Skip to content

നായക്കൂട്ടിലാക്കി ഒരടി താഴ്ചയിൽ കുഴിച്ചുമൂടി ; പിഞ്ച് കുഞ്ഞിന് 24 മണിക്കൂറിനുശേഷം അദ്ഭുത രക്ഷപെടൽ ; പിതാവ് പിടിയിൽ

സൗത്ത് കാരോലൈന : യുഎസിലെ സൗത്ത് കാരോലൈനയിൽ കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞിനെ വനപ്രദേശത്ത് നായക്കൂട്ടിലാക്കി മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ടവ്വലിൽ പൊതിഞ്ഞ് കമ്പിവല കൊണ്ടുള്ള നായക്കൂട്ടിനുള്ളിലാക്കി, ഒരടിയോളം താഴ്ചയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. വിപുലമായ തെരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോഴേക്കും കുഞ്ഞ് മണ്ണിനടിയിൽ ഏകദേശം 24 മണിക്കൂറോളം പിന്നിട്ടിരുന്നതായി അധികൃതർ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നെങ്കിലും കരയുന്നുണ്ടായിരുന്നുവെന്ന് ലെക്സിംഗൂൺ കൗണ്ടി ഷെരീഫ് ജെയ് കൂൻ പറഞ്ഞു. ‘ജീവനുവേണ്ടി മല്ലിട്ട് 11 മാസം മാത്രം പ്രായമുള്ള ആ പിഞ്ചോമന കരയുകയായിരുന്നു. ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഇത്രയേറെ സന്തോഷം തോന്നിയ മറ്റൊരു നിമിഷം ജീവിതത്തിലുണ്ടായിട്ടില്ല’ – ഷെരീഫ് ജെയ് കൂൻ വികാരാധീനനായി പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് കോവ ഷാർപ്പ് എന്ന കുഞ്ഞിനെ കാണാതാകുന്നത്. മുത്തശ്ശി അത്യാവശ്യ കാര്യത്തിനായി പുറത്തുപോയപ്പോൾ കുഞ്ഞിനെ നോക്കാനായി പിതാവ് മൈക്കൽ കോമർ (25) വീട്ടിലെത്തിയിരുന്നു. എന്നാൽ പിന്നീട് കോമറിനെയും കുഞ്ഞിനെയും കാണാതായിരുന്നു. അന്വേഷണത്തിൽ മൈക്കൽ കോമറെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കുഞ്ഞ് എവിടെയെന്ന് ഇയാൾ വെളിപ്പെടുത്തിയില്ല. തുടർന്ന് നൂറോളം പോലീസുകാരും എമർജൻസി റെസ്‌ക്യൂ പ്രവർത്തകരും തെരച്ചിൽ ആരംഭിച്ചു. കുഞ്ഞിന്റെ മുത്തശ്ശന്റെ വീടിന് ഏകദേശം 45 മീറ്റർ അകലെയുള്ള കാട്ടിൽ പുതുതായി മണ്ണ് വെട്ടിയിളക്കിയ നിലയിൽ അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. രക്ഷാപ്രവർത്തകർ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയതോടെ, അടക്കം ചെയ്ത കൂട്ടിനുള്ളിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടു. കുഞ്ഞിനെ പുറത്തെടുത്ത ഉദ്യോഗസ്ഥർ ഉടൻതന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊതിഞ്ഞിരുന്ന ടവ്വൽ കുഞ്ഞിന് ശ്വാസമെടുക്കാനാവുംവിധം വായുസഞ്ചാരം നൽകിയിരിക്കാമെന്നും, അതാവാം കുഞ്ഞിന്റെ ജീവൻ നിലനിർത്തിയതെന്നും ഷെരീഫ് കൂൻ വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ

  3. ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്

  4. ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

  5. നെതന്യാഹുവിന്റെ പരാജയത്തിൽ യൂത്ത് ലീഗിന് പങ്കെന്ന് മന്ത്രി കെഎം ഷാജി

Share on WhatsApp

Share this story

നായക്കൂട്ടിലാക്കി ഒരടി താഴ്ചയിൽ കുഴിച്ചുമൂടി ; പിഞ്ച് കുഞ്ഞിന് 24 മണിക്കൂറിനുശേഷം അദ്ഭുത രക്ഷപെടൽ ; പിതാവ് പിടിയിൽ pathanamthittamedia.com