Press release
ശബരിമല തീർത്ഥാടനകാലത്ത് വീഴ്ചകളുണ്ടായാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ദേവസ്വം ബോർഡ് ഭരണസമിതിക്ക് : തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്
തിരുവനന്തപുരം : ശബരിമല തീർത്ഥാടനകാലത്ത് വീഴ്ചകളുണ്ടായാല്‍ അതിന്റെ പൂർണ്ണ ഉത്തരവാദി ദേവസ്വം ബോർഡ് ഭരണസമിതിയായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി അറിയിച്ചു. ശബരിമല തീർത്ഥാടനകാലം സുഗമമായും തടസ്സരഹിതമായും നടത്തുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് മാസങ്ങൾക്ക് മുൻപുതന്നെ ദേവസ്വം ബോർഡ് പ്രസിഡണ്ടിന് രേഖാമൂലം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ലേല നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുക, നെയ്യുടെ ലഭ്യത ഉറപ്പാക്കുക, അനാവശ്യമായ സാമ്പത്തിക ധൂർത്തും ചെലവുകളും ഒഴിവാക്കുക, ദേവസ്വം ജീവനക്കാരുടെ മെസ്സ് നടത്തിപ്പ് കാര്യക്ഷമമാക്കുക, പര്യാപ്തമായ രീതിയിൽ അരവണ ടിന്നുകളുടെ കരുതൽ ശേഖരം ഉറപ്പാക്കുക തുടങ്ങിയ നിര്‍ണ്ണായകമായ വിഷയങ്ങളാണ് സംഘടന അന്ന് ചൂണ്ടിക്കാട്ടിയത്.
ഇവയിൽ വീഴ്ചയുണ്ടായാൽ തീർത്ഥാടനകാലത്തെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ശ്രദ്ധയിലും കൊണ്ടുവന്നിരുന്നു. മുന്നൊരുക്കങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡണ്ടിനോട് നേരിട്ടും ഫോണിലൂടെയും പലതവണ ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നിട്ടും ഈ നിർദേശങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ബോർഡ് നേതൃത്വം പരാജയപ്പെട്ടുവെന്നത് ഇപ്പോഴത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രസ്താവനയല്ലാതെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള കൃത്യമായ നടപടികളെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ബോർഡ് പ്രസിഡണ്ടിന് കഴിഞ്ഞിട്ടില്ല.
നിലയ്ക്കലിൽ മുഖ്യമന്ത്രി സന്ദർശനം നടത്തിയപ്പോൾ പാർക്കിംഗ് ഗ്രൗണ്ടുകളിലേക്കുള്ള റോഡുകൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇന്നും പല ഭാഗങ്ങളും ചെളി നിറഞ്ഞ അവസ്ഥയിലാണ്. ആവശ്യമായ മരാമത്ത് ജോലികൾ പോലും സമയബന്ധിതമായി പൂർത്തീകരിച്ചിട്ടില്ല. കഴിഞ്ഞ മാസപൂജാ കാലയളവിൽ പൂർത്തിയാകുമെന്ന് അറിയിച്ചിരുന്ന അരവണ പ്ലാന്റിലെ പുതിയ നിർമ്മാണ പ്രവർത്തനങ്ങളും ഇനിയും പൂർത്തിയായിട്ടില്ല. അരവണ നിർമ്മാണത്തിനാവശ്യമായ നെയ്യുടെ സ്റ്റോക്ക് തീരാറായിട്ടും പുറത്തുനിന്ന് നെയ്യ് വാങ്ങുന്നതിനുള്ള കരാർ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. ഇത് അരവണ ഉത്പാദനത്തെയും വിതരണത്തെയും ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങളിൽ പോലും സമയബന്ധിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയാത്തത് ഭരണപരമായ വീഴ്ചയാണ്. ഒരു ദിവസം മാത്രം നടതുറന്ന ചിത്തിര ആട്ടത്തിരുനാൾ ദിനത്തിൽപ്പോലും അപ്പം തീർന്നുപോയതും ഭക്തർക്ക് മറ്റ് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നതും മുന്നൊരുക്കങ്ങളുടെ അപര്യാപ്തതയുടെ വ്യക്തമായ സൂചനയാണ്. തീർത്ഥാടകരുടെ തിരക്ക് ഇനിയും വർധിക്കാനിരിക്കെ ഇത്തരം അനുഭവങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണ്. ശബരിമല തീർത്ഥാടനകാലം ഓരോ വർഷവും ദേവസ്വം ബോർഡിന് മുന്നിലുള്ള വലിയ ഉത്തരവാദിത്വമാണ്. ഇതിന് ആവശ്യമായ തയാറെടുപ്പുകൾ മാസങ്ങൾക്ക് മുൻപുതന്നെ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ സംഘടനയും സർക്കാർ നേതൃത്വവും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്ന ബോർഡ് ഭരണസമിതിയുടെ സമീപനം അങ്ങേയറ്റം നിരുത്തരവാദപരമാണ്. ഈ സാഹചര്യത്തിൽ തീർത്ഥാടനകാല മുന്നൊരുക്കങ്ങളിലെ വീഴ്ചകളിലും അനാസ്ഥയിലും തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
വരാനിരിക്കുന്ന തീർത്ഥാടനകാലത്ത് അരവണ ഉത്പാദനം, നെയ്യ് വിതരണം, അപ്പം ലഭ്യത, ഗതാഗത സൗകര്യങ്ങൾ, ശുചിത്വം, ജീവനക്കാരുടെ ഭക്ഷണ ക്രമീകരണം തുടങ്ങി ഏതെങ്കിലും മേഖലയിൽ പ്രതിസന്ധികളുണ്ടായാൽ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുന്നൊരുക്കങ്ങളിൽ വീഴ്ച വരുത്തിയ ദേവസ്വം ബോർഡ് പ്രസിഡണ്ടിനും ഭരണസമിതിക്കുമായിരിക്കും. ഭരണപരമായ വീഴ്ചകൾ മറച്ചുവയ്ക്കുന്നതിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനുമായി തീർത്ഥാടനകാലത്തുണ്ടാകുന്ന പ്രശ്നങ്ങളെല്ലാം ജീവനക്കാരുടെ അനാസ്ഥയായി ചിത്രീകരിക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ല. പരിമിതമായ സാഹചര്യങ്ങളിലും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാരെ ബലിയാടാക്കാൻ അനുവദിക്കില്ല. ഈ അവസാന മണിക്കൂറുകളിലെങ്കിലും ശബരിമല തീർത്ഥാടനത്തിന്റെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം ബോർഡ് തയാറാകണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഭരണം മാറിയപ്പോള്‍ ആര്.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം
-
മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു
-
’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി
-
ട്രെയിനിൽ ലൈംഗികാതിക്രമം , ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി ; യുവാവ് പിടിയിൽ
-
സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവുമായുള്ള ഭിന്നത രൂക്ഷമായി ; മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സോണിയ





