ചക്കുളത്തുകാവ് പൊങ്കാല : സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങൾ
തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നവംബർ 24 ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയന്ത്രണം, ശുദ്ധജല വിതരണം, ആരോഗ്യസംരക്ഷണം തുടങ്ങിയവയ്ക്കുമായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. തിരുവല്ല സബ് കളക്ടർ പാർവതി ഗോപകുമാറിന്റെ അധ്യക്ഷതയിൽ റവന്യൂ ഡിവിഷണൽ ഓഫീസിൽ ചേർന്ന അവലോകന യോഗത്തിലാണ് വിവിധ വകുപ്പുകൾക്ക് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. നവംബർ 22 മുതൽ 24 വരെ ക്ഷേത്ര പരിസരത്തും തിരുവല്ല, പൊടിയാടി മേഖലകളിലും സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാൻ പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പൊടിയാടി ജംഗ്ഷനിൽ താത്കാലിക പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കും.
നവംബർ 23, 24 തീയതികളിൽ ക്ഷേത്രപരിസരത്തും പൊങ്കാല കടന്നുപോകുന്ന വഴികളിലുമുള്ള മദ്യഷാപ്പുകൾ അടച്ചിടുന്നതിനും മത്സ്യമാർക്കറ്റ്, അറവുശാല എന്നിവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. വ്യാജമദ്യ വിൽപ്പന തടയാൻ എക്സൈസ് പ്രത്യേക സ്ക്വാഡിനെയും നിയോഗിക്കും. ഭക്തജനങ്ങളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി. വിവിധ ഡിപ്പോകളിൽനിന്ന് പ്രത്യേക സർവീസുകൾ നടത്തും. തിരുവല്ല ഡിപ്പോയിൽനിന്ന് നവംബർ 23, 24 തീയതികളിൽ രാത്രിയിലും ചെയിൻ സർവീസുകൾ ഏർപ്പെടുത്തും. തിരുവല്ല ബസ് സ്റ്റാൻഡിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഇൻഫർമേഷൻ കൗണ്ടറും പ്രവർത്തിക്കും. പൊങ്കാല നടക്കുന്ന പ്രദേശങ്ങളിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണവും തെരുവുവിളക്കുകളുടെ പ്രവർത്തനവും കെ.എസ്.ഇ.ബി. ഉറപ്പാക്കും.
ക്ഷേത്രപരിസരത്തും തിരുവല്ല – എടത്വാ പാതയിലും നവംബർ 22 മുതൽ തുടർച്ചയായി ശുദ്ധജലം ലഭ്യമാക്കും. ഇതിനായി താത്കാലിക ടാപ്പുകൾ സ്ഥാപിക്കുന്നതിനും ടാങ്കർ ലോറികളിൽ വെള്ളം വിതരണം ചെയ്യുന്നതിനും വാട്ടർ അതോറിറ്റി ക്രമീകരണം നടത്തും. കറ്റോട് നിന്നുള്ള പമ്പിങ്ങും തടസ്സമില്ലാതെ തുടരും. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനയുടെ സേവനം ലഭ്യമാക്കും. തിരുവല്ല ഗവൺമെന്റ് ആശുപത്രിയിലും ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അടിയന്തിര ചികിത്സാ സൗകര്യങ്ങളും ആംബുലൻസ് സേവനവും ഒരുക്കും. ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ ജീവനക്കാരെയും സാമഗ്രികളെയും ലഭ്യമാക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
ഭക്തജനങ്ങൾക്കുള്ള വാഹന പാർക്കിംഗിനായി തിരുവല്ല നഗരസഭാ മൈതാനം സൗജന്യമായി വിട്ടുനൽകും. നഗരസഭയും നെടുമ്പ്രം ഗ്രാമപഞ്ചായത്തും പ്രദേശത്തെ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി നടപടികൾ സ്വീകരിക്കണമെന്ന് സബ് കളക്ടർ നിർദേശം നല്കി. യോഗത്തിൽ തിരുവല്ല നഗരസഭാ ചെയർപേഴ്സൺ എസ്.ലേഖ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാലചന്ദ്രൻ, തിരുവല്ല ഡി.വൈ.എസ്.പി. സന്തോഷ് കുമാർ, ചക്കുളത്തുകാവ് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ജനറൽ കൺവീനർ അജിത്ത് പിഷാരത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി





