ഓപ്പറേഷൻ സൈ ഹണ്ട് : പത്തനംതിട്ടയിൽ 10 കേസുകളിലായി അഞ്ചുപേർ അറസ്റ്റിൽ
പത്തനംതിട്ട : മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളും നിയമവിരുദ്ധ പണമിടപാടുകളും തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ വ്യാപക പരിശോധന. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആറന്മുള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടുപേരാണ് അറസ്റ്റിലായത്. സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ ലഭിക്കുന്ന പണം മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറുന്നവരെയും നിയമവിരുദ്ധ പണമിടപാടുകളിൽ ഏർപ്പെടുന്നവരെയും കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ രഹസ്യവിവര ശേഖരണത്തിൽ 14 നിര്‍ണ്ണായക വിവരങ്ങൾ ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളെ ഏകോപിപ്പിച്ചാണ് പരിശോധന നടത്തിയത്. സൈബർ പോലീസ് സ്റ്റേഷന്റെയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെയും സംയുക്ത നേതൃത്വത്തിലായിരുന്നു നടപടി. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും ആറന്മുളയിൽ രണ്ടുകേസുകളും രജിസ്റ്റർ ചെയ്തു. അടൂർ, കൂടൽ, തണ്ണിത്തോട്, ചിറ്റാർ, റാന്നി, പുളിക്കീഴ് സ്റ്റേഷനുകളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കിടങ്ങന്നൂർ സ്വദേശികളായ അർജുൻ പി.ഗോപി (23), അലീഫ് ഖാൻ (25) എന്നിവരാണ് അറസ്റ്റിലായത്. കിടങ്ങന്നൂർ പി.കെ.ഗോപിയുടെ മകനാണ് അർജുൻ. വല്ലന കിടങ്ങന്നൂർ സ്വദേശിയായ അലീഫ് മൻസിലിൽ ഖാന്റെ മകനാണ് അലീഫ് ഖാൻ. അർജുന്റെ പേരിലുള്ള ഗ്രാമീൺ ബാങ്ക് അക്കൗണ്ട് സാമ്പത്തിക ഇടപാടുകൾക്കായി മറ്റൊരാൾക്ക് കൈമാറിയതുമായി ബന്ധപ്പെട്ടാണ് കേസ്.
2015 ൽ ആരംഭിച്ച അക്കൗണ്ട് ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. ഒരു മാസം മുമ്പ് സുഹൃത്തായ അലീഫ് ഖാന്റെ നിർദ്ദേശപ്രകാരം എറണാകുളത്ത് യൂബർ ടാക്സി ഓടിക്കുന്ന ഇടുക്കി സ്വദേശിക്ക് ഉപയോഗിക്കാനായി അക്കൗണ്ടിന്റെ പാസ് ബുക്ക്, എ.ടി.എം. കാർഡ്, പുതിയ സിം കാർഡ് എന്നിവ കൈമാറിയെന്നാണ് പോലീസ് കണ്ടെത്തൽ. തുടർന്ന് ഒരു മാസത്തിനുള്ളിൽ അക്കൗണ്ടിലൂടെ നിരവധി തുകകൾ കൈമാറ്റം ചെയ്യപ്പെട്ടതോടെ സംശയം തോന്നിയ ബാങ്ക് അധികൃതർ അർജുനെ വിവരമറിയിക്കുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നവരെയും അക്കൗണ്ടുകൾ കൈമാറുന്നവരെയും കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ
-
കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ
-
ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു
-
തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍





