പത്തനംതിട്ട പരിപൂര്‍ണ സാക്ഷരതയിലേക്ക് ; അക്ഷരപൂര്ണിമ പദ്ധതിക്ക് തുടക്കമായി
പത്തനംതിട്ട: ജില്ലയെ പരിപൂര്‍ണ സാക്ഷരതയിലേക്ക് നയിക്കുന്നതിനായി ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷരപൂര്ണിമ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ കര്‍മപദ്ധതി ആസൂത്രണ ശില്‍പ്പശാല കളക്ടറേറ്റ് ഗവി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. അക്ഷരപൂര്ണിമയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. 2011ലെ സെന്‍സസ് പ്രകാരം പത്തനംതിട്ട ജില്ലയിലെ സാക്ഷരതാ നിരക്ക് 96.93 ശതമാനമായിരുന്നു. 2023-24ലെ കേന്ദ്രസര്‍ക്കാര്‍ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം ഇത് 97.44 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കിടപ്പുരോഗികള്‍, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, കാഴ്ചപരിമിതിയുള്ളവര്‍, അബോധാവസ്ഥയിലുള്ളവര്‍ തുടങ്ങിയവരെ ഒഴിവാക്കി ജില്ലയില്‍ പരിപൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നവംബര്‍ 25നകം ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ സംഘാടകസമിതികള്‍ രൂപീകരിക്കും. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണം തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നവംബര്‍ 30നകം പൂര്‍ത്തിയാക്കും. ഡിസംബര്‍ ഒന്നിന് ജില്ലാതല ഉദ്ഘാടനവും ഡിസംബര്‍ രണ്ടിനും അഞ്ചിനും ഇടയില്‍ പഞ്ചായത്ത്, നഗരസഭാ തല ഉദ്ഘാടനങ്ങളും നടക്കും. പദ്ധതിയുടെ ഭാഗമായി പഠിതാക്കള്‍ക്ക് സാക്ഷരതാ പാഠപുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും. നിരക്ഷരരെ പഠിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന സന്നദ്ധ അധ്യാപകര്‍ക്ക് പരിശീലനവും നല്‍കും. മാര്‍ച്ച് ഒന്നിന് മികവുത്സവം സംഘടിപ്പിക്കും. പഞ്ചായത്ത്, നഗരസഭാ തല പരിപൂര്‍ണ സാക്ഷരതാ പ്രഖ്യാപനം മാര്‍ച്ച് അഞ്ചിനും 15നും ഇടയിലും ബ്ലോക്ക് തല പ്രഖ്യാപനം മാര്‍ച്ച് 16നും 20നും ഇടയിലും ജില്ലാതല പ്രഖ്യാപനം മാര്‍ച്ച് 25നും നടത്താനാണ് തീരുമാനം.
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് രണ്ടുമുതല്‍ നാലുവരെ നടക്കുന്ന ബാഹ്യ മൂല്യനിര്‍ണയത്തില്‍ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമേ സാക്ഷരതാ പ്രഖ്യാപനത്തില്‍ ഉള്പ്പെടാനാകൂ. പദ്ധതിക്കായി ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍, ജില്ലാ പഞ്ചായത്ത് എന്നിവ ഫണ്ട് നീക്കിവെയ്ക്കും. പദ്ധതിയിലൂടെ സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് നാലാം, ഏഴാം, പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളില്‍ തുടര്‍പഠനത്തിന് അവസരം ലഭിക്കും. സാക്ഷരതാ ക്ലാസുകള്‍ നയിക്കുന്ന സന്നദ്ധ അധ്യാപകര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ ലേഖ എസ്., പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, സാക്ഷരതാ മിഷന് ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സിംല ആര്. എന്നിവര്‍ സംസാരിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു





