Skip to content

പത്തനംതിട്ട നഗരത്തിൽ ദിശയറിയാതെ അയ്യപ്പ ഭക്തർ : വഴിയറിയാന്‍ ബോർഡുകളില്ല

പത്തനംതിട്ട : ശബരിമല തീർത്ഥാടന കാലത്ത് പത്തനംതിട്ട നഗരത്തിലെത്തുന്ന അയ്യപ്പ ഭക്തര്‍ ദിശയറിയാതെ കുഴയുന്നു. ആവശ്യത്തിന് ദിശാസൂചനാ ബോർഡുകളും ട്രാഫിക് സിഗ്നൽ സംവിധാനങ്ങളും ഇല്ലാത്തതാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തുന്ന തീർത്ഥാടകരെ വലയ്ക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ റിംഗ് റോഡിൽ പ്രവേശിക്കുമ്പോൾ ഏത് ദിശയിലേക്ക് പോകണമെന്നറിയാതെ ആശയക്കുഴപ്പത്തിലാകുകയാണ്. പ്രധാന സ്ഥലങ്ങളിലേക്കുള്ള വഴികൾ വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പലരും വഴിയറിയാൻ വാഹനങ്ങൾ നിർത്തി നാട്ടുകാരോടും വഴിയാത്രക്കാരോടും ചോദിക്കേണ്ട അവസ്ഥയിലാണ്. നിലവിലുള്ള ദിശാസൂചനാ ബോർഡുകളിലെ അക്ഷരങ്ങൾ മാഞ്ഞുപോയതും തിരിച്ചടിയാകുന്നു. രാത്രികാലങ്ങളിലാണ് തീർത്ഥാടകർ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.

റിംഗ് റോഡിന്റെ  പല ഭാഗങ്ങളിലും മതിയായ സ്ട്രീറ്റ് ലൈറ്റുകളില്ല. വഴിയറിയാതെ എത്തുന്നവർക്ക് സഹായം തേടാൻ വഴിയാത്രക്കാരും സമീപത്തില്ലെങ്കിൽ വാഹനം റോഡരികിൽ ഒതുക്കിനിർത്തി കാത്തിരിക്കേണ്ടിവരുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയുടെ ആസ്ഥാന നഗരമായ പത്തനംതിട്ടയിൽ തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ സംവിധാനങ്ങളുടെ അഭാവം അപകടസാധ്യത വർധിപ്പിക്കുന്നതായും യാത്രക്കാര്‍ ചൂണ്ടികാട്ടുന്നു. അതേസമയം വെട്ടിപ്രം ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. നാലു ഭാഗങ്ങളിലേക്ക് റോഡുകൾ തിരിയുന്ന ഇവിടെ വാഹനത്തിരക്ക് ഏറെയാണ്.

ചെങ്ങന്നൂർ, തിരുവല്ല ഭാഗങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളും ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമായതോടെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും സാധ്യത വർധിക്കുകയാണ്. വെട്ടിപ്രം ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും സ്ഥലത്തെക്കുറിച്ച് വ്യക്തമായ പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ആവശ്യമുയരുന്നു. റിംഗ് റോഡിൽ ആവശ്യമായ ദിശാസൂചനാ ബോർഡുകൾ സ്ഥാപിക്കുകയും സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവർത്തനക്ഷമമാക്കുകയും നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യണമെന്നാണ് തീർത്ഥാടകരുടെ ആവശ്യം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

പത്തനംതിട്ട നഗരത്തിൽ ദിശയറിയാതെ അയ്യപ്പ ഭക്തർ : വഴിയറിയാന്‍ ബോർഡുകളില്ല pathanamthittamedia.com