ടത്തിലെ വേലി മാറ്റാൻ കഴിയുന്ന ഭാഗങ്ങൾ നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനമായി.

വനാതിർത്തികളിൽ ആനകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ജൈവവേലികളായി നാരകം, മഞ്ഞൾ തുടങ്ങിയ കൃഷികൾ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനായി സർക്കാർ തലത്തിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ കേന്ദ്രങ്ങൾ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമായി എം.എൽ.എ.യുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് സർവകക്ഷി യോഗം ഉടൻ വിളിച്ചുചേർക്കാനും മന്ത്രി നിർദേശം നൽകി. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധി മറികടക്കാൻ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. ആന്‍റോ ആന്‍റണി എം.പി., പഴകുളം മധു എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി, ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ, സൗത്ത് സോൺ സി.സി.എഫ്. കെ.കാർത്തികേയൻ, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ഉഷ, റാന്നി ഡി.എഫ്.ഒ. കെ.അരുള്‍സെൽവൻ, ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

  4. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

  5. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

Share on WhatsApp

Share this story

വടശ്ശേരിക്കരയിൽ കാട്ടാനശല്യത്തിന് പരിഹാരമാകുന്നു : എ.ഐ. ക്യാമറകളും സീസ്മിക് സെൻസറുകളും സ്ഥാപിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ pathanamthittamedia.com